Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശവാസനം

രാവിലത്തെ അരമണിക്കൂർ നേരമുള്ള നടത്തം... ഏറ്റവും നല്ല വ്യായാമം. ഒരാഴ്ച പിന്നിട്ടപ്പോൾ കൂട്ടിനു വന്ന സുഹൃത്തിനു മറ്റെന്തൊക്കെയോ തിരക്കുകൾ. നടത്തം മുടങ്ങി.   അങ്ങനെയിരിക്കെ അസഹ്യമായിക്കൊണ്ടിരിക്കുന്ന ചുമൽ വേദനക്കും ഉപ്പൂറ്റി വേദനക്കും ചികിത്സ തേടി ആയുർവേദ ഡോക്ടറുടെ അടുത്ത് എത്തി. അദ്ദേഹത്തിന്റെ വിദഗ്‌ധോപദേശം ഇപ്രകാരമായിരുന്നു.
'യോഗ ഒരു ശീലമാക്കൂ. അത് ജീവിതം തന്നെ മാറ്റിമറിക്കും..' 
പിന്നെ ഒന്നും നോക്കിയില്ല. നേരെ യോഗാ ക്ലാസിലേക്ക്...  മൂന്നാലു ദിവസം പിന്നിട്ടപ്പോൾ ഒറ്റക്കുള്ള യോഗാ ക്ലാസ് ബോറായിത്തോന്നിയതോടെ അതവസാനിപ്പിച്ചു. 
എങ്കിലും ഡോക്ടറുടെ വാക്കുകൾ: വ്യായാമം ആരോഗ്യത്തിന് അത്യന്താപേക്ഷിതം.
ഇത് ഇടക്കിടെ മനസ്സിനെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. മനസ്സിലൊരു ഐഡിയ തോന്നി. ചെറുപ്പത്തിൽ പകുതിവെച്ച് നിന്നുപോയ നൃത്തം ആയാലോ.. ശിക്ഷണത്തിനു പുറത്തെങ്ങും പോവേണ്ടതും ഇല്ല. നൃത്താധ്യപികയായ ബന്ധുവിനോട് ആഗ്രഹം അറിയിച്ചപ്പോൾ സമപ്രായക്കാരായ കുറച്ചു പേരെക്കൂടി സംഘടിപ്പിച്ചു വരൂ എന്ന ഉപദേശം നൽകി. സുഹൃത്തുക്കളെ സമീപിച്ചപ്പോൾ താൽപര്യമുള്ളവർക്കോ സമയമില്ല.... സമയമുള്ളവർക്കാകട്ടെ ആകെ ഒരു ജാള്യത... 
- ഈ പ്രായത്തിലോ.. നാട്ടുകാർ എന്തു പറയും? അങ്ങനെ അതും മുടങ്ങി. എങ്കിലും മനസ്സ് മടുത്തില്ല. മനസ്സിന് ആനന്ദവും സംതൃപ്തിയും നൽകുന്ന കാര്യങ്ങളിലൂടെയുള്ള വ്യായാമം ചെയ്താലാണ് യഥാർഥ ഫലം കിട്ടുക എന്നു തോന്നി. പണ്ട് ചെറിയ ക്ലാസിൽ നൃത്തം പഠിപ്പിച്ച രവി മാഷിനേയും തിരുവാതിര പഠിപ്പിച്ച ഓമന ആശാത്തിയെയും  മനസാ സ്മരിച്ചുകൊണ്ട് അടച്ചിട്ട മുറിയിൽ പഴയ ആ ചുവടുകളൊക്കെ ഓർത്തെടുത്ത് പ്രാക്ടീസ് തുടങ്ങി. ഇടക്ക് നൃത്താധ്യാപികയായ ബന്ധുവിനെ കണ്ടപ്പോൾ ഈ സന്തോഷവും പങ്കുവെക്കാൻ മറന്നില്ല. സുസ്‌മേരവദനയായി വിശേഷങ്ങൾ പറഞ്ഞുനിന്ന ടീച്ചറുടെ മുഖത്ത് വല്ലാത്തൊരു ഗൗരവം. ടീച്ചറുടെ വാക്കുകൾ: 'തനിയെ പ്രാക്ടീസ് ചെയ്യുകയോ... ശിവ, ശിവ... ഒരു ഗുരുവിന്റെ അനുഗ്രഹവും ശിക്ഷണവും ഇല്ലാതെ തനിയെ ഒരിക്കലും ഇതൊന്നും അഭ്യസിക്കാൻ പാടുള്ളതല്ല.
അതോടെ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. 
