പ്രായത്തെ  തോൽപിച്ച്...

ജപ്പാൻ പ്രൊഫഷനൽ ഫുട്‌ബോളർ കസുയൂഷി മിയൂറക്ക് 50 കഴിഞ്ഞു, പ്രൊഫഷനൽ ടെന്നിസ് കളിക്കാരി കിമികൊ ദാതെക്ക് നാൽപത്താറായി. ഇരുവരും ഇപ്പോഴും ആവേശത്തോടെ കളി തുടരുന്നു, പ്രായത്തെ നിശ്ചയദാർഢ്യം കൊണ്ട് തോൽപിച്ച്...

കായിക ലോകത്ത് അദ്ഭുതമാണ് കസുയുഷി മിയൂറയും കിമികൊ ദാതെയും. പ്രൊഫഷനൽ സ്‌പോർട്‌സിന്റെ പിരിമുറുക്കം നിറഞ്ഞ പോരാട്ട ലോകത്ത് വ്യത്യസ്തരാണ് ഇവർ രണ്ടു പേരും. ഇരുപതുകളുടെ അന്ത്യത്തോടെ കളിക്കാർ കളം വിടുന്ന ആധുനിക ലോകത്ത് അമ്പതിന്റെ സായന്തനത്തിലും ജപ്പാനിലെ ഈ രണ്ടു കളിക്കാർ പൊരുതി നിൽക്കുന്നു, ഒരാണും ഒരു പെണ്ണും. 
നാൽപത്താറുകാരിയായ കിമികൊ ടെന്നിസിൽ മുൻ ലോക നാലാം നമ്പറാണ്. ഇപ്പോൾ ടെന്നിസ് കളിക്കുന്നതിനോടൊപ്പം പാർട് ടൈം ബെയ്ക്കറി ജോലിയുമുണ്ട്. 12 വർഷത്തോളം ടെന്നിസിൽനിന്ന് വിട്ടുനിന്ന ശേഷം വിജയകരമായി അവർ തിരിച്ചുവന്നു. പരിക്കുകൾ അലട്ടിയ ഒരു വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തിരിച്ചുവരാനായി ഒരുങ്ങുകയാണ് അവർ. 
1996 ൽ കരുത്തിന്റെ പാരമ്യത്തിൽ നിൽക്കേയാണ് കിമികൊ കോർട് വിട്ടത്. ഇപ്പോൾ നാൽപത്താറായെങ്കിലും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് അവർ പറയുന്നു. ഒരു വർഷം മുമ്പ് ഗുരുതരമായി പരിക്കേറ്റപ്പോൾ കിമികൊ സാവധാനം കളി മതിയാക്കുമെന്ന് പലരും കരുതി. എന്നാൽ അതിനെ മറ്റൊരു പ്രചോദനമായി കാണുകയായിരുന്നു ക്യോടൊ സ്വദേശി. രണ്ടു തവണ കിമികോയുടെ കാൽമുട്ടിന് ശസ്ത്രക്രിയ വേണ്ടിവന്നിട്ടുണ്ട്. 2016 ഓസ്‌ട്രേലിയൻ ഓപൺ യോഗ്യതാ റൗണ്ടിലാണ് അവസാനമായി കിമികൊ കളിച്ചത്. അതിനു ശേഷം ടോക്കിയോയിൽ അവർ ഒരു ബെയ്ക്കറി ആരംഭിച്ചു. അതും കിമികൊ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. ജർമൻ റെയ്‌സിംഗ് ഡ്രൈവർ മിഷേൽ ക്രമ്മാണ് കിമികോയുടെ ഭർത്താവ്. കഴിഞ്ഞ വർഷം ഇവർ വേർപിരിഞ്ഞു. 
ഇപ്പോഴത്തെ കുട്ടികളുടെ ഇടിവെട്ട് സെർവുകളും എയ്‌സുകളുമല്ല കിമികോയുടെ കളി ശൈലി. പഴയ രീതിയിലുള്ള ലോബുകളും തന്ത്രപരമായ സ്പിന്നുകളുമൊക്കെയാണ്. അഞ്ചടി നാലിഞ്ച് മാത്രം ഉയരമുള്ള കിമികൊ എട്ട് തവണ ഡബ്ല്യൂ.ടി.എ ടൂർണമെന്റുകളിൽ കിരീടം നേടിയിട്ടുണ്ട്. ഈ മാസം ഗിഫുവിൽ നടക്കുന്ന ടൂർണമെന്റിൽ അവർ തിരിച്ചുവരികയാണ്. 
2009 ൽ കൊറിയൻ ഓപണിൽ കിരീടം നേടിയപ്പോൾ തന്നെ ഡബ്ല്യൂ.ടി.എ കിരീടം നേടുന്ന രണ്ടാമത്തെ പ്രായമേറിയ വനിതയെന്ന റെക്കോർഡ് കിമികൊ സ്വന്തമാക്കിയിരുന്നു. ബില്ലി ജീൻ കിംഗ് മാത്രമാണ് ഇതിനേക്കാൾ പ്രായത്തിൽ ചാമ്പ്യനായത്. 
