അബുദാബി - വൻ തകർച്ചയിൽ നിന്ന് ഉജ്വലമായി കരകയറിയ ബംഗ്ലാദേശ് 37 റൺസ് പാക്കിസ്ഥാനെ തകർത്ത് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ സ്ഥാനം നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശേഷം 12 റൺസിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട അവരെ മുശ്ഫിഖുറഹീമും മുഹമ്മദ് മിഥുനുമാണ് കരകയറ്റിയത്. ഏഴ് പന്ത് ശേഷിക്കെ 239 ന് ബംഗ്ലാദേശ് ഓളൗട്ടായി. പിന്നീട് ബംഗ്ലാദേശ് ബൗളർമാർ തുല്യനാണയത്തിൽ തിരിച്ചടിച്ചപ്പോൾ പാക്കിസ്ഥാന്റെ മറുപടി ഒമ്പത് വിക്കറ്റിന് 202 ലൊതുങ്ങി. ബംഗ്ലാദേശിന് 37 റൺസ് ജയം. നാളെ ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് ഫൈനൽ.
ഒരു റണ്ണിന് സെഞ്ചുറി നഷ്ടപ്പെട്ട മുശ്ഫിഖും (116 പന്തിൽ 99) മിഥുനും (84 പന്തിൽ 60) തമ്മിലുള്ള നാലാം വിക്കറ്റിലെ 144 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ രക്ഷിച്ചത്. ഇവരെ കൂടാതെ മഹ്മൂദുല്ല (31 പന്തിൽ 25) മാത്രമാണ് പിടിച്ചുനിന്നത്. ലിറ്റൻദാസിനെയും (6) സൗമ്യ സർക്കാരിനെയും (0) മുഅ്മിനുൽ ഹഖിനെയും (5) നഷ്ടപ്പെടുമ്പോഓൾ ബംഗ്ലാദേശ് 12 റൺസിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. നാൽപത്തിരണ്ടാം ഓവറിൽ സെഞ്ചുറിക്ക് അരികെ മുശ്ഫിഖിനെ ശാഹീൻ അഫ്‌രീദിയാണ് പുറത്താക്കിയത്. ടൂർണമെന്റിലെ രണ്ടാമത്തെ സെഞ്ചുറിയാണ് മുശ്ഫിഖിന് നഷ്ടപ്പെട്ടത്. ശ്രീലങ്കക്കെതിരെ 144 റൺസടിച്ചിരുന്നു. ഏകദിന ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ബംഗ്ലാദേശ് ബാറ്റ്‌സ്മാൻ 99 ന് പുറത്താവുന്നത്. ഇന്ത്യക്കെതിരെ നിരാശപ്പെടുത്തിയ മുഹമ്മദ് ആമിറിനു പകരം ടീമിലെത്തിയ ജുനൈദ് ഖാന് 19 റൺസിന് നാലു വിക്കറ്റ് കിട്ടി.
പാക്കിസ്ഥാന് 18 റൺസിലെത്തുമ്പോഴേക്കും ഫഖർ സമാനെയും (1) ബാബർ അഅ്‌സമിനെയും (1) ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെയും (10) നഷ്ടപ്പെട്ടു. ഇമാമുൽ ഹഖും (105 പന്തിൽ 83) ശുഐബ് മാലിക്കും (51 പന്തിൽ 30) തിരിച്ചടിച്ചെങ്കിലും മശ്‌റഫെ മുർതസയുടെ സൂപ്പർമാൻ ക്യാച്ചിൽ ശുഐബ് പുറത്തായി. പിന്നീട് ആസിഫ്അലി (47 പന്തിൽ 31) മാത്രമാണ് പിടിച്ചുനിന്നത്. മുസ്തഫിസുറഹ്മാന് നാലു വിക്കറ്റ് കിട്ടി.