ദുബായ്- രാജ്യത്തേക്ക് വരുന്ന സന്ദര്‍ശകരും വിസയുള്ള താമസക്കാരുമടക്കം എല്ലാവരും വ്യക്തിപരമായ ആവശ്യത്തിനുള്ള മരുന്നുകള്‍ കൊണ്ടുവരാന്‍ ഇനി മുതല്‍ അധികൃതരുടെ അനുമതി വാങ്ങണം. ഇതിനായി അവര്‍ ഒരു ഇലക്‌ട്രോണിക് ഫോറം പൂരിപ്പിച്ചുനല്‍കണം. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ദുബായില്‍ ആരംഭിച്ച ജിറ്റെക്‌സ് മേളയില്‍ ഇംപോര്‍ട്ട് ഓഫ് പേഴ്‌സനല്‍ മെഡിക്കേഷന്‍ സര്‍വീസിന് തുടക്കം കുറിച്ചു.
സാമൂഹികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനം. നേരിട്ടോ അല്ലാതെയോ യാത്രക്കാര്‍ കൊണ്ടുവരുന്ന മരുന്നുകള്‍ക്ക് അപ്രൂവല്‍ നല്‍കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നതിനായാണ് ഈ സംവിധാനം.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ നല്‍കി സര്‍വീസ് ആക്ടിവേറ്റ് ചെയ്യാം. ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഇത് മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം പരിശോധിച്ച് അപ്രൂവല്‍ നല്‍കും. എയര്‍പോര്‍ട്ടിലും തുറമുഖത്തും മരുന്നുകള്‍ പരിശോധനക്ക് നല്‍കുകയും ചെയ്യും. കസ്റ്റംസിന്റെ സഹകരണത്തോടെ ആരോഗ്യമന്ത്രാലയ ഇന്‍സ്‌പെക്ടറാണ് പരിശോധന നടത്തുക.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mohap.gov.ae. യില്‍നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്യാം. ഡോക്ടറുടെ കുറിപ്പടി, യാത്രക്കാരന്റെ യു.എ.ഇയിലെ താമസകാലം, പാസ്‌പോര്‍ട്ട് രേഖകള്‍ തുടങ്ങിയവയാണ് ഇതിനായി നല്‍കേണ്ട രേഖകള്‍.






