തണുത്ത കളി,  ആവേശം ഗാലറിയില്‍

കളി കാണാന്‍ നിറഞ്ഞ ഗാലറി.
ബ്രസീല്‍ ആരാധകര്‍ നെയ്മാറുടെ പേരെഴുതിയ കട്ടൗട്ട് ഉയര്‍ത്തിയപ്പോള്‍.

ജിദ്ദ- വമ്പന്‍ മത്സരം പ്രതീക്ഷിച്ച് ഗാലറിയില്‍ നിറഞ്ഞ ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. ഒരു അര്‍ജന്റീന-ബ്രസീല്‍ മത്സരത്തിന്റെ വീറും വാശിയും കാണാതെ പോയ മത്സരം നനഞ്ഞ കമ്പക്കെട്ട് പോലെയായി. നെയ്മാറെയും ഫിര്‍മിനോയെയും കുട്ടീഞ്ഞോയെയും ഒട്ടാമെണ്ടിയെയും ഇക്കാര്‍ഡിയെയും ദൈബാലയെയുമൊക്കെ നേരില്‍ കാണാന്‍ കഴിഞ്ഞു എന്നതു മാത്രമായിരുന്നു അവര്‍ക്കുണ്ടായ സമാധാനം. 
ജീവിതത്തിലൊരിക്കല്‍ മാത്രം വിരുന്നെത്തിയേക്കാവുന്ന ഫുട്‌ബോള്‍ ആഘോഷത്തില്‍ പങ്കാളികളാവാന്‍ ജിദ്ദയിലെ കിംഗ് അബദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലേക്ക് ഇന്നലെ മലയാളി ആരാധകരുടെ ഒഴുക്കായിരുന്നു. ലോക ഫുട്‌ബോളില്‍ തന്നെ എപ്പോഴും ശ്രദ്ധിക്കപ്പെടുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം കാണാന്‍ എത്തിയവരില്‍ മുക്കാല്‍ പങ്കും മലയാളികള്‍. കേരളത്തില്‍ കളിക്കമ്പത്തിന് പേരു കേട്ട മലപ്പുറത്തു നിന്നുള്ളവരാണ് ജിദ്ദയിലെ മലയാളികളില്‍ അധികവുമെന്നിരിക്കെ, ആ ആവേശം അവര്‍ കിംഗ് അബ്ദുല്ല സ്റ്റേഡിയത്തിലേക്ക് ആവാഹിക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തും പുറത്തും സ്ത്രീകളടക്കമുള്ള മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ കളിയൊരുക്കവും കളിയും ആഘോഷിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയം ആരാധകര്‍ കയ്യടക്കിയിരുന്നു. ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞും കൊടി പിടിച്ചുമായിരുന്നു അവരെത്തിയത്. സ്റ്റേഡിയത്തിലെ ഓരോ അനക്കത്തിനും മലയാളി ആരാധകരുടെ ആരവങ്ങളുണ്ടായി. ടീം പരിശീലനത്തിനിറങ്ങിയത് മുതല്‍ കളിയൊടുങ്ങുന്നത് വരെ ഗ്യാലറിയില്‍ ആരവം മുഴങ്ങി.


യൂറോപ്പിലോ ലാറ്റിനമേരിക്കയിലോ കാണാന്‍ കഴിയുന്ന ഈ ആവേശം നെയ്മാറോ ബ്രസീല്‍, അര്‍ജന്റീന ടീമുകളോ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, ഒരുപക്ഷേ സംഘാടകരും. ചതുര്‍രാഷ്ട്ര ഫുട്‌ബോളിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ നടന്ന റിയാദില്‍ ഗാലറി അധികവും കാലിയായിരുന്നെങ്കില്‍ ജിദ്ദയില്‍ 59,000 പേര്‍ക്കിരിക്കാവുന്ന കിംഗ് അബ്ദുല്ല സ്റ്റേഡിയം ഏറെക്കുറെ നിറഞ്ഞു. 
മത്സരത്തിനു മുമ്പ് വാമപ്പിനായി നെയ്മാറും കൂട്ടരും ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ ഗാലറി പ്രകമ്പനം കൊണ്ടു. അപ്രതീക്ഷിതമായ ആരാധക പിന്തുണ കണ്ട് നെയ്മാര്‍ പ്രത്യഭിവാദ്യം ചെയ്തു.
മെസ്സിയുടെ അഭാവം അര്‍ജന്റീന ആരാധകര്‍ക്ക് നിരാശയായി. 'മിസ് യു മെസ്സി' എന്ന ബാനര്‍ ഉയര്‍ത്തി സങ്കടം പ്രകടിപ്പിച്ചതും മലയാളി ആരാധകര്‍ തന്നെ.

 

Latest News