ജിദ്ദ - അർജന്റീനക്കെതിരായ നാളത്തെ സൂപ്പർ ക്ലാസിക്കൊ ഫുട്‌ബോൾ പോരാട്ടത്തിന് മുന്നോടിയായി ബ്രസീൽ ടീം അൽഅഹ്‌ലി ക്ലബ് ഗ്രൗണ്ടിൽ പരിശീലനം നടത്തി.
ബ്രസീലിന്റെ നിരവധി ഐതിഹാസിക താരങ്ങളും പരിശീലകരും അൽഅഹ്‌ലിയെ പരിശീലിപ്പിച്ചിട്ടുണ്ട്. ദിദി, ടെലിസന്താന, ഫെലിപ്പെ സ്‌കൊളാരി, ലാസറോണി എന്നിവരുടെ ചിത്രങ്ങൾ വെച്ചാണ് ബ്രസീൽ ടീമിനെ ക്ലബ് അധികൃതർ വരവേറ്റത്. 1978 ൽ ബ്രസീൽ ടീം അൽഅഹ്‌ലിയുമായി സൗഹൃദ മത്സരം കളിച്ചതിന്റെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.
അർജന്റീന-ബ്രസീൽ മത്സരം നാളെ ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ്, രാത്രി ഒമ്പത് മണിക്ക്. ബ്രസീൽ ആദ്യ കളിയിൽ സൗദി അറേബ്യയെ 2-0 നും അർജന്റീന ഇറാഖിനെ 4-0 നും തകർത്തിരുന്നു. ഇന്ന് റിയാദിൽ സൗദിയും ഇറാഖും ഏറ്റുമുട്ടുന്നുണ്ട്.

ലിയണൽ മെസ്സിയുൾപ്പെടെ പ്രമുഖ സ്‌ട്രൈക്കർമാരില്ലാതെയാണ് അർജന്റീന ഇറങ്ങുക. പോളൊ ദിബാലയും മോറൊ ഇകാർഡിയും ആഞ്ചൽ കൊറിയയും ആക്രമണം നയിക്കും. സെർജിയൊ റോമിറോയാണ് നായകനും ഗോൾ കീപ്പറും.
കഴിഞ്ഞ വർഷം മെൽബണിലാണ് ഈ ടീമുകൾ അവസാനം ഏറ്റുമുട്ടിയത്. അന്ന് ഗബ്രിയേൽ മർകാഡോയുടെ ഗോളിൽ അർജന്റീന 1-0 ന് ജയിക്കുകയായിരുന്നു.






