സഹപ്രവര്‍ത്തകയെ കെട്ടിപ്പിടിച്ചു, ഇന്ത്യന്‍ യുവാവ് ദുബായില്‍ വിചാരണ നേരിടുന്നു


ദുബായ്- ഫ്‌ളാറ്റില്‍ ജോലിക്കിടെ ഒറ്റക്ക് കിട്ടിയപ്പോള്‍ നേപ്പാളി സഹപ്രവര്‍ത്തകയെ സ്പര്‍ശിക്കുകയും കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്ത 28 കാരനായ ഇന്ത്യന്‍ സൂപ്പര്‍വൈസര്‍ കുടുങ്ങി. ലൈംഗിക പീഡനക്കേസില്‍ ദുബായ് കോടതിയില്‍ വിചാരണ നേരിടുകയാണ് ഇയാള്‍.
ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ രണ്ടുമാസം മുമ്പാണ് കേസ് ചാര്‍ജ് ചെയ്തത്. ഫ്‌ളാറ്റില്‍ തന്റെ ബോസിനൊപ്പം (പ്രതിയായ യുവാവ്) ജോലി ചെയ്യുന്നതിനിടെ ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിക്കുകയും ആശ്ലേഷിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് നേപ്പാളി യുവതി പോലീസിന് നല്‍കിയ പരാതി. ദേഷ്യം വന്ന താന്‍ അയാളെ തള്ളിമാറ്റി മറ്റൊരു മുറിയിലേക്ക് പോയി.
എന്നാല്‍ പിന്തുടര്‍ന്നെത്തിയ യുവാവ് വീണ്ടും തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് 30 കാരി പറഞ്ഞു. ഫ്‌ളാറ്റ് വിട്ട യുവതി നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.
യുവതിയുടെ പരാതി ശരിയാണെന്നും താന്‍ അവരോട് മാപ്പു പറഞ്ഞെന്നും യുവാവ് സമ്മതിച്ചു. നേരത്തെയും ഇയാള്‍ക്കെതിരെ സമാന പരാതി സഹപ്രവര്‍ത്തകയില്‍നിന്ന് ഉണ്ടായിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഒക്‌ടോബര്‍ എട്ടിന് കേസില്‍ വിധി പറയും.

 

Latest News