കരുണിനെ  ഒഴിവാക്കിയത് താനല്ലെന്ന് കോഹ്‌ലി

രാജ്‌കോട് - മലയാളി ബാറ്റ്‌സ്മാൻ കരുൺ നായരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയ വിവാദത്തിൽ നിന്ന് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഒഴിഞ്ഞു മാറി. സെലക്ഷൻ തന്റെ കാര്യമല്ലെന്നും അതെക്കുറിച്ച് സെലക്ടർമാർ സംസാരിച്ചു കഴിഞ്ഞുവെന്നും കോഹ്‌ലി പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിൽ അവസരം നൽകാതെ ബെഞ്ചിലിരുത്തിയ ശേഷം വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ നിന്ന് കരുണിനെ ഒഴിവാക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ ആറ് ടെസ്റ്റിലും കരുൺ ടീമിലുണ്ടായിരുന്നു. എന്നാൽ ഒരിക്കൽപോലും പ്ലേയിംഗ് ഇലവനിലെത്തിയില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിൽ ഒരു ബാറ്റ്‌സ്മാനെ അധികം കളിപ്പിച്ചപ്പോൾ പുതുതായി ടീമിലെത്തിയ ഹനുമ വിഹാരിക്കാണ് അവസരം നൽകിയത്. 
'മൂന്ന് സെലക്ടർമാർ അവരുടെ ജോലി ചെയ്യുന്നുണ്ട്. അവർ അതെക്കുറിച്ച് സംസാരിച്ചു കഴിഞ്ഞു. കളിക്കാരനുമായി ചീഫ് സെലക്ടറും സംസാരിച്ചിട്ടുണ്ട്. എനിക്ക് അതെക്കുറിച്ച് അഭിപ്രായം പറയാനാവില്ല. ആളുകൾ എല്ലാം കൂട്ടിക്കുഴക്കുകയാണ്' -കോഹ്‌ലി പറഞ്ഞു. തങ്ങൾക്ക് താൽപര്യമില്ലാത്ത ഒരു കളിക്കാരനെ ടീമിലുൾപെടുത്തിയതിന് ടീം മാനേജ്‌മെന്റിന്റെ പ്രതികാരമായാണ് കരുണിനെ പുറത്തിരുത്തിയതിനെ വിലയിരുത്തപ്പെടുന്നത്. സുനിൽ ഗവാസ്‌കർ ഇക്കാര്യം തുറന്നു പ്രകടിപ്പിച്ചിരുന്നു. 

 

Latest News