ജിബ്രാൾടർ പോലും ജയിച്ചു; ഗോളും ജയവുമില്ലാതെ ജർമനി

ജർമനിക്കെതിരെ ഗോളടിച്ച ശേഷം കാണികൾക്കൊപ്പം ആഘോഷിക്കുന്ന നെതർലാന്റ്‌സിന്റെ മെംഫിസ് ഡിപേ. 

ലണ്ടൻ- യുവേഫ നാഷൻസ് ലീഗ് ഫുട്‌ബോളിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനിയെ നെതർലാന്റ്‌സ് മറുപടിയില്ലാത്ത മൂന്നു ഗോളിന് തകർത്തു. ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായ ജർമനി നാഷൻസ് കപ്പിൽ രണ്ടു കളി പിന്നിട്ടപ്പോഴും ഗോളടിക്കുകയോ വിജയം നേടുകയോ ചെയ്തിട്ടില്ല. രണ്ടാം ഡിവിഷനിൽ ചെക് റിപ്പബ്ലിക് 2-1 ന് സ്ലൊവാക്യയെ തോൽപിച്ചു. ഡെന്മാർക്കും അയർലന്റും ഗോൾരഹിത സമനില പാലിച്ചു. ജിബ്രാൾടർ അവരുടെ ചരിത്രത്തിലെ ആദ്യത്തെ വിജയം സ്വന്തമാക്കി, ആർമീനിയക്കെതിരെ. 
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ജർമനിക്ക് ഗോളടിക്കാനാവാതെ പോവുന്നത്. ലോകകപ്പിൽ റഷ്യയോട് 0-2 ന് കീഴടങ്ങിയ അവർ നാഷൻസ് കപ്പിൽ ഫ്രാൻസുമായി ഗോൾരഹിത സമനില പാലിച്ചിരുന്നു. 
നെതർലാന്റ്‌സിനു വേണ്ടി ക്യാപ്റ്റൻ വിർജിൽ വാൻഡിക് തന്റെ രണ്ടാമത്തെ രാജ്യാന്തര ഗോൾ സ്വന്തമാക്കി. മെംഫിസ് ഡിപേ, ജോർജിനിയൊ വൈനാൾഡം എന്നിവരും സ്‌കോർ ചെയ്തു. മുപ്പതാം മിനിറ്റിൽ ലീഡ് നേടിയ നെതർലാന്റ്‌സ് അവസാന മൂന്നു മിനിറ്റിലാണ് രണ്ട് ഗോൾ കൂടി അടിച്ചത്. ആദ്യ 22 കളികളും തോറ്റ ശേഷമാണ് ജിബ്രാൾടർ കന്നി വിജയം സ്വന്തമാക്കിയത്. ജോസഫ് ഷിപോലിനയാണ് ആർമീനിയക്കെതിരെ ചരിത്ര ഗോളടിച്ചത്. ജിബ്രാൾടർ കളിക്കാർ സങ്കടത്തോടെയാണ് മത്സരം തുടങ്ങിയത്. ജിബ്രാൾടറിന്റേതിനു പകരം ലെക്റ്റൻസ്റ്റെയ്‌ന്റെ ദേശീയ ഗാനമായിരുന്നു മത്സരത്തിനു മുമ്പ് തെറ്റായി ആലപിച്ചത്. 

 

Latest News