ടി.ആര്‍.എസിന് തലവേദനയായി തെലങ്കാനയില്‍ പ്രതിപക്ഷ സഖ്യം; രാഷ്ട്രപതി ഭരണം വേണമെന്ന്

ഹൈദരാബാദ്- തെലങ്കാനയില്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ടി.ആര്‍.എസ് സര്‍ക്കാര്‍ നടത്തിയ ശ്രമം മുഖ്യമന്ത്രിക്ക് തലവേദനയാകുന്നു. കാവല്‍ സര്‍ക്കാരിനു പകരം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പുതിയ പ്രതിപക്ഷ രാഷ്ട്രീയ സഖ്യം രൂപപ്പെട്ടു. ഡിസംബറോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷിക്കപ്പെടുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ്, ടി.ഡി.പി, സി.പി.ഐ എന്നീ കക്ഷികള്‍ ചേര്‍ന്നാണ് ടി.ആര്‍.എസിനെതിരെ പുതിയ സഖ്യമുണ്ടാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ഈ സഖ്യം ഗവര്‍ണറെ കണ്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നേരത്തെയാക്കാനാണ് ഒരു വര്‍ഷത്തോളം കാലവധി ബാക്കിയുള്ള സര്‍ക്കാരിനെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പിരിച്ചുവിട്ടത്. തുടര്‍ന്ന് റാവുവിനെ കാവല്‍ മുഖ്യമന്ത്രിയായി അവരോധിക്കുകയായിരുന്നു.

ബി.ജെ.പിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ശിങ്കിടിയാണ് റാവുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്‌ക്കരണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് നടത്തരുതെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ വോട്ടര്‍പട്ടിക പരിഷ്‌ക്കരണം കമ്മീഷന്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നിയമ പ്രകാരം നിയമസഭ പിരിച്ചുവിട്ടാല്‍ ആറു മാസത്തിനകം തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്. ടിആര്‍എസിനൊപ്പം ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങളെ തള്ളിക്കൊണ്ട് ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
 

Latest News