ബുഡാപെസ്റ്റ് - ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും നേടിയ സ്വർണം ലോക റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ബജ്‌രംഗ് പുനിയയിൽ നിന്ന് അകന്നു. 65 കിലോ വിഭാഗം ഫൈനലിൽ ജപ്പാന്റെ തകുട്ടോ ഒട്ടോഗുറയോട് തോറ്റ ബജ്‌രംഗിന് വെള്ളി. എങ്കിലും ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നിലയിൽ ചരിത്രം കുറിക്കാൻ 24കാരന് കഴിഞ്ഞു. 2013ൽ 60 കിലോ വിഭാഗത്തിൽ മത്സരിച്ച ബജ്‌രംഗ് വെങ്കലം നേടിയിരുന്നു.
ഇന്നലെ ബുഡാപെസ്റ്റിൽ സ്വർണം പ്രതീക്ഷിച്ചിറങ്ങിയ ബജ്‌രംഗ് പത്തൊമ്പതുകാരനായ തകുട്ടോയുടെ വേഗത്തിനും തന്ത്രത്തിനും മുന്നിൽ പതറി. 16-9നു ജയിച്ച തകുട്ടോ ജപ്പാന്റെ ഏറ്റവും പ്രായം കുറഞ്ഞ ലോക ഗുസ്തി ചാമ്പ്യനായി. 1974ൽ തന്റെ ഇരുപതാം വയസ്സിൽ ലോക ചാമ്പ്യനായ യൂജി തകാഡയുടെ പേരിലായിരുന്നു നിലവിലെ റെക്കോർഡ്.
ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഏക ഇന്ത്യൻ ഗുസ്തി താരം സുശീൽകുമാറാണ്. 2010ൽ മോസ്‌കോയിലായിരുന്നു സുശീലിന്റെ നേട്ടം.