ദമാം- സൗദിയില്‍ സാമ്പത്തിക തട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും പേരില്‍ അറസ്റ്റിലായ വ്യവസായി മഅന്‍ അല്‍സാനിഅ് നടത്തിയത് സിനിമയെ വെല്ലുന്ന തട്ടിപ്പും വെട്ടിപ്പും. 1969 ല്‍ വിവാഹത്തോടെയാണ് കുവൈത്തി പൗരനായ മഅന്‍ അല്‍സാനിഅ് ഉയര്‍ച്ചയുടെ പടവുകളിലേക്ക് കാലെടുത്ത് വെച്ചത്. സൗദിയിലെ വലിയ ധനാഢ്യരില്‍ ഒരാളായ അബ്ദുല്‍ അസീസ് അല്‍ ഖുസൈബിയുടെ മകളായിരുന്നു വധു.
വിവാഹത്തിന് ശേഷം അല്കോബാറിലെത്തിയ മഅന്‍ അല്‍സാനിഅ് അല്‍ഖുസൈബി കമ്പനിയില്‍ ജോലി ചെയ്തു. ക്രമേണ കുവൈത്തുമായുള്ള ബന്ധം അവസാനിപ്പിച്ച് സൗദി പൗരത്വം സ്വീകരിച്ചു. വൈകാതെ അല്‍ഖുസൈബി കമ്പനിയില്‍ ഉന്നത പദവിയിലിരുന്ന് വ്യവസായം നിയന്ത്രിച്ചു. കുറച്ചു കാലത്തിന് ശേഷം അല്‍സഅദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപിച്ച അദ്ദേഹം അല്‍ഖുസൈബി കമ്പനിയുമായുള്ള ബന്ധം വിഛേദിച്ചു. സാമൂഹിക, ജീവകാരുണ്യ മേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച പ്രശസ്തിയാര്‍ജിച്ച അല്‍സാനിഇന് 700 കോടി ഡോളര്‍ വരെ ആസ്തിയുണ്ടായിരുന്നു.
പത്ത് വര്‍ഷം മുമ്പ്, ആഗോള തലത്തില്‍ രൂക്ഷമായ സാമ്പത്തിക മാന്ദ്യമുണ്ടായതിനെ തുടര്‍ന്നാണ് അല്‍സാനിഇന് തിരിച്ചടി നേരിടുന്നത്. എല്ലാ വ്യവസായ സംരംഭങ്ങളും നിലച്ചു. ഈ ഘട്ടത്തിലാണ് അല്‍ഖുസൈബി കമ്പനിയുടെ വായ്പ സംബന്ധിച്ച വിശദാംശങ്ങള്‍ ബാങ്കുകള്‍ പുറത്തു വിടുന്നത്. സഅദ് ഗ്രൂപ്പ് സ്വന്തമായി ആരംഭിക്കുന്നതിന് മുമ്പായി വ്യാജ രേഖകളുണ്ടാക്കി അല്‍സാനിഅ് ബാങ്ക് വായ്പ എടുത്ത് തങ്ങളെ ചതിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് ഭാര്യാപിതാവും സഹോദരങ്ങളും മനസ്സിലാക്കുന്നത്. ബാങ്ക് നിയമ നടപടി സ്വീകരിച്ചതോടെ കമ്പനിയുടെ കടബാധ്യത പുറംലോകവും അറിഞ്ഞു. 22 ബില്യണ്‍ ഡോളറായിരുന്നു വായ്പ എടുത്തിരുന്നതെന്ന് അറിഞ്ഞപ്പോള്‍ പലരുടെയും കണ്ണ് തള്ളി. ഇതില്‍ ഒമ്പത് ബില്യണ്‍ ഡോളര്‍ വായ്പ എടുക്കുന്നതിന് അല്‍സാനിഅ് തന്നെ ഭാര്യാപിതാവിന്റെ ഒപ്പിട്ടതാണെന്നും അല്‍ഖുസൈബി കമ്പനി വാദിച്ചു. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിനാണ് തങ്ങള്‍ ഇരയായതെന്നും അവര്‍ ആരോപിച്ചു. ഭാര്യാകുടുംബത്തിന്റെ പരാതിയില്‍ ബാങ്ക് നടപടി തുടങ്ങിയതോടെ പിന്നീട് ഉപയോക്താക്കളും വിതരണക്കാരുമായ നിരവധി കമ്പനികള്‍ അല്സാനിഇനെതിരായി രംഗത്തു വന്നു.
40 മുതല്‍ 60 ബില്യണ്‍ റിയാല്‍ വരെ വരുന്ന കടബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഇദ്ദേഹത്തിന്റെ ആസ്തി കോടതി മരവിപ്പിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് മാസത്തിനകം ജിദ്ദ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലായി സാനിഇന്റെ സ്വത്തുക്കള്‍ ലേലം ചെയ്യാനാണ് നീക്കം. ഇതില്‍ ആദ്യത്തെ ലേലം അടുത്ത മാസം ദമാമിലും അല്കോബാറിലുമായി നടക്കും. 2009ല്‍ വരുത്തിവെച്ച ബാധ്യത തീര്‍ക്കാത്തതിന് കഴിഞ്ഞ വര്‍ഷം അവസാനമാണ് ഇദ്ദേഹം അറസ്റ്റിലായത്. 2007ല്‍ ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിലെ 100 ധനാഢ്യരില്‍ ഒരാളായിരുന്നു മഅന്‍ അല്‍സാനിഅ്.
#معن_الصانع.. إمبراطور ينهي إمبراطورية pic.twitter.com/E4fodr8t9k
— قناة العربية (@AlArabiya) September 19, 2018