ഫിഫ ലോക ഫുട്‌ബോളര്‍ മോദ്‌റിച് തന്നെ

ലൂക്ക മോദ്‌റിച്
മുഹമ്മദ് സലാഹ് മികച്ച ഗോളിനുള്ള പുഷ്‌കസ് ബഹുമതി സ്വീകരിക്കുന്നു.
  • മികച്ച ഗോൾ സലാഹിന്റേത്
  • കോച്ച് ദെഷോം
  • ഗോളി കോർട്‌വ
  • വനിതാ താരം മാർത്ത

ലണ്ടൻ- ഫിഫയുടെ ഫുട്‌ബോളർ ഓഫ് ദ ഇയർ പട്ടത്തിൽ ഒരു പതിറ്റാണ്ടോളമായി നീണ്ട മെസ്സി-ക്രിസ്റ്റ്യാനൊ വാഴ്ചക്ക് ക്രൊയേഷ്യയുടെ കുറിയ മിഡ്ഫീൽഡർ ലൂക്ക മോദ്‌റിച് വിരാമമിട്ടു. പോയ സീസണിലെ മികച്ച കളിക്കാരനുള്ള ദ ബെസ്റ്റ് ബഹുമതി മോദ്‌റിച് സ്വന്തമാക്കി. ക്രിസ്റ്റ്യാനൊ റൊണാൾഡോയെയും ലിവർപൂളിന്റെ ഈജിപ്തുകാരൻ മുഹമ്മദ് സലാഹിനെയുമാണ് മോദ്‌റിച് മറികടന്നത്. ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മോദ്‌റിച്ചിനായിരുന്നു. യുവേഫയും മികച്ച കളിക്കാരനായി മോദ്‌റിച്ചിനെയാണ് തെരഞ്ഞെടുത്തത്. സലാഹിന് ദ ബെസ്റ്റ് ബഹുമതി നഷ്ടപ്പെട്ടെങ്കിലും മികച്ച ഗോളിനുള്ള പുഷ്‌കസ് ബഹുമതി കിട്ടി. മികച്ച വനിതാ താരം ബ്രസീലിന്റെ മാർത്തയാണ്.

മികച്ച ഗോൾകീപ്പറായി ബെൽജിയത്തിന്റെ തിബൊ കോർട്‌വ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലും മികച്ച ഗോളിക്കുള്ള ബഹുമതി കോർട്‌വക്കായിരുന്നു. ലോകകപ്പിൽ ബെൽജിയത്തിന്റെ മുന്നേറ്റത്തിൽ ഗോൾവലക്കു മുന്നിൽ കോർട്‌വ തീർത്ത ഉരുക്കു പ്രതിരോധത്തിന് വലിയ പങ്കുണ്ടായിരുന്നു. ഈ സീസണിൽ ചെൽസിയിൽ നിന്ന് റയൽ മഡ്രീഡിലേക്ക് ചേക്കേറിയിരിക്കുകയാണ് കോർട്‌വ. ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിച്ച നായകൻ ഹ്യൂഗൊ ലോറീസ്, ഡെന്മാർക്കിന്റെയും ലെസ്റ്റർ സിറ്റിയുടെയും വല കാക്കുന്ന കാസ്പർ ഷ്‌മൈക്കൽ എന്നിവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. ചെൽസിയിലെ മുൻ സഹതാരങ്ങൾക്ക് അവാർഡ് സ്വീകരിക്കവെ കോർടവ നന്ദി പറഞ്ഞു. 
മികച്ച കോച്ച് ലോക ചാമ്പ്യന്മാരായ ഫ്രാൻസിന്റെ പരിശീലകൻ ദീദിയർ ദെഷോമാണ്. റയൽ മഡ്രീഡിനെ തുടർച്ചയായി മൂന്നു തവണ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച സിനദിൻ സിദാൻ, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച സ്ലാറ്റ്‌കൊ ദാലിച് എന്നിവരാണ് ദെഷോമിനൊപ്പം അന്തിമ പട്ടികയിലുണ്ടായിരുന്നത്. മുൻ ഫ്രഞ്ച് ക്യാപ്റ്റനാണ് ദെഷോം. ദെഷോമും സിദാനും സഹതാരങ്ങളായിരുന്നു. ഫ്രഞ്ചുകാരനായ മുൻ ആഴ്‌സനൽ കോച്ച് ആഴ്‌സൻ വെംഗറാണ് വിജയിയെ പ്രഖ്യാപിച്ചത്. 