അപ്പോഴേക്കും നാട്ടിലെ പരോൾ കഴിഞ്ഞ് വീണ്ടും തിരികെ. പ്രവാസ ജീവിതത്തിലെ പകൽ നേരങ്ങളിലെ ഏകാന്തതയെ കൊല്ലാൻ ഗൂഗിളിലും യൂട്യൂബിലേക്കും തിരിഞ്ഞു. പിന്നെ എയ്‌റോബിക്‌സിലേക്ക് ഒരു എടുത്തുചാട്ടം എന്നു വേണമെങ്കിൽ പറയാം.   
സുമാ റിയോ എന്ന മദാമ്മയുടെ അനുഗ്രഹവും മനസാ വാങ്ങി അവരുടെ വ്യായാമത്തിനൊപ്പം തുടങ്ങി. 
നല്ല താളം... വേഗം തന്നെ കുറെ ചുവടുകൾ പഠിച്ചെടുത്തു. ക്ലാസിക്കൽ ഡാൻസ് എന്ന മോഹം തൽക്കാലം ഉപേക്ഷിച്ച്   എയ്‌റോബിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതുപോലെയുള്ള ശ്രമങ്ങൾക്ക് ഏറ്റവും പറ്റിയ ഇടം പ്രവാസജീവിതം എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. അങ്ങനെ വിരസമായ പകലുകളെ എയ്‌റോബിക്‌സ് എക്‌സർസൈസ് കൊണ്ട് ജീവനുള്ളവയാക്കി. 
ആരംഭശൂരത്വം എന്നു പറഞ്ഞു പരിഹസിച്ച കൂട്ടാളി സ്ഥിരം പ്രകടനം കണ്ട് മെല്ലെ പ്രോത്സാഹിപ്പിക്കാനും തുടങ്ങി. അങ്ങനെ പോകവേ കുറച്ചകലെ താമസമുള്ള മറ്റൊരു പ്രവാസി സുഹൃത്ത് കുറേക്കാലങ്ങൾക്കു ശേഷം ഫോണിൽ വിളിച്ച് പരസ്പരമുള്ള കുശലാന്വേഷണങ്ങൾക്കിടയിൽ തന്റെ കൺട്രോളിലൊതുങ്ങാതെ പോകുന്ന ശരീരഭാരത്തെപ്പറ്റി സങ്കടം പറഞ്ഞു. ഇഷ്ടംപോലെ വീട്ടുജോലികൾ ചെയ്യുന്ന നല്ല അടക്കവും ഒതുക്കവുമുള്ള കുലീനയായ വീട്ടമ്മയാണീ സുഹൃത്ത്. വളരെ ഓർത്തഡോക്‌സ് മൈൻഡുള്ള ഒരു വ്യക്തി. സുഹൃത്തിനോട് മടിച്ചു മടിച്ചാണെങ്കിലും ഇത്തിരി ശങ്കയോടെ ഇന്നുവരെ ആരോടും വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ എയ്‌റോബിക്‌സ് രഹസ്യം പങ്കുവെച്ചു. സുഹൃത്ത് എങ്ങനെ ഇതിനെ ഉൾക്കൊള്ളും എന്ന ആകാംക്ഷയോടെ. സുഹൃത്തിന്റെ തിരിച്ചുള്ള മറുപടി കേട്ട് അക്ഷരാർഥത്തിൽ കുറേ നേരത്തേക്ക് ശബ്ദം നിലച്ചുപോയി. തിരിച്ചു ശബ്ദം കേൾക്കാഞ്ഞതാവാം.
ഹലോ, കേൾക്കുന്നില്ലേ, കട്ടായോ...
എന്നു ചോദിക്കുമ്പോൾ പരിസരബോധം വീണ്ടെടുത്ത്  ഹലോ എന്നു തിരികെപ്പറഞ്ഞു. സുഹൃത്ത് ബിപാഷാ ബസുവിന്റെ എക്‌സർസൈസ് ആണത്രേ ചെയ്യുന്നത്. ഈയിടെയായി ഇത്തിരി തിരക്കേറിയതിനാൽ ഇതു മുടങ്ങിപ്പോയതാണ് ശരീരഭാരം കൂടാൻ കാരണം. ബോളിവുഡ് ഒന്നും അത്ര പിടിയില്ലാത്ത ഈയുള്ളവൾ  അന്തംവിട്ടതിൽ അതിശയിക്കാനുണ്ടോ... എന്നാലും ബിപാഷാ ബസു എന്ന ആ പേര്, അതിൽ എന്തോ.... ഒരു ഇത് ഇല്ലേ?  അതെന്താണാവോ....? എങ്കിലും സുഹൃത്തിനോട് മറുത്തൊന്നും ചോദിച്ചില്ല. നെറ്റിൽ ബിപാഷാ ബസു എന്നടിച്ചാൽ മതിയെന്ന ഉപദേശം നൽകി സുഹൃത്ത് ഫോൺ കട്ട് ചെയ്തു .
