Sorry, you need to enable JavaScript to visit this website.

ഒറ്റ കാൻവാസിൽ 1007 പ്രതിഭകൾ

ദേവസ്യ വരച്ച ചിത്രങ്ങൾ 
ദേവസ്യ വരച്ച ചിത്രങ്ങൾ 
അറേബ്യൻ വേൾഡ് റെക്കോർഡ്‌സിന്റെ ബഹുമതി  പത്രം ഡോ. കഫീൽഖാനിൽ നിന്ന് ദേവസ്യ  ദേവഗിരി സ്വീകരിക്കുന്നു. 
  • ദേവസ്യ ദേവഗിരി അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കാർഡ്‌സിൽ

ഒരു ചിത്രം വരയ്ക്കുക എന്നതിനപ്പുറം ചിത്രരചനയിൽ തന്നെ തീർത്തും വ്യത്യസ്തവും മറ്റാരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണവുമെന്ന വാശിയിൽ നിന്നാണ് ദേവസ്യ എന്ന അധ്യാപകൻ അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിലെത്തിയത്.

അങ്ങനെ ഒറ്റ കാൻവാസിൽ ലോകത്തിലെ ആയിരത്തി ഏഴു പ്രതിഭകളെ പെൻ ഡ്രോയിങ്ങിൽ വരച്ച ചിത്രകാരനും ശിൽപിയും റിട്ടയേർഡ് അദ്ധ്യാപകനുമായ ദേവസ്യ ദേവഗിരിക്ക് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലാണ് ഇടം ലഭിച്ചത്. 37 മീറ്റർ നീളമുള്ള കാൻവാസിൽ എബ്രഹാം ലിങ്കൺ, ഗാന്ധിജി, ഇ എം എസ് തുടങ്ങി ലോകത്തിൽ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെയാണ് ദേവസ്യ ഒറ്റ കാൻവാസിൽ ജെൽ പേനകൊണ്ട് വരച്ചത്. 


കഴിഞ്ഞ 40 വർഷത്തിലേറെയായി പോർട്രൈറ്റ് രംഗത്തും ശിൽപ്പ നിർമ്മാണ രംഗത്തും  ശ്രദ്ധേയനായ ദേവസ്യ ദേവഗിരി മെഡിക്കൽ കോളേജ് ദേവഗിരി സാവിയോ ഹയർ സെക്കണ്ടറി സ്‌കൂളിലെ  ചിത്രകലാ അദ്ധ്യാപക വൃത്തിയിൽ നിന്നും ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വിരമിച്ചത്. 2500 ലേറെ ഓയിൽ പെയിന്റിംഗുകൾ  ഇതിനകം ചെയ്തു കഴിഞ്ഞു .ക്രിസ്ത്യൻ കോളേജിലെ ഗാന്ധി പ്രതിമ ഉൾപ്പെടെ നിരവധി ശിൽപങ്ങൾ  നിർമ്മിച്ചതും ഇദ്ദേഹമാണ്. കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സിൽ നിന്നും ചിത്രകലാ പഠനം പൂർത്തിയാക്കിയ ദേവസ്യ അതിന് മുമ്പ് ജന്മസിദ്ധമായി തന്നെ ചിത്രരചനയിൽ ഏറെ കഴിവ് തെളിയിച്ചിരുന്നു. ഡൽഹി, കശ്മീർ , കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നീളം കൂടിയ പെൻഡ്രോയിങ് കൂടുതൽ മെച്ചപ്പെടുത്തി ഗിന്നസ് ബുക്ക് അധികൃതരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാനുള്ള തയ്യാറെടുപ്പിലാണ്  ദേവസ്യ. കോഴിക്കോട് കോടഞ്ചേരി കണ്ണോത്ത് കർഷകനായ വർക്കിയുടെയും മറിയത്തിന്റെയും മകനാണ്. ഭാര്യ നടക്കാവ് വിശ്വഭാരതി ഹിന്ദി വിദ്യാലയത്തിൽ നിന്നും വിരമിച്ച  ഗ്ലാഡിസ് ദേവസ്യ. മക്കൾ- ചിത്രകാരന്മാരായ റോണി ദേവസ്യ, റെന്നി ദേവസ്യ .


ഇക്കഴിഞ്ഞ ദിവസം ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ഹാളിൽ  നടന്ന ചടങ്ങിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ  ഖഫീൽ ഖാനാണ് ദേവസ്യ ദേവഗിരിക്ക്  അറേബ്യൻ വേൾഡ് റെക്കോർഡ്‌സിന്റെ സർട്ടിഫിക്കറ്റ് സമ്മാനിച്ചത്. അറേബ്യൻ വേൾഡ് റെക്കോർഡ്‌സ് പ്രതിനിധികളായ ഗിന്നസ് ദിലീപ് , യാസർ അറഫാത്ത്, സലിം എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 

 

 


 

Latest News