സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ

അബുദാബി- സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ യു.എ.ഇയില്‍ കര്‍ക്കശ നടപടി വരുന്നു. 10 ലക്ഷം ദിര്‍ഹം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമായാണ് ഇതിനെ കാണുന്നതെന്ന് പോലീസ് പറഞ്ഞു.
ഇത്തരം വ്യാജവാര്‍ത്തകള്‍ തടയാനും ജനങ്ങളെ ബോധവത്കരിക്കാനും പോലീസ് അല്‍ അമീന്‍ എന്ന സേവനം ആരംഭിച്ചിട്ടുണ്ട്. വ്യാജവാര്‍ത്തകളും അവകാശവാദങ്ങളും വ്യക്തികളുടെ മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഹാനിയുണ്ടാക്കുന്നതായി പോലീസ് വിശദീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചാരം ലഭിക്കാനായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ വ്യക്തികള്‍ മാത്രമല്ല, സംഘടനകളുമുണ്ടെന്ന് അല്‍ അമീന്‍ സര്‍വീസിലെ ജമാല്‍ അഹ്മദ് ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള പോസ്റ്റുകളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അബുദാബി, ദുബായ് വിമാനത്താവളങ്ങളില്‍ നടന്ന ഹൂത്തി ആക്രമണത്തെക്കുറിച്ച വ്യാജ വാര്‍ത്തകള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ജനപ്രിയമായ ഭക്ഷണ ബ്രാന്‍ഡുകള്‍ക്കെതിരെയും ഇത്തരം ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട്. മൊറോക്കന്‍ ഗായകന്‍ ദുബായില്‍ കൊല്ലപ്പെട്ടെന്ന് വ്യാജ വാര്‍ത്തയും ഏറെ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. യെമന്‍ യുദ്ധത്തിലെ രക്തസാക്ഷികളെന്ന പേരില്‍ ഏതാനും സര്‍വകലാശാല വിദ്യാര്‍ഥികളുടെ ഫോട്ടോ പ്രചരിപ്പിച്ചതും വിവാദമായി.
ഇത്തരം കാര്യങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് അവബോധമുണ്ടാകുകയാണ് വേണ്ടതെന്ന് അഹമ്മദ് പറഞ്ഞു. ഇതിനായി അല്‍ അമീന്‍ സര്‍വീസ് ശ്രമിക്കും. ഇത്തരം ദൂഷിത പ്രചാരണങ്ങളെ നേരിടുക ശ്രമകരമാണെന്നും അത് ഒരു സംഘടിത കുറ്റകൃത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ധസത്യങ്ങളും അസത്യങ്ങളുമാണ് അവയിലൂടെ പ്രചരിക്കുന്നത്. ബോധവത്കരണത്തിലൂടെ മാത്രമെ ആ വിന പരിഹരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

 

Latest News