Sorry, you need to enable JavaScript to visit this website.

ആവിയായിപ്പോയ ഒരു ബാർബിക്യു കഥ

സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച പഠനം തയാറാക്കുന്നതിന്റെ ഭാഗമായാണ് താൻ റോക്കറ്റ് അഗ്നിയിൽ ബാർബിക്യു തയാറാക്കുന്നതിനെ കുറിച്ച ആശയത്തെയും നാസ താനുമായി നടത്തിയ 'ആശയവിനിമയങ്ങളെ'യും കുറിച്ച ഇല്ലാക്കഥകൾ സാറ പ്രചരിപ്പിച്ചത്. റോക്കറ്റ് അഗ്നിയിൽ ബാർബിക്യു തയാറാക്കുന്ന ആശയം തന്നെയില്ലെന്നും നാസ അധികൃതർ ഒരിക്കൽ പോലും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സാറ ഒടുവിൽ സമ്മതിച്ചു.

സോഷ്യൽ മീഡിയ സമൂഹങ്ങളിലുണ്ടാക്കുന്ന സ്വാധീനം ചെറുതല്ല. മറ്റേതൊരു മാധ്യമങ്ങളേക്കാൾ കൂടുതൽ ഇന്ന് ആളുകളെ എളുപ്പത്തിൽ സ്വാധീനിക്കുന്നത് സാമൂഹിക മാധ്യമങ്ങളാണ്. ആയിരങ്ങളിലേക്കും പതിനായിരങ്ങളിലേക്കും ലക്ഷങ്ങളിലേക്കും മാത്രമല്ല, കോടിക്കണക്കിനാളുകളിലേക്ക് നിമിഷ നേരത്തിനകം സന്ദേശങ്ങൾ കൈമാറുന്ന സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷവും ചെയ്യുന്നു. സാമൂഹികൈക്യം തകർക്കുന്നതിനും അരാജകത്വവും അരക്ഷിതാവസ്ഥയുമുണ്ടാക്കുന്നതിനും കലാപങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വരെ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗിക്കുന്ന കാലമാണിത്. 
സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിന് രാഷ്ട്രീയ കക്ഷി നേതാക്കൾ തന്നെ തങ്ങളുടെ അനുയായികൾക്ക് പരസ്യമായി നിർദേശം നൽകുന്നു. ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ ഇടയാക്കിയതായി അടുത്തിടെ തെളിഞ്ഞിരുന്നു. 
ഈയൊരു പശ്ചാത്തലത്തിലാണ് സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച പഠനത്തിന്റെ ഭാഗമായി ഈജിപ്ഷ്യൻ യുവതി സാറ അബുൽഖൈർ ഇല്ലാക്കഥ മെനഞ്ഞുണ്ടാക്കി ലോകത്തെ മുഴുവൻ കബളിപ്പിച്ചത്. സാറ അബുൽഖൈറിനെ കുറിച്ച വാർത്തകൾ ഈജിപ്ഷ്യൻ, അറബ്, അമേരിക്കൻ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത്. സാറ്റലൈറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന റോക്കറ്റുകൾ പുറംതള്ളുന്ന അഗ്നിനാളങ്ങളിൽ ഇറച്ചിയും കോഴിയിറച്ചിയും ചുട്ടെടുക്കുന്ന ആശയം കണ്ടെത്തിയെന്നും ഇതിന് നാസയുടെ അനുമതി ലഭിച്ചെന്നുമാണ് സാറ അബുൽഖൈർ വാദിച്ചത്. 
ഒരാഴ്ച മുമ്പാണ് സാറയുമായി ബന്ധപ്പെട്ട കഥയുടെ തുടക്കം. സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്ന റോക്കറ്റുകളിൽ നിന്നുള്ള അഗ്നിനാളങ്ങൾ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ ഇറച്ചിയും കോഴിയും ചുട്ടെടുക്കുന്ന സംവിധാനം കണ്ടെത്തിയെന്നും ഇക്കാര്യത്തിൽ നാസയുമായി താൻ ആശയവിനിമയം നടത്തിയെന്നും സാറയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി സംരക്ഷണമടക്കം നിരവധി പ്രയോജനങ്ങൾ തന്റെ ആശയം നൽകുമെന്നും സാറ അവകാശപ്പെട്ടു. 
