ദുബായ് - ഇന്ത്യയും പാക്കിസ്ഥാനും ഒരു വർഷത്തിനു ശേഷം മുഖാമുഖം വരുമ്പോൾ അവിസ്മരണീയമായ പഴയ പോരാട്ടങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. കഴിഞ്ഞ ജൂണിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് അവസാനമായി അയൽക്കാർ ഏറ്റുമുട്ടിയത്. അന്ന് പാക്കിസ്ഥാൻ 180 റൺസിന് ജയിച്ചു.
1984, ഒക്‌ടോ. 31
സിയാൽകോട്ടിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിൽ ദിലീപ് വെംഗ്‌സാർക്കറും രവിശാസ്ത്രിയും റൺ മല പടുത്തുയർത്തുമ്പോഴാണ് ദൽഹിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വാർത്ത അിറയുന്നത്. പാക്കിസ്ഥാൻ പ്രസിഡന്റ് സിയാവുൽ ഹഖ് മത്സരം നിർത്താൻ നിർദേശിച്ചു. ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കറും കളി നിർത്തണമെന്ന നിലപാടിലായിരുന്നു. കളിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ആരും.
1985, മാർച്ച് 22
ഇന്ന് കളി കാണാനെത്തുന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ക്രിക്കറ്റ് കരിയറിൽ ഏറ്റവും മികച്ച ബൗളിംഗ് 14 റൺസിന് ആറു വിക്കറ്റാണ്. ഇന്ത്യക്കെതിരെ 1985 മാർച്ച് 22 ന്. ഷാർജയിൽ ഇന്ത്യൻ ബാറ്റിംഗിന്റെ നടുവൊടിച്ചു ഇംറാൻ. ഇന്ത്യ 125 ന് ഓളൗട്ടായി. ഇന്ത്യ തുല്യ നാണയത്തിൽ തിരിച്ചടിക്കുകയും പാക്കിസ്ഥാനെ 87 ന് പുറത്താക്കുകയും ചെയ്തു. എന്നിട്ടും ഇംറാനായിരുന്നു മാൻ ഓഫ് ദ മാച്ച്. സ്ലിപ്പിൽ ഗവാസ്‌കർ എടുത്ത നാല് ക്യാച്ചുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
1986, ഏപ്രിൽ 18
ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ചരിത്രത്തെ രേഖപ്പെടുത്തിയ പോരാട്ടമായിരുന്നു ഷാർജയിലെ ആ കളി. അവസാന പന്തിൽ നാല് റൺസ് വേണമെന്നിരിക്കേ ചേതൻ ശർമയുടെ ഫുൾ ടോസ് ജാവീദ് മിയാൻദാദ് സിക്‌സറിനുയർത്തിയത് ഒരുപാട് കാലം ഇന്ത്യൻ ക്രിക്കറ്റിനെ മുറിവേൽപിച്ചു. സിക്‌സറുകൾ ഇന്നത്തെ പോലെ സുലഭമായിരുന്നില്ല അന്ന്. ചേതൻ ഇന്നും അതേക്കുറിച്ച് ചോദ്യം നേരിടുന്നു. മിയാൻദാദിന് തിരിച്ചെത്തിയപ്പോൾ രാജ്യം സമ്മാനിച്ചത് സ്വർണ വാളായിരുന്നു.
ചെന്നൈ ടെസ്റ്റ്, 1999
തൊണ്ണൂറുകളിൽ സചിൻ ടെണ്ടുൽക്കറുടെ സെഞ്ചുറികളാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചിരുന്നത്. പാക്കിസ്ഥാൻ മുന്നോട്ടു വെച്ച 271 റൺസിന്റെ ലക്ഷ്യം നേടാൻ സചിനാണ് തകർപ്പൻ ഇന്നിംഗ്‌സിലൂടെ ഇന്ത്യക്ക് നേതൃത്വം നൽകിയത്. 136 റൺസെടുത്ത സചിന് സെഞ്ചുറിക്കു ശേഷം കലശലായ പുറംവേദനയുണ്ടായി. ജയത്തിന് 12 റൺസ് അരികെ സചിനെ സഖ്‌ലൈൻ മുഷ്താഖ് പുറത്താക്കി. മൂന്നു വിക്കറ്റ് കൈയിലിരിക്കേ 12 റൺസ് നേടുക ബുദ്ധിമുട്ടായിരുന്നില്ല. നാല് റൺസ് ചേർക്കുമ്പോഴേക്കും പക്ഷേ ഇന്ത്യ ഓളൗട്ടായി. വിജയത്തിന്റെ വായിൽ നിന്ന് ഇന്ത്യ പരാജയം പിടിച്ചു. സചിൻ ഡ്രസ്സിംഗ് റൂമിൽ പൊട്ടിക്കരഞ്ഞു. മാൻ ഓഫ് ദ മാച്ച് ബഹുമതി സ്വീകരിക്കാൻ വന്നില്ല.
സെപ്റ്റംബർ 24, 2007
പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാനാണ് വിജയത്തിന്റെ വായിൽ നിന്ന് പരാജയം പിടിച്ചത്. ക്രിക്കറ്റിന്റെ പുതുരൂപത്തിലുള്ള ടൂർണമെന്റിൽ ബദ്ധവൈരികൾ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നതു കാണാൻ ജോഹന്നസ്ബർഗ് സ്റ്റേഡിയം തിങ്ങിനിറഞ്ഞിരുന്നു. ഇന്ത്യയുടെ അഞ്ചിന് 157 പിന്തുടർന്ന പാക്കിസ്ഥാൻ പതിനാറാം ഓവറിൽ ഏഴിന് 104 ലേക്ക് തകർന്നതായിരുന്നു. മിസ്ബാഹുൽ ഹഖ് (43) തിരിച്ചടിച്ചു. നാല് പന്ത് ശേഷിക്കേ ആറ് റൺസ് മതിയായിരുന്നു പാക്കിസ്ഥാന് ജയിക്കാൻ. എന്നാൽ ജോഗീന്ദർ ശർമക്കെതിരെ മിസ്ബാഹ് ധിറുതി കാട്ടി. ശ്രീശാന്തിന്റെ ക്യാച്ചിൽ മിസ്ബാഹ് പിടികൊടുക്കുകയും പാക്കിസ്ഥാൻ 152 ന് ഓളൗട്ടാവുകയും ചെയ്തു. ട്വന്റി20 യുടെ തലവര തിരുത്തിയ വിജയമായിരുന്നു അത്.