സുഹൃത്തിന്റെ ഉപദേശം കേട്ട് എത്ര നേരം ചിന്താധീനയായി ഇരുന്നു പോയതെന്നോർമയില്ല. 
ബിപാഷാ ബസു... മനസ്സിൽ ചെറിയൊരു കല്ലുകടി തോന്നിയ  ആ പേര് ചുമ്മാ ഗൂഗിളിൽ ടൈപ്പ് ചെയ്തു. ഓ... മൈ ഗോഡ്.. അവർ അഭിനയിച്ച സൂപ്പർഹിറ്റ് പടങ്ങളിലെ ചില ഫോട്ടോസ്. നെഞ്ചിടിപ്പ് കൂടി വരുന്നതറിഞ്ഞ് വേഗം തന്നെ അതിൽനിന്ന്  ക്വിറ്റ് ചെയ്തു.
ഒരാഴ്ചക്ക് ശേഷം ഈ സുഹൃത്ത് വീണ്ടും വിളിച്ചപ്പോൾ ബിപാഷാ ബസുക്കാര്യം പറഞ്ഞു. സെർച്ച് ചെയ്തപ്പോൾ ഫോട്ടോസ് ഒക്കെ ആകെ ഹോട്ട് എന്നു പറഞ്ഞപ്പോൾ സുഹൃത്ത് കുറേ നേരം ചിരിച്ചു. എന്നിട്ടു പറഞ്ഞു: 'ബിപാഷാ ബസു വർക്ക് ഔട്ട് 15 മിനിറ്റ് എന്നടിക്കൂ...'
ആളിത്ര മോഡേണാണെന്നു കരുതിയില്ലല്ലോ എന്നു പറഞ്ഞപ്പോൾ സുഹൃത്ത് വീണ്ടും ചിരിച്ചു. 
എയ്‌റോബിക്‌സ് വിട്ട് ഇതൊന്നു ശ്രമിച്ചു നോക്കൂ
എന്ന ഉപദേശം നൽകി ഫോൺ കട്ട് ചെയ്തു.
വീണ്ടും ഗൂഗിളിൽ ബിപാഷാ ബസു വർക്ക് ഔട്ട് 15 മിനിറ്റ് എന്നു ടൈപ്പ് ചെയ്തു. നല്ല കിടിലൻ വർക്ക് ഔട്ട്.  അപ്പോഴേക്കും എയ്‌റോബിക്‌സിൽ ബഹുദൂരം പിന്നിട്ടിരുന്നു. എന്തോ, സുമാ റിയോ എന്ന മദാമ്മയുടെ എയ്‌റോബിക്‌സിൽ നിന്നും ബിപാഷാ ബസുവിലേക്ക്..' ചാടാൻ താൽപര്യം തോന്നിയതുമില്ല. എയ്‌റോബിക്‌സ് തന്നെ തുടർന്നു. 
ഇതിനകം പ്രവാസ ജീവിതത്തിനിടയിലെ പരോളിൽ നാട്ടിലേക്ക്. നാട്ടിലെ ചുറ്റുപാടുകൾ എയ്‌റോബിക്‌സിനു പറ്റിയതല്ല എന്നും, പ്രായം ഏറുന്നതിനനുസരിച്ച് ഇത്തിരി ഒതുങ്ങുന്നത് നന്ന് എന്നും ഉള്ള തിരിച്ചറിവ് മനസ്സിൽ തോന്നിത്തുടങ്ങി. എങ്കിലും ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് ആവശ്യം തന്നെ. 
ആധുനിക വൈദ്യശാസ്ത്രവും അംഗീകരിച്ചു കഴിഞ്ഞ നമ്മുടെ ഭാരതത്തിലെ സന്യാസി വര്യന്മാർ വരുംതലമുറയുടെ ശാരീരിക മാനസിക ശാന്തിക്കു വേണ്ടി നൽകിയ മഹാപൈതൃകമായ യോഗാസനത്തിലേക്കു വീണ്ടും ചുവടുമാറ്റി. ഇപ്പോൾ പവനമുക്താസനം, വജ്രാസനം,  ഭുജംഗാസനം എല്ലാം ശീലിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് (മിക്കവാറും യോഗ ശീലിക്കുന്ന ഏവർക്കും പ്രിയപ്പെട്ടതാകുന്ന) ശവാസനം എന്ന എക്‌സർസൈസ് ആകുന്നു. 
'റിലാക്‌സേഷൻ അറ്റ് എനി ഇന്റർവെൽ ഈഫ് നെസസറി' എന്നാണ് യോഗാ ഗുരു ഉപദേശിച്ചത്. അതിനാൽ കൂടുതൽ സമയവും ശവാസനത്തിനായി നീക്കി വെക്കും. 