താൻ സമർപ്പിച്ച ആശയം നാസ അംഗീകരിച്ചെന്നും ഇതേക്കുറിച്ച് വിശകലനം ചെയ്യുന്നതിന് നാസ ആസ്ഥാനത്തേക്ക് തന്നെ ക്ഷണിച്ചെന്നും സാറ വെളിപ്പെടുത്തി. അമേരിക്കയിൽ നാസ ആസ്ഥാനത്തേക്കുള്ള യാത്രയുടെ മുഴുവൻ ചെലവും വഹിക്കാമെന്ന് നാസ തന്നെ അറിയിച്ചെന്നും സാറ അവകാശപ്പെട്ടു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം സാറ ലോകത്തെ അറിയിച്ചത്. 
സാറയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉദ്ധരിച്ചാണ് ഈജിപ്ഷ്യൻ, അറബ്, അമേരിക്കൻ മാധ്യമങ്ങൾ സാറയുടെ നവീന ആശയത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഓരോ തവണ റോക്കറ്റുകൾ വിക്ഷേപിക്കുമ്പോഴും വൻതോതിൽ കോഴിയിറച്ചിയും ഇറച്ചിയും ചുട്ടെടുക്കാൻ കഴിയുമെന്നും ഇതിലൂടെ ബാർബിക്യു ലോക രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ സാധിക്കുമെന്നും സാറ അവകാശപ്പെട്ടു. പരിസ്ഥിതി സൗഹൃദ അഗ്നിയിൽ ചുട്ടെടുത്ത ഇറച്ചിക്ക് ലോകത്തെങ്ങും വലിയ സ്വീകാര്യത ലഭിക്കുമെന്നും സാറ വാദിച്ചു. റോക്കറ്റ് അഗ്നിയിൽ ഒരു മിനിറ്റിനകം ഇറച്ചിയും കോഴിയും ചുട്ടെടുക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു. നാസയും താനും തമ്മിൽ നടത്തിയ ആശയ വിനിമയങ്ങളെന്ന വ്യാജേന നിരവധി സ്‌ക്രീൻഷോട്ടുകൾ യുവതി പരസ്യപ്പെടുത്തി. 
ഇതെല്ലാം സത്യമാണെന്ന് തെറ്റിദ്ധരിച്ച് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ സാറയുടെ കഥ റിപ്പോർട്ട് ചെയ്തു. ലോക പ്രശസ്തരായ വ്യക്തികളും സാറയുടെ പുതിയ കണ്ടുപിടിത്തത്തെയും നാസയിൽ നിന്ന് ലഭിച്ച അംഗീകാരത്തെയും കുറിച്ച റിപ്പോർട്ടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പുതിയ ആശയത്തെയും നാസ അധികൃതർ നടത്തിയ ആശയ വിനിമയത്തെയും കുറിച്ച വിശദാംശങ്ങളും പ്രസ്താവനകളും തേടി നിരവധി മാധ്യമങ്ങൾ സാറയുമായി ബന്ധപ്പെട്ടു. 
