Sorry, you need to enable JavaScript to visit this website.

ഹൃദയത്തെ തൊട്ട 'വിരലറ്റം'

പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവൻ അനാഥാലയ സെക്രട്ടറി മോയിമോൻ ഹാജിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിക്കുന്നു.

വായന 

ഉറച്ച ആത്മവിശ്വാസവും ധീരമായ ചുവടുവെപ്പും കഠിനാധ്വാനവും സമം ചേർന്നാൽ ഏത് ദുർഘടമായ ഇരുട്ടത്തും വെളിച്ചം തെളിയിക്കാമെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ് അനാഥശാലയിൽ നിന്ന് ഐ.എ.എസിന്റെ ഉയരങ്ങളിലേക്ക് നടന്നു പോയ മുഹമ്മദലി ശിഹാബിന്റെ 'വിരലറ്റം' എന്ന കൃതി. നാഗാലാന്റിലെ കിഫിറെ ജില്ലാ കലക്ടറായ മുഹമ്മദലി ശിഹാബിന്റെ അനാഥശാലയിൽ നിന്ന് തുടങ്ങുന്ന ജീവിതം അസാധാരണമായ നിശ്ചയദാർഢ്യം കൊണ്ട് ഐ.എ.എസ് പദവിയിലേക്കുള്ള തേരോട്ടം വിസ്മയത്തോടെ മാത്രമേ നമുക്ക് സ്വീകരിക്കാനാവുകയുള്ളൂ. നാട്ടുമണമാണ് മുഹമ്മദലി ശിഹാബിന്റെ വിരലറ്റത്തിൽ പ്രതിഫലിക്കുന്നത്. 
പറയാൻ പൊലിമയില്ലാത്ത ബാല്യത്തിന്റെ നൊമ്പരപ്പാടുകളിലൂടെയാണ് പുസ്തകത്തിന്റെ താളുകൾ മറിയുന്നത്. സാമൂഹികവും വൈജ്ഞാനികവുമായി ഉയർന്ന ഒരു പദവി വഹിക്കുന്ന ഗ്രന്ഥകാരൻ തന്റെ ആത്മകഥ അത്ഭുതകരമായാണ് വിവരിച്ചിട്ടുള്ളത്. ഗ്രാമീണമായ നിഷ്‌കളങ്കത മുറ്റിനിൽക്കുന്ന ബാല്യം മുതൽ ജീവിതവിജയം നേടി ഐ.എ.എസ് പദവിയിലെത്തിലെത്തും വരെയുള്ള ഇന്നലെകളെ അദ്ദേഹം മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. അക്ഷരവും ആശയവും ഒരുപോലെ ആകർഷകം.
സർവീസ് സ്‌റ്റോറി എഴുതാനോ ആത്മകഥ എഴുതാനോ പ്രായമാവാത്ത ഗ്രന്ഥകാരന്റെ ഓർമകളുടെ അനുഭൂതി തന്നെയാണ് ഈ പുസ്തകത്തെ വേറിട്ട് നിർത്തുന്നതും. മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ എടവണ്ണപ്പാറ കോറോത്ത് അലിയുടെയും ഫാത്തിമയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി 1980 മാർച്ച് 15 ന് ജനിച്ച മുഹമ്മദലി ശിഹാബ് കുട്ടിക്കാലത്ത് മഹാവികൃതിയും കുസൃതിയുമായിരുന്നു. സ്‌കൂളിൽ പോകാൻ മടിയനായ ശിഹാബിനെ പലപ്പോഴും മൂത്ത ജ്യേഷ്ഠൻ അബ്ദുൽ ഗഫൂറാണ് നിർബന്ധിച്ച് സ്‌കൂളിൽ കൊണ്ടുവിടാറ്. തോട്ടിലെ മീനും പിടിച്ച് ഫുട്‌ബോളും കളിച്ച് നടക്കുന്ന, മദ്രസയിൽ പോലും പോകാൻ മടിയുള്ള തെറിച്ചുനിൽക്കുന്ന, പറഞ്ഞാൽ അനുസരിക്കാത്ത ഈ പയ്യനാണ് ഇന്ന് നാഗാലാന്റിലെകിഫിറെ ജില്ലാ ഭരണ സാരഥി. ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടമായ ശിഹാബ് പിതാവിനെ 'വായിച്ചി' എന്നാണ് പുസ്തകത്തിലുടനീളം വിളിക്കുന്നത്. വായന ആരംഭിക്കുന്നതും വായിച്ചിയുടെ വിയോഗത്തിൽ നിന്നാണ്. ചെറുപ്രായത്തിൽ തന്നെ പിതാവിനെ നഷ്ടമായ മുഹമ്മദലി ശിഹാബിന് യതീംഖാനാ അന്തേവാസിയായി മാറുമ്പോൾ പതിനൊന്ന് വയസ്സാണ്. ഖബറടക്കം കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്നത് മുതൽ വായിച്ചിയുമൊത്തുള്ള ബാല്യത്തിന്റെ ഓർമകളാണ് പുസ്തകത്തിൽ നിറയുന്നത്. ഒരനാഥ ബാലന് ഓർത്ത് വെക്കാൻ ഏറ്റവും സുഖമുള്ള കാലം ഇത്തരം വേളകൾ തന്നെയാണെന്ന് പുസ്തകത്തിലെ ഓരോ വരികളും നമ്മോട് പറയുന്നു. എടവണ്ണപ്പാറ ഗ്രാമത്തിൽ പെട്ടിക്കട കച്ചവടക്കാരനായിരുന്നു പിതാവ്. ഗ്രാമീണ ജീവിതത്തിന്റെ സ്‌നേഹ സമ്പർക്കങ്ങൾ അറിഞ്ഞ് മുഹമ്മദലി ശിഹാബ് തുടങ്ങുന്നത് ഇവിടെ വെച്ചാണ്.