ഗുരുവിന്റെ വാക്കുകളിലേക്ക്: ശവാസനം എന്നാൽ നേരെ നിവർന്നു കിടക്കുക. എല്ലാവരും അവരവരുടെ പായകളിൽ അപ്പോൾ നിവർന്നു കിടക്കും. യോഗാ ഗുരു പറയുന്നു:
നമ്മുടെ ശരീരത്തിലെ ഓരോ മാംസപേശിയും പൂർണമായും അയച്ചിടുക. ശ്വാസത്തിൽ യാതൊരു നിയന്ത്രണവും വേണ്ട. അതു സ്വാഭാവികമായി നടന്നുകൊള്ളും. കൈകൾ അയച്ചിടൂ. ശിരസ്സ്, കഴുത്ത്, ഉടൽ, കാൽവണ്ണകൾ, റിലാക്‌സ്.. റിലാക്‌സ്.. ഏവരും നിശ്ശബ്ദരായി.. ഗുരു പറയുന്നതുപോലെ... അനുസരണയോടെ.
ഗുരുവിന്റെ ശബ്ദം: മനസ്സിലെ സർവചിന്തകളും ഉപേക്ഷിക്കുക. റിലാക്‌സ്.. റിലാക്‌സ്.. റിലാക്‌സ്.. ഗുരുവിന്റെ ശബ്ദം നേർത്തുനേർത്തില്ലാതാകുമ്പോൾ ചിന്തകൾ കാടു കയറുന്നു.  
ദൈവമേ... സൈലന്റ് മോഡിൽ വെച്ചിരിക്കുന്ന മൊബൈലിൽ ഇപ്പോൾ എത്ര കാൾ വന്നിട്ടുണ്ടാകും.... പാൽക്കാരൻ ഈ സമയത്തെങ്ങാനും വന്നു പോയിട്ടുണ്ടാകുമോ.... ഇന്നെന്തു കറിവയ്ക്കും.... ഫോൺ എടുക്കാതെ വരുമ്പോൾ 'അമ്മ വീണ്ടും വീണ്ടും ഫോണിൽ ബെല്ലടിച്ചിട്ടുണ്ടാവില്ലേ...'         
ഒരു ചെറിയ സംശയം.
ആർക്കെങ്കിലും എപ്പോഴെങ്കിലും ഇങ്ങനെ തലയ്ക്കകത്തു നിന്ന് സർവ ചിന്തകളും വെടിഞ്ഞ് ശൂന്യമാക്കി ഒരു പതിനഞ്ചു മിനിറ്റ് കിടക്കാൻ സാധിക്കുന്നുണ്ടാവുമോ...  എങ്കിൽ അവർ ഭാഗ്യവാൻമാർ... ഈ ചുറ്റും കിടക്കുന്നവരുടെ ഒക്കെ തലക്കുള്ളിൽ ഇപ്പോൾ ശൂന്യമോ....' 
ചിന്തകൾ കാടുകയറി തല ചൂടുപിടിച്ചു തറയിൽ ഇങ്ങനെ കിടക്കുമ്പോൾ ചെവിയിൽ 'ശ്....ശ്..' എന്നൊരു ശബ്ദം.   അതു മറ്റൊന്നുമല്ല, എല്ലാവരും കൈവെള്ളകൾ രണ്ടും കൂട്ടിത്തിരുമ്മുന്ന ശബ്ദം. വേഗം അവർക്കൊപ്പം കൈവെള്ളകൾ രണ്ടും അമർത്തി കൂട്ടിത്തിരുമ്മും. അങ്ങനെ കൈവെള്ള ചൂടാക്കി കണ്ണിൽ വെച്ച് ചൂടു പകർന്ന് കണ്ണുകൾ മെല്ലെ തുറക്കും. പിന്നെ വേഗം എല്ലാവരും എഴുന്നേൽക്കുന്നു. അവരവരുടെ പായകൾ ചുരുട്ടി ഹാളിന്റെ മൂലയിൽ കൊണ്ടുവെച്ച് വേഗം യോഗാ ക്ലാസ് തീർത്ത് വീട്ടിലേക്കു മടക്കം. 
വേഗം നടത്തത്തിനിടയിൽ ഫോൺ ഓണാക്കി അർജന്റ് കാൾ വന്നതു നോക്കും. വേറാരുടേയുമല്ല അമ്മയുടെ കാൾ ഉണ്ടാവും. തിരിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിന്റെ പരിഭവം പറച്ചിൽ. യോഗാ ക്ലാസ്  എന്നോർമിപ്പിക്കുമ്പോൾ 'ഓ ഞാനതങ്ങു മറന്നു'
എന്ന സ്ഥിരം മറുപടി. യോഗാസനം സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാവർക്കും അനുഷ്ഠിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് ശീലിച്ചു കഴിഞ്ഞാൽ നിത്യവും യോഗ ചെയ്യേണ്ടതാണ് ആരോഗ്യത്തിന് ഉത്തമം. 
 

Latest News