കൊച്ചി- മഹാപ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ നാടിനൊപ്പം നിന്ന് കൈയ്‌മെയ് മറന്ന് പ്രവർത്തിച്ച മൽസ്യത്തൊഴിലാളികൾക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദരം. ടീമിന്റെ ഹോം ഗ്രൗണ്ടായ കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഈ സീസണിലെ ആദ്യ മൽസരം കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് മൽസ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ചുകൊണ്ട് പ്രത്യേക ജഴ്‌സിയണിഞ്ഞാണ് ഇന്ന് ഇറങ്ങുന്നത്. ടീമിന്റെ മഞ്ഞ ജഴ്‌സിയുടെ മുൻവശത്ത് പ്രളയത്തിൽ വള്ളത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്ന മൽസ്യത്തൊഴിലാളിയെയും ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയ സൈന്യത്തെയും ചിത്രീകരിച്ചിട്ടുണ്ട്. നടൻ മോഹൻലാലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ അംബാസഡർ. ഇന്ന് മൽസരം കാണാൻ എത്തുമെന്ന് മോഹൻലാൽ അറിയിച്ചിട്ടുണ്ട്.