കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരുടെ വനിതാ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് അവസരം കുറയുകയാണെന്ന് നടി പാര്‍വതി.
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് വനിതാ പ്രവര്‍ത്തകര്‍ക്കായി ഒരു സംഘടന ആരംഭിച്ചത്. കേരളത്തില്‍ ഡബ്ല്യുസിസി എന്ന സംഘടന നിലവില്‍ വന്നതോടെ പലരും അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍, ഡബ്ല്യുസിസിയും അതിലെ അംഗങ്ങളും ഇപ്പോള്‍ പ്രതിസന്ധികള്‍ക്ക് നടുവിലാണ്.
സെക്ഷ്വല്‍ ഹരാസ്‌മെന്റ് ഇല്ലെന്നാണ് മറ്റു സംഘടനകള്‍ പറയുന്നത്. നിങ്ങള്‍ പരാജയപെട്ട സ്ത്രീകള്‍ ആണെന്ന് സംവിധായകരും നിര്‍മാതാക്കളുമെല്ലാം ഞങ്ങളോട് പറയുന്നു.
എല്ലാ ഭാഷയിലും തുറന്നു പറഞ്ഞാലും അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ മലയാള സിനിമയില്‍ അങ്ങനെ അല്ല. ഞങ്ങളുടെ സംഘടനയിലെ സ്ത്രീകള്‍ക്ക് അവസരം കുറഞ്ഞു. നിങ്ങളുടെ പേര് ഡബ്ല്യുസിസിയുമായി ചേര്‍ക്കപെടുന്ന നിമിഷം നിങ്ങള്‍ ഒഴിവാക്കപ്പെടുകയാണ്. തുറന്നു പറച്ചിലുകള്‍ നടത്തിയതോടെ അവസരങ്ങള്‍ ലഭിക്കുന്നില്ല.
ബോളിവുഡിലെ അവസ്ഥ കാണുമ്പോള്‍ അസൂയ തോന്നുന്നുവെന്നും മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തിയവര്‍ക്ക് പോലും സുരക്ഷയും അവസരങ്ങളും നല്‍കുകയാണ് ബോളിവുഡും ഹോളിവുഡുമൊക്കെ എന്നും താരം പറഞ്ഞു. എന്നാല്‍ മലയാളത്തില്‍ നടക്കുന്നത് ഇങ്ങനെയല്ല. അവസരം നിഷേധിക്കില്ലെന്ന് പരസ്യമായി പറയുന്നതിനിടയിലും, തുറന്നുപറച്ചിലുകളുമായെത്തുന്നവര്‍ക്കും അക്രമത്തിനെതിരെ പ്രതികരിക്കുന്നവരുടേയും അവസരങ്ങള്‍ കളയുകയാണ് ചെയ്യുന്നത്. തങ്ങളുടെ കാര്യത്തില്‍ അതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്-പാര്‍വതി പറഞ്ഞു. തന്റെ വീട്ടുകാര്‍ വരെ പേടിച്ചുനില്‍ക്കുകയാണ് ഇപ്പോഴെന്നും താരം പറഞ്ഞു. 'വീട് വരെ അഗ്‌നിക്കിരയാക്കപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിട്ടും ഒരൊറ്റ സിനിമയിലേക്കുള്ള അവസരമാണ് തനിക്ക് ലഭിച്ചതെ'ന്നും താരം പറയുന്നു.