പ്രകാശ് രാജിന് ഇനിയും ചോദിക്കാനുണ്ട്, ഭീതി രോഗം ബാധിച്ചവരോട്....

ഷാര്‍ജ- നടന്‍ പ്രകാശ് രാജ് അങ്ങനെയാണ്, കൂര്‍ത്ത ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മടിയില്ലാത്തവന്‍. ഗൗരി ലങ്കേഷ് വധിക്കപ്പെട്ടപ്പോഴും ഫാഷിസ്റ്റ് തേരോട്ടം അരങ്ങുവാണപ്പോഴും ചോദ്യങ്ങള്‍ ചോദിക്കാന്‍ മടിച്ചിട്ടില്ലാത്തവന്‍. ഷാര്‍ജ പുസ്തകോത്സവവും നിര്‍ഭയമായ ചോദ്യങ്ങളുമായാണ് പ്രകാശ് രാജ് എത്തിയത്.

നമ്മെ വിഴുങ്ങുന്ന മൗനം എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനാണ് പ്രകാശ് എത്തിയത്. പ്രളയത്തില്‍ മുങ്ങിയ സംസ്ഥാനത്തിന് 600 കോടി നല്‍കി, പ്രതിമക്കായി 3000 കോടി ചെലവിട്ട പ്രധാനമന്ത്രിക്കുനേരെയാണ് പ്രകാശ് രാജ് ചൂണ്ടുവിരല്‍ ഉയര്‍ത്തിയത്. ഇത്തരം ഭരണാധികാരികളെ അംഗീകരിക്കാനാവില്ല. ഭൂമിയെ മാതാവായി ആരാധിക്കുന്ന സംസ്കാരമുള്ള നമ്മള്‍, സ്ത്രീക്ക് അയിത്തം കല്‍പിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാര്‍ നിശ്ശബ്ദരാക്കപ്പെടുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണ്. അഭിനയത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനുമൊപ്പം കൃഷിയിലും താനിപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്. ചൂഷണം ചെയ്യാതെ പ്രകൃതിക്കു വഴങ്ങി ജീവിക്കാന്‍ മനുഷ്യര്‍ പഠിക്കണമെന്നും ചൂണ്ടിക്കാട്ടി.

മീടൂ ക്യാംപെയ്‌നെ സ്വാഗതം ചെയ്ത പ്രകാശ് പുരുഷാധിപത്യത്തിന്റെ ദുഷിച്ച വശങ്ങള്‍ അപ്രത്യക്ഷമാകാന്‍ ഈ നീക്കം സഹായകമാണെന്നും പറഞ്ഞു. പീഡിപ്പിച്ചതിന് സ്ത്രീകളോട് തെളിവു ചോദിക്കുന്നത് ലജ്ജാകരമാണ്. രാജ്യത്തെ മാധ്യമങ്ങളും ബുദ്ധിജീവികളും വിലയ്‌ക്കെടുക്കപ്പെട്ടിരിക്കുകയാണ്. ഭീതി ദേശീയ രോഗമായിത്തീര്‍ന്നതായും അദ്ദേഹം പറഞ്ഞു.

വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ നിലകൊണ്ടതിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പ്രകാശ് പറഞ്ഞു. രംഗത്തുവരാന്‍ താമസിച്ചുപോയി. എന്റെ സുഹൃത്ത് ഗൗരി ലങ്കേഷ് ഹിന്ദുത്വ വെടിയുണ്ടകള്‍ക്ക് മുന്നില്‍ പിടഞ്ഞുവീണപ്പോള്‍ മാത്രമാണ് ഞാന്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്. ഇനി ഒരിക്കലും ഗൗരി ലങ്കേഷുമാര്‍ ഉണ്ടാകരുതെന്ന് നാം ഉറപ്പുവരുത്തണമെന്നും പ്രകാശ് പറഞ്ഞു.

 

 

Latest News