അബുദാബി- ലോകോത്തര മെഡിക്കല്‍ ടൂറിസ കേന്ദ്രമായി അബുദാബിയെ മാറ്റുമെന്ന് സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പ് അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. ഇതിന്‍റെ ഭാഗമായി ലോകപ്രശസ്ത ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നും പറഞ്ഞു.
ചികിത്സാ രംഗത്ത് അബുദാബിയുടെ വൈദഗ്ധ്യം ലോക ജനതയിലേക്ക് എത്തിക്കാനും അവരെ ആകര്‍ഷിക്കാനുമായി ലോക മെഡിക്കല്‍ ടൂറിസം അസോസിയേഷനുമായി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. ആഗോള ആരോഗ്യ സംരക്ഷണ സമ്മേളനം അടുത്ത വര്‍ഷം മുതല്‍ അബുദാബിയില്‍ നടത്താനും ധാരണയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 100 രാജ്യങ്ങളിലെ 200 ലേറെ പ്രദര്‍ശകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ദിവസേന പതിനായിരത്തിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷും മെഡിക്കല്‍ ടൂറിസം അസോസിയേഷന്‍ സിഇഒയും ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ റിസോഴ്‌സസ് ചെയര്‍മാനുമായ ജൊനാഥന്‍ എഡല്‍ഹീറ്റും ഒപ്പുവച്ചു. ഇതിലൂടെ യു.എ.ഇയുടെ മെഡിക്കല്‍ ടൂറിസ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുകയാണെന്ന് സെയ്ഫ് സഈദ് പറഞ്ഞു. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ടൂറിസ പദ്ധതിയില്‍ ഉള്‍പെടും.
മെഡിക്കല്‍ ടൂറിസത്തിനെത്തുന്നവര്‍ക്ക് കുടുംബസമേതം വന്ന് യു.എ.ഇയില്‍ ആഴ്ചകളോളം തങ്ങുന്നതിന് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം യു.എ.ഇയിലെത്തിയ റഷ്യക്കാരുടെ എണ്ണത്തില്‍ 91 ശതമാനം വര്‍ധനയുണ്ട്. 61 ശതമാനവുമായി ചൈനക്കാരാണ് രണ്ടാം സ്ഥാനത്ത്.