മനവും മാനവും  മുഴുക്കെ ലബ്ബൈക്ക 

ഞങ്ങളുടെ 8 പേര് അടങ്ങിയ ഗ്രൂപ്പ് മിനയിലേക്ക് കഞ്ഞിയുമായി പോകാൻ തയ്യാറായി നിൽക്കുന്നു  (ലേഖകൻ വലത്ത് നിന്ന് മൂന്നാമത്) 

കാതോർത്തിരുന്ന ആ വിളി കേട്ടത് ശനിയാഴ്ച്ച കാലത്തായിരുന്നു. ഉടനെ ഇഖാമ കോപ്പിയും ഫോട്ടോയും വേണം എന്നായിരുന്നു സന്ദേശം. പതിറ്റാണ്ടോളമായി മുടങ്ങാതെ ബലി പെരുന്നാളാഘോഷം നാട്ടിലാണ്. എന്നാലും ലീവ് കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയാലുടൻ ഹജ് വളണ്ടിയർമാരോട് കാര്യങ്ങൾ ചോദിച്ചറിയും. ഹജിന് വളണ്ടിയർമാരായി പോയവരെല്ലാം അനിർവചനീയ അനുഭൂതിയെപ്പറ്റി പറയും. ഒരിക്കൽ വന്നാൽ പിന്നീട് ഓരോ കൊല്ലവും അതിന് വേണ്ടി മനം കൊതിക്കുമെന്ന് അനുഭവസ്ഥരെല്ലാം ആവേശം കൊണ്ടു. പക്ഷെ ആഗ്രഹം കൊണ്ടു കാര്യമില്ലല്ലോ, വിധികൂടി വേണമല്ലോ. 
ഹജ് തുടങ്ങാൻ ഏകദേശം രണ്ടാഴ്ച്ചക്ക് മുമ്പാണ് ലീവ് കഴിഞ്ഞ് ജിദ്ദയിൽ തിരിച്ചെത്തിയത്. പക്ഷെ അപ്പോഴേക്കും ഹജ് വളണ്ടിയർ ലിസ്റ്റ് ക്ലോസാക്കിയിരുന്നു.  പലരോടും കെഞ്ചി. നിങ്ങൾ എവിടെയായിരുന്നു ഇത്ര കാലം എന്നായിരുന്നു  എല്ലാവരുടെയും മറുപടി. എങ്കിലും മുട്ടിക്കൊണ്ടിരുന്നു. അവസാന അവലംബം എന്ന രീതിയിൽ ഞാൻ അറിയുന്ന കേന്ദ്രത്തിൽ വീണ്ടും മുട്ടി. അല്ലാഹുവിന്റെ വിധി എന്നെയും കടാക്ഷിച്ചു. വിളി വന്നു. പിറ്റേന്ന് തന്നെ പോകാനുള്ള ബാഗും സാധനങ്ങളുമായി തനിമ ടീമുമൊത്ത് ജിദ്ദ സനാഇയ്യ ജാലിയാത്തിന്റെ കീഴിൽ ശറഫിയ്യയിൽ എത്തി. അറഫ നോമ്പ് തുറന്നു യാത്ര പുറപ്പെട്ടു രാത്രിയോടെ അസീസിയ ക്യാമ്പിൽ എത്തി. അപ്പോഴേക്കും ക്യാമ്പ് സന്നദ്ധ സേവകരാൽ നിറഞ്ഞിരുന്നു. ഒരു ടീം പോകാൻ തയ്യാറായി മുറ്റത്ത് ക്യാപ്റ്റന്റെ നിർദ്ദേശങ്ങൾ സാകൂതം ശ്രവിക്കുന്നു. അവർക്ക് കൊണ്ടുപോകാനുള്ള കഞ്ഞി മറ്റൊരു ടീം ഉടനെ എത്തിച്ചു കൊടുക്കുന്നു. അപ്പോഴേക്കും ലിസ്റ്റുമായി ഞങ്ങളുടെ ലീഡർ വന്നു  എല്ലാവരെയും പരിചയപ്പെട്ടു വേണ്ട നിർദ്ദേശങ്ങളൊക്കെ തന്നു. എന്തെന്നില്ലാത്ത ഉത്സാഹവും ആവേശവുമായിരുന്നു എല്ലാവരുടെയും മുഖത്ത്. ഒരു ഭാഗത്ത് ഒരു കൂട്ടർ ഭക്ഷണത്തിനുള്ള ചേരുവകൾ തയ്യാറാക്കുന്ന തിരക്കിലാണെങ്കിൽ മറുഭാഗത്ത് നേതാക്കൾ റൂട്ട് മാപ്പുകൾ വിവരിച്ചു കൊടുക്കുന്നു.  