എസ്.ബി.ടി ആയാണ് അവർ ടൂർണമെന്റിനെത്തിയത്.
പാതിവഴിയിൽ എസ്.ബി.ഐ കേരളയായി. പേരു മാറ്റമൊന്നും പക്ഷേ ബാങ്ക് ടീമിനെ ബാധിച്ചില്ല.
ക്ലബ് കിരീടവുമായി അവർ തിരുവനന്തപുരത്തേക്കു മടങ്ങി.
കാസർകോട് ജില്ലയിൽ കാൽപന്തു കളിയുടെ ആവേശം ഇളക്കിവിട്ടാണ് സംസ്ഥാന ക്ലബ് ഫുട്‌ബോളിന് തൃക്കരിപ്പൂരിൽ കൊടിയിറങ്ങിയത്. ക്ലബ് ഫുട്‌ബോളിൽ പുതുമയുടെ പ്രതീക്ഷകൾ നൽകിയതായിരുന്നു രണ്ടാഴ്ചയിലേറെ നീണ്ടുനിന്ന ടൂർണമെന്റ്. എസ്.ബി.ടി ആയി ടൂർണമെന്റിനെത്തുകയും പാതിവഴിയിൽ എസ്.ബി.ഐ ആയി മാറുകയും ചെയ്ത ബാങ്ക് ടീം പേരുമാറ്റത്തിന്റെ പുകിലുകളൊന്നും ബാധിക്കാതെ കിരീടവുമായി മടങ്ങി. എസ്.ബി.ഐയിൽ എസ്.ബി.ടി ലയിച്ചതോടെയാണ് ടീമിന്റെ പേര് എസ്.ബി.ഐ കേരള എന്നാക്കിയത്. ബാങ്ക് ലയനത്തോടെ ടീമിനെ പിരിച്ചുവിട്ടേക്കുമോയെന്ന വലിയ ആശങ്കയോടെയാണ് ക്ലബ് ടീം ടൂർണമെന്റിനെത്തിയത്. എന്നാൽ ടീമിനെ നിലനിർത്തുമെന്നറിഞ്ഞത് കളിക്കാർക്ക് ആവേശമായി. കിരീടവുമായി അവർ മടങ്ങി. നിലവിലെ ചാമ്പ്യന്മാരായ കെ.എസ്.ഇ.ബിയുടെ പരീക്ഷണം അമ്പേ പരാജയപ്പെട്ടു.
എന്നാൽ ഈ ടൂർണമെന്റിന്റെ കണ്ടെത്തൽ നവാഗതരായ ഗോകുലം എഫ്.സി മലപ്പുറമാണ്. കന്നി ക്ലബ് ചാമ്പ്യൻഷിപ്പിൽ അവർക്ക് ഫൈനലിലെത്താനും സഡൻഡെത്ത് വരെ ഇഞ്ചോടിഞ്ച് പൊരുതാനും സാധിച്ചു. വരും കാലങ്ങളിൽ ഗോകുലം ദേശീയ ഫുട്‌ബോളിൽ കേരളത്തിന് വലിയ പ്രതീക്ഷയായേക്കും. ആവേശ ഫുട്‌ബോൾ പുറത്തെടുത്ത ഫാറൂഖ് കോളേജിന്റെയും സ്‌പോർട്‌സ് അക്കാദമി തിരൂരിന്റെയും ചുണക്കുട്ടന്മാരും ടൂർണമെന്റിന് ഹരം പകർന്നു. അതേസമയം കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നു മത്സരിക്കാൻ എത്തിയ ജില്ലാ ചാമ്പ്യന്മാരായ ടീമുകൾ ഏറെ നിരാശപ്പെടുത്തി.
കേരളത്തിലെ പരമ്പരാഗത ടീമുകളായ കേരളാ പോലീസും എസ്.ബി.ഐ കേരളയും സെൻട്രൽ എക്‌സൈസ് കൊച്ചിയും ഗോകുലവുമാണ് സെമി ഫൈനലിലേക്ക് മുന്നേറിയത്.
ഗോകുലം ഗോപാലൻ ഗ്രൂപ് ഓഫ് കമ്പനിയുടെ പ്രൊഫഷണൽ ഫുട്‌ബോൾ രംഗത്തേക്കുള്ള ചുവടുവെപ്പാണ് ഗോകുലം എഫ്.സി. കേരളത്തിലെയും ഉത്തരേന്ത്യയിലെയും മികച്ച കളിക്കാരെ ഉൾപ്പെടുത്തിയാണ് ടീം ഉണ്ടാക്കിയത്. വിവ കേരളയുടെ മുൻ കോച്ചായിരുന്ന ബിനോ ജോർജാണ് പരിശീലകൻ. പ്രൊഫഷണൽ കോച്ചിംഗ് ലൈസൻസ് ലഭിച്ച ഏക മലയാളി കോച്ചാണ് ബിനോ ജോർജ്. ഗോകുലം ഗ്രൂപ്പിന്റെ ചുമതല വഹിക്കുന്ന പ്രവീൺ ആണ് ക്ലബ്ബിന്റെയും മാനേജർ. ടീം നിലവിൽ വന്ന ശേഷം വടക്കേ ഇന്ത്യയിൽ ചില മത്സരങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിന്റെ മണ്ണിൽ സംസ്ഥാന ക്ലബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലാണ് അവർ ആദ്യമായി ബൂട്ടണിയുന്നത്.
