Sorry, you need to enable JavaScript to visit this website.

ദ്രോണാചാര്യ അവാര്‍ഡ് അമ്മായിയപ്പന്; പേര് നിര്‍ദേശിച്ച് ഗുസ്തി താരം സാക്ഷി മാലിക് 

ന്യൂദല്‍ഹി- കായിക രംഗത്ത് സ്വജനപക്ഷപാതം ഇന്ത്യയില്‍ ഒരു പുതിയ സംഭവമല്ല. പല ടൂര്‍ണമെന്റുകള്‍ക്കും പുരസ്‌ക്കാരങ്ങള്‍ക്കും താരങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ കായിക ഭരണ തലപ്പത്തുള്ളവര്‍ തങ്ങളുടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സ്വന്തക്കാരെ തിരുകികയറ്റാറുണ്ടെന്ന് കായിക താരങ്ങള്‍ തന്നെ പലപ്പോഴും പരാതിപ്പെടുന്നതാണ്. എന്നാല്‍ കായിക താരങ്ങളും ഇതില്‍ നിന്നും വ്യത്യസ്തരല്ലെന്നാണ് ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌കാരത്തിന് മത്സര രംഗത്തുള്ളവരുടെ പട്ടിക വ്യക്തമാക്കുന്നത്. ഓരോ വര്‍ഷവും തങ്ങളുടെ കോച്ചുമാരുടെ പേര് ഗുസ്തി താരങ്ങള്‍ നാമനിര്‍ദേശം ചെയ്യുമ്പോള്‍ ഇതു വ്യക്തമാകാറുമുണ്ട്. വര്‍ഷത്തില്‍ ഏട്ടോ പത്തോ മാസം പരീശീലനം നല്‍കുന്ന കോച്ചുമാരെ മാറ്റി ഗുസ്തി താരങ്ങള്‍ പലപ്പോഴും ബന്ധുക്കളെയോ പേഴ്‌സനല്‍ കോച്ചുമാരെയോ ആണ് അവാര്‍ഡിനായി നിര്‍ദേശിക്കുക. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. 

ഇത്തവണ ഒളിംപിക് മെഡല്‍ ജേതാവ് ഗുസ്തി താരം സാക്ഷി മാലിക് തന്റെ സ്വന്തം അമ്മായിയപ്പന്റെ പേര് തന്നെ ദ്രോണാചാര്യ അവാര്‍ഡിനു നിര്‍ദേശിച്ചുവെന്നാണ് റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലെ ഉന്നതരെ ഉദ്ധരിച്ച് മെയില്‍ ടുഡെ റിപോര്‍ട്ട് ചെയ്യുന്നത്. തന്റെ ഭര്‍ത്താവിന്റെ അച്ഛനായ സത്യവാനെയാണ് സാക്ഷി അവാര്‍ഡിനായി നിര്‍ദേശിച്ചിരിക്കുന്നത്. 'സത്യവാന്‍ പരിശീലക യോഗ്യതയുള്ള ഒരു കോച്ചു പോലുമല്ല. ഒരു ദേശീയ പരിശീലന ക്യാമ്പിലും പങ്കെടുത്തിട്ടുമില്ല. ലളിത ശെരാവത്തിനെ പരിശീലിപ്പിച്ചിട്ടുണ്ടെന്നാണ് സത്യവാന്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു സംഭവമെ നടന്നിട്ടില്ല. ലളിത സാക്ഷിയുടെ സുഹൃത്താണ്. എന്താണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം,' ഫെഡറേഷനിലെ ഒരു ഉന്നതന്‍ പറയുന്നു. 

സുജീത് മാന്‍, വിരേന്ദ്ര, മാന്‍ദീപ്, രണ്‍വീര്‍ സിങ കുണ്ടു, 95കാരന്‍ ഖലിഫ ജസ്‌റാം എന്നിവരാണ് സത്യവാനെ കൂടാതെ ഇത്തവണ ഗുസ്തി വിഭാഗത്തില്‍ നിന്ന് ദ്രോണാചാര്യ പ്രതീക്ഷിച്ച് രംഗത്തുള്ളത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഗുസ്തി ടീം കോച്ചായ സുജീതിനാണ് ഇത്തവണ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. 

സാക്ഷി മാലികിനെ മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷം രണ്ടു കോച്ചുമാര്‍ ദ്രോണാചാര്യ അവാര്‍ഡിനായി അവകാശവാദമുന്നയിച്ചതും വാര്‍ത്തയായിരുന്നു. റിയോ ഒളിംപ്ക്‌സില്‍ സാക്ഷിക്ക് വെങ്കല മെഡല്‍ നേടിക്കൊടുത്തത് ചൂണ്ടിക്കാട്ടി കോച്ച് കുല്‍ദീപ്് മാലിക്കും സാക്ഷിയെ കുട്ടിക്കാലം തൊട്ട് പരിശീലിപ്പിക്കുന്നുവെന്ന അവകാശപ്പെട്ട് മാന്‍ദീപും കായിക മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇരുവരുടെ അപേക്ഷകളിലും സാക്ഷി മാലിക്കിന്റെ ഒപ്പും ഉണ്ടായിരുന്നു.
 

Latest News