ചോദ്യം
ഇഖാമ കാലാവധിയുണ്ട്. പക്ഷെ പൊതുമാപ്പ് അവസാനിക്കുന്നതിന്റെ മുമ്പ് ഇഖാമയുടെ കാലാവധി അവസാനിക്കും. ഇഖാമ പുതുക്കി നല്‍കില്ലെന്നാണ് കഫീല്‍ പറയുന്നത്. എനിക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗിച്ച് നാട്ടിലേക്ക് തിരിക്കാന്‍ സാധിക്കുമോ ?
ഉത്തരം
പൊതുമാപ്പ് പ്രഖ്യാപനം വന്ന മാര്‍ച്ച് 19ന് മുമ്പായി ഇഖാമ നിയമലംഘകരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് മാത്രമേ പൊതുമാപ്പ് ആനുകൂല്യം ലഭിക്കൂ. താങ്കള്‍ സമീപത്തുള്ള ലേബര്‍ കോടതിയെ സമീപിച്ച് പരാതി ബോധിപ്പിക്കുകയാണ് വേണ്ടത്.
ചോദ്യം
ഏഴു വര്‍ഷം മുമ്പ് ഹുറൂബായി തര്‍ഹീല്‍ വഴി നാട്ടിലെത്തിയ വ്യക്തിയാണ് ഞാന്‍. ഈ പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തി തിരിച്ച് സൗദിയില്‍ വരാന്‍ സാധിക്കുമോ?
ഉത്തരം
പൊതുമാപ്പ് ആനുകൂല്യത്തിന് താങ്കള്‍ അര്‍ഹനല്ല. എങ്കിലും വിദേശി നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് വിരലടയാളം രേഖപ്പെടുത്തി നാട്ടിലെത്തിയവര്‍ക്ക് ഗുരുതരമായ ക്രിമിനല്‍ കേസില്‍ അകപ്പെട്ടിട്ടില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിന് ശേഷം സൗദി അറേബ്യയിലേക്ക് ഏതെങ്കിലുമൊരു വിസയില്‍ മടങ്ങിയെത്താം.
ചോദ്യം
പുതിയ വിസയില്‍ വന്നിട്ട് ആറ് മാസമായി. ഏജന്റ് ചതിച്ചതിനാല്‍ കഫീലിനെ കാണാന്‍ സാധിച്ചിട്ടില്ല. ഇഖാമ പരിശോധിച്ചപ്പോള്‍ ഒരു മാസം മുമ്പ് ഹുറൂബാക്കിയതായി അറിഞ്ഞു. ഇനി മറ്റൊരു സ്‌പോണ്‍സറുടെ അടുത്തേക്ക് മാറാന്‍ സാധിക്കുമോ ? പൊതുമാപ്പില്‍ പോകേണ്ടിവരികയാണെങ്കില്‍ ഒരു മാസത്തിനകം പുതിയ വിസയില്‍ വരാന്‍ സാധിക്കുമോ ? ഇതിനായി എന്തെങ്കിലും പേപ്പര്‍ ഇവിടെനിന്ന് ശരിയാക്കേണ്ടതുണ്ടോ ? നിലവിലെ സ്‌പോണ്‍സര്‍ വിചാരിച്ചാല്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുമോ ?
ഉത്തരം
കിരീടാവകാശി പ്രഖ്യാപിച്ച 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന കാമ്പയിന്റെ ഭാഗമായി പ്രഖ്യാപിച്ച പൊതുമാപ്പ് ഇഖാമ സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ളതല്ല. എങ്കിലും ഹുറൂബ് കുരുക്കിലായതിനാല്‍ പൊതുമാപ്പ് കാലയളവില്‍ നാട്ടില്‍ പോകാനും പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചെത്താനും താങ്കള്‍ക്ക് സാധിക്കും.
ചോദ്യം
എന്റെ ഇഖാമ കാലാവധി തീര്‍ന്നതിനാല്‍ സൗദി അറേബ്യയില്‍ ജനിച്ച എന്റെ കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ പാസ്‌പോര്‍ട്ടോ ഇഖാമയോ എടുക്കാനും സാധിച്ചിട്ടില്ല. ഞാനും കുട്ടികളും എന്താണ് ചെയ്യേണ്ടത് ?
ഉത്തരം
പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ച് 19ന് മുമ്പ് തന്നെ ഇഖാമ കാലാവധി അവസാനിച്ച താങ്കള്‍ക്ക് സ്‌പോണ്‍സറാണ് ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കേണ്ടത്. സഹകരിക്കുന്നില്ലെങ്കില്‍ ഓണ്‍ലൈന്‍ വഴി അപ്പോയ്‌മെന്റ് എടുത്ത് ജവാസാത് കേന്ദ്രത്തിനെ സമീപിച്ച് ഫൈനല്‍ എക്‌സിറ്റ് ലഭ്യമാക്കണം. സ്‌പോണ്‍സറുടെ പേരിലുള്ള പിഴ അടക്കാന്‍ താങ്കള്‍ ബാധ്യസ്ഥനല്ല എന്നുകൂടി അറിയുക. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ച് പാസ്‌പോര്‍ട്ടോ ഔട്ട്പാസോ എടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുത്ത് ജവാസാത് കേന്ദ്രത്തില്‍ ചെന്ന് അവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം.