വീട്ടിൽ നിന്ന് പുറത്തേക്കുള്ള ഓരോ നാട്ടുവഴിയിലൂടെയും ശിഹാബ് വായിച്ചിയുടെ വിരലറ്റം പിടിച്ചും പലപ്പോഴും അവരുടെ കണ്ണ് വെട്ടിച്ചും പോകുന്നുണ്ട്. അംഗനവാടിയും പ്രാഥമിക വിദ്യാലയവും കുളിക്കടവും കളി മൈതാനവും പാടവരമ്പുകളുമെല്ലാം ശിഹാബ് ഓർത്തെടുക്കുന്നു.  
വായിച്ചിയുമൊത്തുള്ള മധുരമൂറിയ ഓർമകൾക്ക് ശേഷം അനാഥത്വത്തിന്റെ വേദന നിറഞ്ഞ യതീംഖാനാ ജീവിതത്തിന്റെ അനുഭവങ്ങളിലേക്കാണ് വായന മറിയുന്നത്. ജീവിതം ഗതിമാറി ഒഴുകുന്നതിന്റെ ഓരോ ചുഴികളെയും പുസ്തകം പറഞ്ഞ് വെച്ചിരിക്കുന്നു. 
വിട്ടുപോയ വായിച്ചിയുടെ വിരലറ്റത്ത് നിന്ന് ഉമ്മയിൽ നിന്നും പറിച്ചെടുത്തു കൊണ്ടുപോയ ബാല്യത്തെ പതുക്കെയാണെങ്കിലും യാഥാർഥ്യബോധം കൊണ്ട് ഗ്രന്ഥകാരൻ മുറിച്ച് കടക്കുന്നുണ്ട്. പരന്ന വായനയും അന്വേഷണ തൃഷ്ണയും വളർത്തിയ പി.എസ്.സി പരീക്ഷക്കാലത്താണ് ഇദ്ദേഹത്തിൽ സിവിൽ സർവീസ് മോഹം മൊട്ടിടുന്നത്. ആ ലക്ഷ്യത്തിലേക്ക് നടന്നടുത്ത ഗ്രന്ഥകാരന്റെ ഓരോ വരിയിലും അസാധാരണമായ ഇച്ഛാശക്തി അനുഭവിച്ചറിയാം.
സ്ഥിരോൽസാഹവും കഠിന പ്രയത്‌നങ്ങളുമുണ്ടായാൽ എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകളില്ല എന്ന സന്ദേശമാണ് വിരലറ്റം പകർന്ന് തരുന്നത്. ഐ.എ.എസുകാരുടെ ജീവിതം പറച്ചിൽ മലയാളത്തിന് പുതുമയുള്ള കാര്യമല്ല. ജീവിത സായാഹ്നത്തിൽ ഓർത്തെഴുതിയ സർവീസ് സ്റ്റോറികളാണ് ഇതിൽ കൂടുതലും. സ്വന്തം ഗ്രാമത്തെയും പഠിച്ചുയർന്ന കാലത്തെയുമല്ല ഔദ്യോഗിക നിർവഹണങ്ങളുടെ ചുവപ്പുനാടകളുടെ വിരസതയാണ് അത്തരം പുസ്തകങ്ങളിൽ പലതിനുമെന്നും പറയാതെ വയ്യ. എന്നാൽ കൊതിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ രംഗം പണക്കൊഴുപ്പിന്റെയും മേനി പറച്ചിലിന്റെയും അനാശാസ്യങ്ങളിലേക്ക് വഴുതിവീണ കാലത്ത് ഈ പുസ്തകം വ്യാപകമായി വായിക്കപ്പെടേണ്ടതുണ്ട്. അവതാരികയിൽ എൻ.എസ് മാധവൻ പുസ്തകത്തെ കുറിച്ച് പറഞ്ഞ് നിർത്തുന്നതിങ്ങനെയാണ്. 
'ഓരോ ജീവിത സാഹചര്യത്തെയും നേരിടേണ്ടി വന്ന ദുർഘടങ്ങളെ എങ്ങനെ ആശയോടും പ്രസന്നതയോടും ഇച്ഛാശക്തിയോടും നേരിട്ടുവെന്നതിന്റെ കഥനമാണ് ഈ പുസ്തകത്തിന്റെ അന്തർധാര. ഇത് ജീവിതം വെട്ടിപ്പിടിച്ചവന്റെ കഥയല്ല. ജീവിതം ജീവിച്ച് കൊണ്ട് നേരിടുന്നതിന്റെ കഥയാണ്.
ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം വിപണിയിലും വിപ്ലവമാവുകയാണ്. ഒരു മാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ അനാഥാലയ സെക്രട്ടറി മുക്കം മോയിമോൻ ഹാജിക്ക് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

 

 

 


 

Latest News