ഇതു മാത്രമല്ല, ഈ ആശയം പ്രായോഗിക തലത്തിൽ നടപ്പാക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ച് നിരവധി വൻകിട കമ്പനികളും യുവതിയുമായി ബന്ധപ്പെട്ടു. ഏറ്റവും ഒടുവിൽ ഇതെല്ലാം വെറും തമാശ മാത്രമായിരുന്നെന്നും രസത്തിനു വേണ്ടിയാണ് താൻ പുതിയ കണ്ടുപിടിത്തത്തെ കുറിച്ചും നാസയുടെ പേരിലും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതെന്നും സാറ അബുൽഖൈർ വെളിപ്പെടുത്തി. താൻ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട നാസയുടെ പേരിലുള്ള സ്‌ക്രീൻഷോട്ടുകൾ ഫോട്ടോഷോപ്പ് ആയിരുന്നെന്നും നാസ അധികൃതർ താനുമായി ഒരിക്കൽ പോലും ആശയവിനിമയം നടത്തിയിട്ടില്ലെന്നും യുവതി പറഞ്ഞു. 
സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെ കുറിച്ച പഠനം തയാറാക്കുന്നതിന്റെ ഭാഗമായാണ് താൻ റോക്കറ്റ് അഗ്നിയിൽ ബാർബിക്യു തയാറാക്കുന്നതിനെ കുറിച്ച ആശയത്തെയും നാസ താനുമായി നടത്തിയ 'ആശയവിനിമയങ്ങളെ'യും കുറിച്ച ഇല്ലാക്കഥകൾ സാറ പ്രചരിപ്പിച്ചത്. റോക്കറ്റ് അഗ്നിയിൽ ബാർബിക്യു തയാറാക്കുന്ന ആശയം തന്നെയില്ലെന്നും നാസ അധികൃതർ ഒരിക്കൽ പോലും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സാറ ഒടുവിൽ സമ്മതിച്ചു. സാമൂഹിക മാധ്യമങ്ങളുടെ ശക്തിയും സ്വാധീനവും അവഗണിച്ചു തള്ളേണ്ട കാര്യങ്ങളുടെ പേരിൽ എങ്ങനെയാണ് സാമൂഹിക മാധ്യമങ്ങൾക്ക് ആളുകളെ പ്രശസ്തരാക്കി മാറ്റാൻ കഴിയുന്നതെന്നും ഒന്നുമില്ലായ്മയിൽ നിന്ന് എങ്ങനെ കീർത്തി കൈവരിക്കാൻ  സാധിക്കുമെന്നും പരീക്ഷിക്കുകയായിരുന്നു താനെന്നും യുവതി പറയുന്നു. റോക്കറ്റ് അഗ്നി ബാർബിക്യു എന്ന ആശയത്തെ കുറിച്ച ചർച്ചകൾക്ക് ലോക പ്രശസ്ത കമ്പനികളും പത്രങ്ങളും മാധ്യമങ്ങളും സാറയുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിന് മത്സരിക്കുന്ന സമയത്തു തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി യുവാക്കളിൽ നിന്ന് ഇവർക്ക് വിവാഹാലോചനകളും ലഭിച്ചു. അമേരിക്കയിലേക്കുള്ള യാത്രയിൽ അനുഗമിക്കാമെന്നും പുതിയ ആശയം പ്രായോഗികവൽക്കരിക്കുന്നതിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകാമെന്നും വിവാഹാലോചനയുമായി സമീപിച്ചവർ വാഗ്ദാനം ചെയ്തു. നിയമ നടപടികൾ ക്കോ മറ്റു നിലക്കുള്ള ബുദ്ധിമുട്ടിക്കലുകൾക്കോ വിധേയയായേക്കുമെന്ന് ഭയന്ന് ചാനലുകളിലും മറ്റും പ്രത്യക്ഷപ്പെട്ട് സംസാരിക്കാൻ സാറ വിസമ്മതിക്കുകയാണ്. യാഥാർഥ്യം എന്തു തന്നെയായാലും സാമൂഹിക മാധ്യമങ്ങൾ ലോകത്ത് ചെലുത്തുന്ന സ്വാധീനം സങ്കൽപിക്കാൻ കഴിയാത്തവിധം വർധിച്ചിട്ടുണ്ടെന്ന പരമാർഥത്തിലേക്കാണ് സാറയുടെ ഇല്ലാക്കഥ വിരൽ ചൂണ്ടുന്നത്. 

Latest News