ഹാജിമാർക്ക് മുഴുസമയ സേവനം ഉറപ്പ് വരുത്താൻ എട്ടു ആളുകൾ അടങ്ങുന്ന 34 ഗ്രൂപ്പുകൾ മൂന്നു ഷിഫ്റ്റുകളായിട്ടാണ് പ്രവർത്തിച്ചിരുന്നത്.  ചീഫ് ക്യാപ്റ്റന്റെ അവസാന വിളി വന്നു. എല്ലാവരും നിമിഷങ്ങൾക്കകം തയ്യാറായി ബാഡ്ജ് ധരിച്ചു കഞ്ഞിയുമായി മീനയെ ലക്ഷ്യം വെച്ചു ഖാലിദ് രാജാവിന്റെ നാമേധയയത്തിലുള്ള തുരങ്കത്തിലൂടെ നടന്നു നീങ്ങി. ഒരേ ഒരു ലക്ഷ്യം മിന. ഞങ്ങൾ അൽകൈഫ് പള്ളിയുടെ സമീപത്തെത്തി. പ്രവാചകൻ നമസ്‌കരിച്ച അൽകൈഫ് പള്ളി അംബര ചുംബികളായ മിനാരങ്ങളുമായി തല ഉയർത്തിനിൽക്കുന്നു.  പ്രവിശാലമായ പള്ളി.  
മെട്രോ ഞങ്ങൾക്ക് മുകളിലൂടെ മലയെ ചുംബിച്ചുകൊണ്ട് അതിശീഘ്രം തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്നു. മുകളിൽ നിരീക്ഷണത്തിനായി റോന്തു ചുറ്റുന്ന ഹെലികോപ്റ്ററുകൾ. അതിലൊന്നും ശ്രദ്ധ പതിയാതെ ഹജിന്റെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് തോളോട് തോൾ ചേർന്നു ശാന്തമായി മുസ്ദലിഫയിലേക്ക് നടന്നു നീങ്ങുന്ന ഹാജിമാർ. അതിനിടയിലായി ഇടവിട്ട് ഇടവിട്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും കാണാം. ചുറ്റിലും ജനസമുദ്രം. ആ സമുദ്രത്തിലേക്കാണ് മഞ്ഞ യൂണിഫോമിട്ട ഞങ്ങളും എത്തിയത്.
പല നാട്ടുകാരും ഞങ്ങളെ സമീപിച്ചു. അവരുടെ ടെന്റ് സ്ഥിതിചെയ്യുന്ന സ്ഥലം ചോദിച്ചറിഞ്ഞു. തളർന്നവർക്ക് വീൽചെയർ ലഭ്യമാക്കി. അന്യെരല്ലാം അനുജന്മാരാകുന്ന കാഴ്ച. അതിനിടയിൽ യാദൃച്ഛികമായി കണ്ടുമുട്ടുന്നവരെ വാരിപ്പുണർന്ന് ആലിംഗനം ചെയ്ത് കുശലം പറയുന്നു. അപ്പോഴേക്കും പിറകെനിന്നുള്ള ആളുകൾ അവരെ തലോടി മുന്നോട്ട് നടത്തുന്നു. 
അതിനിടയിൽനേരം വെളുത്തത് അറിഞ്ഞില്ല. ഞങ്ങൾ വീണ്ടും അസീസിയയിലെ താൽക്കാലിക താമസ സ്ഥലത്തെത്തി. ഉറങ്ങാൻ ഞങ്ങൾക്ക് സ്ഥലം ഒഴിച്ചിട്ടുകൊണ്ട് ഞങ്ങൾക്ക് തൊട്ടുമുമ്പുള്ള ബാച്ച് മിനയിലേക്ക് പുറപ്പെട്ടു. സൗദിയിലെ ഒട്ടേറെ ദേശങ്ങളിൽനിന്ന് വന്ന നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ. എല്ലാവർക്കും ഒരേ ഒരു ലക്ഷ്യമേയുള്ളൂ. മറ്റുള്ളവരെ സഹായിക്കുക. 
ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ കിംഗ് അബ്ദുല്ല പാതയിലൂടെ ഞങ്ങൾ പ്രയാണം തുടർന്നു. ഉഷ്ണം ശമിപ്പിക്കാൻ വേണ്ടി ആളുകൾ തണുത്ത വെള്ളത്തിന് വേണ്ടി വരിനിൽക്കുന്നു.  
കല്ലേറ് കർമം കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് അധിക പേരും വഴി അറിയാതെ പരിഭ്രാന്തരാകുന്നത്. അവിടെയാണ് സന്നദ്ധ സേവകരുടെ സേവനം അത്യാവശ്യമായി വരുന്നത്. ഓരോ ഷിഫ്റ്റിലും വിവിധ ഭാഗങ്ങളിലായിരുന്നു ഞങ്ങളെ നിയമിക്കപ്പെട്ടിരുന്നത്. അതിനാൽതന്നെ പല ദേശക്കാരുമായും സംവദിക്കാനും അവരെ സഹായിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. അതിലൂടെ മനസ്സിന് ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 
രണ്ടാമത്തെ ഏറിന്റെ ദിവസം പൊരി വെയിലത്ത് വഴി പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് ശാരീരിക ക്ഷീണം ബാധിച്ച ഏതാനും ഹാജിമാർ സമീപിച്ചു. മാപ്പ് കാണിച്ച് വഴി ഹിന്ദിയിൽ പറഞ്ഞുകൊടുത്തു.  ഞങ്ങൾക്ക് ഈ മാപ്പൊന്നും കേൾക്കേണ്ട. ഇങ്ങോട്ടൊന്നും പറയണ്ട. ഞങ്ങളെ തമ്പിൽ തിരിച്ചെത്തിക്കണം. ഞങ്ങൾക്ക് അസീസിയയിലെ നിർണിത സമയം കഴിഞ്ഞിരുന്നു. അസീസിയയിലെ ഇടത്താവളത്തിലേക്ക് പോകാനുള്ള പുറപ്പാടിലുമായിരുന്നു. എങ്കിലും അവർക്ക് വേണ്ടി ടെന്റിലേക്ക് വഴികാട്ടി. 
അവിടുന്ന് സലാം പറഞ്ഞു ജവഹറ റോഡിലൂടെ അസീസിയ്യയിലെ ഇടത്താവളം ലക്ഷ്യമാക്കി നീങ്ങി. ഇതേ പ്രവർത്തനവുമായി തുടർന്നുള്ള രണ്ടു ദിവസവും മുന്നോട്ട് പോയി.
ഇന്ത്യക്കാർ കൂടുതലും താമസിച്ചിരുന്നത് കിംഗ് അബ്ദുല്ല പാലത്തിനു സമീപത്തായുള്ള സൂകുൽ അറബ് റോഡിനും ജൗഹറ റോഡിനും ഇടയിലായിരുന്നു. അതിന്റെ അടുത്തായിതന്നെ ഹജ് മിഷൻ ഓഫീസും സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. മറ്റു സംഘടനകളിൽപ്പെട്ട കെ.എം.സി.സി, ഒ.ഐ.സി.സി, ഫ്രറ്റേണിറ്റി, വിഖായ, രിസാല തുടങ്ങിയവരുടെ സേവകരും അതുപോലെ പാകിസ്ഥാനിൽനിന്നുള്ള വളണ്ടിയർമാരും ഹാജിമാരെ സേവിക്കുന്നതിന് മുന്നിലുണ്ടായിരുന്നു.   
ഈ ഹജ് സേവന യാത്ര നൽകിയ പല ഉള്ളു നനക്കുന്ന രംഗങ്ങളും മനസ്സിനും ആത്മാവിനും ഇപ്പോഴും കുളിരേകുന്നതാണ്.  ഹജിന്റെ എല്ലാ കർമങ്ങളും കഴിഞ്ഞതിനു ശേഷം നേതാക്കൾ മൊത്തം ടീമിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. എല്ലാവരോടും നന്ദി പറഞ്ഞു. അതിനിടയിൽ പലരും കണ്ണ്‌നീര് പൊഴിക്കുന്നുണ്ടായിരുന്നു. കാരുണ്യവാനേ ഇത് നീ ഞങ്ങളിൽനിന്ന്  സ്വീകരിക്കേണമേ. എന്ന പ്രാർത്ഥനയുമായി. ഇനി ഈ ഭാഗ്യത്തിലേക്ക് ഒരു വർഷത്തെ കാത്തിരിപ്പുണ്ട്. അതെ, കാത്തിരുപ്പ് തീരുന്നില്ല. 
 

Latest News