ദുബായ് - പരമ്പര കളിക്കാമെന്ന് സമ്മതിച്ചിട്ടും വാക്കുപാലിക്കാത്തതിനെതിരെ ബി.സി.സി.ഐക്കെതിരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നൽകിയ കേസിൽ ഇന്ന് വിചാരണ ആരംഭിക്കും. ബി.സി.സി.ഐയിൽ നിന്ന് 447 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഐ.സി.സി സ്വതന്ത്ര തർക്കപരിഹാര സമിതിയെ പി.സി.ബി സമീപിച്ചത്. മൂന്നു ദിവസമാണ് വാദം കേൾക്കുക. വിധി അന്തിമമായിരിക്കും.
2014 ൽ ബി.സി.സി.ഐയുടെ നേതൃത്വത്തിൽ ഐ.സി.സിയെ ഉടച്ചുവാർക്കാൻ ശ്രമിച്ച ഘട്ടത്തിലാണ് പി.സി.ബിയുമായി കരാറൊപ്പിട്ടത്. പാക്കിസ്ഥാന്റെ വോട്ടിനു വേണ്ടിയായിരുന്നു ഇത്.
കരാറനുസരിച്ച് 2015-2023 കാലയളവിൽ പാക്കിസ്ഥാനും ഇന്ത്യയും ആറ് പരമ്പരകൾ കളിക്കണം. അതിൽ നാലെണ്ണം പാക്കിസ്ഥാനാണ് നടത്തേണ്ടത്. മൊത്തം 14 ടെസ്റ്റുകളും 30 ഏകദിനങ്ങളും 12 ട്വന്റി20 കളും കളിക്കണം. എന്നാൽ പാക്കിസ്ഥാന്റെ 2007 ലെ ഇന്ത്യൻ പര്യടനത്തിനു ശേഷം ഇരു ടീമുകളും പൂർണ പരമ്പര കളിച്ചിട്ടില്ല. ഗവൺമെന്റിന്റെ അനുമതിയില്ലാതെ പാക്കിസ്ഥാനുമായി കളിക്കാനാവില്ലെന്നാണ് ബി.സി.സി.ഐ നിലപാട്. സർക്കാർ അനുമതിയില്ലെങ്കിൽ എന്തിന് കരാറൊപ്പിട്ടുവെന്ന് പി.സി.ബി ചോദിക്കുന്നു. ഐ.സി.സി ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടായിരുന്നു സ്വീകരിച്ചത്. എന്നാൽ നിയമയുദ്ധത്തിനു പോകരുതെന്നും അത് ഇരു ബോർഡുകളും തമ്മിലുള്ള നിത്യവൈരത്തിന് കാരണമാവുമെന്നും കഴിഞ്ഞ വർഷം പി.സി.ബിയെ ഐ.സി.സി അധ്യക്ഷൻ ശശാങ്ക് മനോഹർ ഉപദേശിച്ചു. ഇതിൽ പ്രതിഷേധിച്ച് പി.സി.ബി പ്രതിനിധികൾ ഐ.സി.സി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ മേയിലാണ് അവർ തർക്കപരിഹാര സമിതിക്കു മുന്നിലെത്തിയത്.
2014 ലെയും 2015 ലെയും പരമ്പരകൾ കളിക്കാത്തതിന്റെ പേരിൽ തങ്ങൾക്ക് 500 കോടിയോളം രൂപ നഷ്ടമുണ്ടെന്നാണ് പി.സി.ബി വാദിക്കുന്നത്. ഈ പരമ്പര ചൂണ്ടിക്കാട്ടിയാണ് സംപ്രേഷണാവകാശവും മറ്റും വിറ്റതെന്ന് അവർ പറയുന്നു.
മൈക്കിൾ ബെലോഫ്, യാൻ പോൾസൻ, ഡോ. ആനബെൽ ബെനറ്റ് എന്നിവരാണ് സമിതിയിലുള്ളത്. കേസ് നടത്താൻ ദുബായ് ആസ്ഥാനമായ ബ്രിട്ടീഷ് നിയമ കമ്പനി ഹെർബർട് സ്മിത്ത് ഫ്രീഹിൽസിനെ ബി.സി.സി.ഐ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇയാൻ മിൽസായിരിക്കും കേസ് വാദിക്കുക.