മികച്ച വനിതാ ടീമിന്റെ കോച്ചിനുള്ള ബഹുമതി പുരുഷനാണ് കിട്ടിയത്. ഫ്രഞ്ച് ക്ലബ് ലിയോണിന്റെ റെയ്‌നാൾഡ് പെഡ്രോസിനാണ് ബഹുമതി. ജപ്പാന്റെ അസാകൊ തകാകുറ, നെതർലാന്റ്‌സിന്റെ സറീന വീഗമാൻ എന്നിവരെയാണ് പെഡ്രോസ് മറികടന്നത്. ഫ്രഞ്ച് ലീഗിലും യുവേഫ വിമൺസ് ചാമ്പ്യൻസ് ലീഗിലും ലിയോണിനെ പെഡ്രോസ് കിരീടത്തിലേക്ക് നയിച്ചിരുന്നു. ഫ്രഞ്ച് കപ്പിലും ലിയോൺ ചാമ്പ്യന്മാരായി. ലീഗിൽ കഴിഞ്ഞ സീസണിൽ ലിയോൺ പരാജയപ്പെട്ടിരുന്നില്ല.
ലിയണൽ മെസ്സിയും ക്രിസ്റ്റ്യാനോയുമുൾപ്പെടെ താരങ്ങളെ മറികടന്നാണ് സലാഹ് പുഷ്‌കസ് ബഹുമതി കരസ്ഥമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർടനെതിരെ നേടിയ ഗോളിനാണ് അവാർഡ് കിട്ടിയത്. ചാമ്പ്യൻസ് ലീഗിൽ ബൈസികിൾ കിക്കിലൂടെ സ്‌കോർ ചെയ്ത ക്രിസ്റ്റിയാനോക്കോ ഗാരെത് ബെയ്‌ലിനോ ബഹുമതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ലോകകപ്പിൽ നൈജീരിയക്കെതിരെ നേടിയ ഗോളിനാണ് മെസ്സി നാമനിർദേശം ചെയ്യപ്പെട്ടത്. ലോകകപ്പിലെ ഗോളുകൾക്ക് തന്നെയാണ് ഡെനിസ് ചെറിഷേവ്, ബെഞ്ചമിൻ പവാഡ്, റിക്കാഡൊ ക്വാറസ്മ എന്നിവരും പരിഗണിക്കപ്പെട്ടത്. തനിക്ക് വോട്ട് ചെയ്തവർക്കെല്ലാം സലാഹ് നന്ദി പറഞ്ഞു. 
മികച്ച ആരാധകർക്കുള്ള ബഹുമതി പെറുവിനാണ് കിട്ടിയത്. 36 വർഷത്തെ ഇടവേളക്കു ശേഷം പെറു ലോകകപ്പിൽ കളിക്കുന്നതു കാണാൻ നാൽപതിനായിരത്തോളം ആരാധകരാണ് റഷ്യയിലെത്തിയത്. ഇവരിൽ കുട്ടികളും വൃദ്ധന്മാരുമൊക്കെയുണ്ടായിരുന്നു. പെറുവിന്റെ മത്സരങ്ങളിൽ അവർ ഗാലറിയെ ചെഞ്ചായമണിയിച്ചു. 
ഫെയർപ്ലേ ബഹുമതി ജർമൻ സ്‌ട്രൈക്കർ ലെന്നാർട് തൈക്ക് കിട്ടി. രക്താർബുദം ബാധിച്ച രോഗിക്ക് കോശങ്ങൾ ദാനം ചെയ്യാനായി ഒരു മത്സരത്തിൽ നിന്ന് തൈ വിട്ടുനിന്നിരുന്നു. 
ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് അവാർഡ് ദാനച്ചടങ്ങ് അരങ്ങേറിയത്. ഇംഗ്ലിഷ് നടനും മ്യുസിഷനുമായ ഇദരിസ് അൽബ ചടങ്ങ് നിയന്ത്രിച്ചു. പോയ വർഷത്തെ മികച്ച ഫുട്‌ബോൾ നിമിഷങ്ങളെക്കുറിച്ച ഡോകുമെന്ററിയും അവാർഡ് നിശയിൽ പ്രദർശിപ്പിച്ചു. തായ്‌ലന്റിൽ ഗുഹയിൽ കുടുങ്ങിപ്പോയ കുട്ടികളുടെ ഫുട്‌ബോൾ ടീമും മുൻ യുനൈറ്റഡ് കോച്ച് അലക്‌സ് ഫെർഗൂസനും ഡോകുമെന്ററിയിൽ പരാമർശിക്കപ്പെട്ടു.

 

Latest News