ജിംഖാന കണ്ണൂരും സ്‌പോർട്‌സ് അക്കാദമി തിരൂരും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റ് നടക്കാവ് മൈതാനിയിൽ ആരംഭിച്ചത്. 23 വർഷത്തിന് ശേഷം കാസർകോട് ജില്ലക്ക് അനുവദിച്ച ചാമ്പ്യൻഷിപ്പ് 18 ദിവസം നീണ്ടിനിന്നു. കേരളത്തിലെ പതിനാല് ജില്ലാ ചമ്പ്യന്മാരും പ്രഗത്ഭരായ ചാമ്പ്യൻ ക്ലബുകളും തൃക്കരിപ്പൂരിന് ഫുട്‌ബോൾ മാമാങ്കത്തിൽ ലഹരി പകരാൻ എത്തി. രണ്ടു പൂളുകളായിട്ടാണ് ആദ്യ റൗണ്ട് മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ കെ.എസ്.ഇ.ബിയും ഗോകുലം എഫ്.സി മലപ്പുറവും ഫാറൂഖ് കോളേജ്, സ്‌പോർട്‌സ് അക്കാദമി തിരൂരുമാണ് ആദ്യം കളത്തിലിറങ്ങിയത്. കരുത്തരെ മലർത്തിയടിച്ചാണ് കപ്പിനരികെ ഗോകുലം എത്തിയത്. അതേസമയം കേരളത്തിലെ മികച്ച താരനിര തന്നെയുള്ള കെ.എസ്.ഇ.ബിക്ക് ആദ്യ റൗണ്ടിൽ തന്നെ തോറ്റുമടങ്ങേണ്ടിവന്നത് ക്ലബ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ആദ്യമായിരിക്കും. മികച്ച കളിക്കാരെ ബെഞ്ചിൽ ഇരുത്തി ദുർബലരായ താരങ്ങളെ ഇറക്കി പരീക്ഷണം നടത്തിയത് വലിയ പരാജയമായി. തോറ്റു തൊപ്പിയിട്ട് തുടക്കത്തിലെ മടക്ക ടിക്കറ്റ് എടുത്തു കെ.എസ്.ഇ.ബി. ദുർബല ടീമുകൾ മാത്രമുണ്ടായിരുന്ന പൂളിൽ ഇടംപിടിച്ച സെൻട്രൽ എക്‌സൈസ് വലിയ പരിക്കുകളൊന്നും ഇല്ലതായാണ് സെമിബർത്ത് ഉറപ്പിച്ചത്. ഈ രണ്ടു ടീമുകൾക്കും ഫാറൂഖ് കോളേജും സ്‌പോർട്‌സ് അക്കാദമി തിരൂരും വലിയ വെല്ലുവിളി ഉയർത്തി.
പ്രഗത്ഭമായ ടീമുകൾ രണ്ടാമത്തെ പൂളിലായിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റും ഏജീസ് ഓഫീസ് തിരുവനന്തപുരവും എം.എസ്.പി മലപ്പുറവും കേരള പോലീസും എസ്.ബി.ഐ കേരളയുമൊക്കെ. മുൻ ചാമ്പ്യന്മാരായ കേരള പോലീസും രണ്ടു തവണ ചാമ്പ്യൻഷിപ്പ് നേടിയ എസ്.ബി.ഐ കേരളയും (എസ്.ബി.ടി) പെരുമക്കൊത്ത പ്രകടനം കാഴ്ചവെച്ചു. കരുത്തരും സന്തോഷ് ട്രോഫി താരങ്ങളും അണിനിരന്ന എജീസ് ഓഫീസ് തിരുവനന്തപുരത്തെ അട്ടിമറിച്ചാണ് കേരള പോലീസ് സെമിഫൈനലിൽ കഷ്ടിച്ചു കടന്നുകൂടിയത്. ക്വാർട്ടർ ഫൈനൽ മത്സരം ജീവന്മരണ പോരാട്ടമായി.
പൊരുതിക്കളിച്ച കൊച്ചി പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് അട്ടിമറിച്ചായിരുന്നു എസ്.ബി.ഐ കേരള കരുത്തു കാണിച്ചത്. പോർട്ട് ട്രസ്റ്റ് എസ്.ബി.ഐക്ക് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഭീഷണി മറികടക്കൻ ബാങ്കിന് കഴിഞ്ഞു. ഏറ്റവും കൂടുതൽ സന്തോഷ് ട്രോഫി താരങ്ങളുമായി ക്ലബ് ഫുട്‌ബോളിന് എത്തിയ ടീം എന്ന ബഹുമതി എസ്.ബി.ഐ കേരളക്ക് തന്നെയായിരുന്നു. 21 കളിക്കാരിൽ 16 താരങ്ങളും സന്തോഷ് ട്രോഫിയിൽ പയറ്റിത്തെളിഞ്ഞവരായിരുന്നു.