കിമികോയുടെ പ്രിയ താരം മാർടിന നവരത്തിലോവയായിരുന്നു. അമ്പതാം വയസ്സിനടുത്താണ് നവരത്തിലോവ അന്തിമമായി കളം വിട്ടത്. ആ റെക്കോർഡ് ഭേദിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് കിമികൊ പറയുന്നു. കാരണം ഓരോ ദിവസവും വേദനകളുമായാണ് അവർ എഴുന്നേൽക്കുന്നത്. 
മിയൂറയുടെ കഥയും വ്യത്യസ്തമല്ല. ഏറ്റവും ചെറുപ്പത്തിൽ പ്രതിഭകളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് ആധുനിക ഫുട്‌ബോൾ. പതിനേഴും പതിനെട്ടും വയസ്സുള്ള കുട്ടികളാണ് ഇപ്പോൾ പല ടീമുകളുടെയും നെടുന്തൂൺ. മുപ്പത് കഴിഞ്ഞ കളിക്കാരെ ടീമിലെടുക്കാൻ പോലും മുൻനിര ക്ലബ്ബുകൾ മടിക്കുന്നു. പക്ഷേ അമ്പത് കഴിഞ്ഞിട്ടും ജപ്പാൻ ലീഗിൽ കരുത്തു തെളിയിക്കുകയാണ് മിയൂറ. യോക്കോഹാമ എഫ്.സിയുടെ ആക്രമണം നയിക്കാൻ കുട്ടികളുടെ ചുറുചുറുക്കോടെ മിയൂറയുണ്ട്. 
1986 ലാണ് പ്രൊഫഷനൽ ഫുട്‌ബോളിൽ മിയൂറ അരങ്ങേറിയത്. ജപ്പാൻ വിട്ട് ഫുട്‌ബോളിന്റെ നാടായ ബ്രസീലിൽ ക്ലബ് കരിയർ കെട്ടിപ്പടുക്കാനുള്ള ആ ശ്രമം തന്നെ മിയൂറയുടെ നിശ്ചയ ദാർഢ്യത്തിന് തെളിവാണ്. പെലെയുടെ ടീമായ സാന്റോസിലായിരുന്നു തുടക്കം. പിന്നീട് ഇറ്റലിയിലും ക്രൊയേഷ്യയിലും ഓസ്‌ട്രേലിയയിലും കളിച്ചു. 1993 ൽ ഏഷ്യയിലെ മികച്ച കളിക്കാരനെ പ്ലയർ ഓഫ് ദ ഇയർ ബഹുമതി നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം അവാർഡ് കിട്ടിയത് മിയൂറക്കായിരുന്നു. ജപ്പാനു വേണ്ടി 89 കളികളിൽ 55 ഗോളടിച്ചു. രാജ്യാന്തര ഫുട്‌ബോളിൽനിന്ന് വിരമിച്ചിട്ട് രണ്ടു പതിറ്റാണ്ടാറാകാറായി. ജപ്പാൻ രണ്ടാം ഡിവിഷനിൽ യോക്കോഹാമയുമായി പുതിയ കരാറൊപ്പിട്ടത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കളിച്ച പ്രായമേറിയ താരം നാൽപത്തിമൂന്നുകാരൻ ജോൺ ബറിഡ്ജാണ്. പ്രീമിയർ ലീഗിലെ പ്രായമേറിയ കളിക്കാരിൽ ആദ്യ എട്ടു പേരും ഗോൾകീപ്പർമാരാണ്. മിയൂറയാവട്ടെ, ഏറ്റവും കഠിനാധ്വാനവും വേഗവും വേണ്ട സ്‌ട്രൈക്കറും. പ്രീമിയർ ലീഗിൽ കളിച്ച പ്രായമേറിയ ഔട്ഫീൽഡ് കളിക്കാരൻ 40 വയസ്സുള്ള ടെഡി ഷെറിംഗാമാണ്. 1994 ലെ ലോകകപ്പിൽ നാൽപത്തിരണ്ടാം വയസ്സിൽ തിരിച്ചുവന്ന റോജർ മില്ല ഏറെ ഓളങ്ങൾ സൃഷ്ടിച്ചിരുന്നു. അതു പോലും മിയൂറക്കു മുന്നിൽ അപ്രസക്തമാവുന്നു. പ്രായം വെറുമൊരു നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ് മിയൂറ. ഈയിടെ യോക്കോഹാമക്കു വേണ്ടി ഗോളടിച്ചപ്പോൾ പ്രൊഫഷനൽ ഫുട്‌ബോളിൽ ഗോളടിക്കുന്ന പ്രായമേറിയ കളിക്കാരനായി മിയൂറ. 1965 ൽ സ്റ്റാൻലി മത്യൂസ് സ്ഥാപിച്ച റെക്കോർഡാണ് മിയൂറ മറികടന്നത്. പ്രൊഫഷനൽ ഫുട്‌ബോളിൽ മിയൂറയുടെ മുപ്പത്തിരണ്ടാമത്തെ സീസണാണ് ഇത്. 
 

Latest News