സൗദിയില്‍ വിദേശികള്‍ അയക്കുന്ന പണത്തിന് ടാക്‌സ് പരിഹാരമല്ല

ജിദ്ദ- സൗദി അറേബ്യയിലെ വിദേശികള്‍ നാട്ടിലയക്കുന്ന പണത്തിനു ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ലെന്ന് ശൂറാ കൗണ്‍സില്‍ അംഗവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ ഡോ. മുഹമ്മദ് അല്‍ അബ്ബാസ് പറഞ്ഞു.

ഇത്തരമൊരു നിര്‍ദേശം ശൂറാ കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്ന് മലയാളം ന്യൂസിന്റെ സഹോദര പ്രസിദ്ധീകരണമായ അറബ് ന്യൂസിനോട് അദ്ദേഹം പറഞ്ഞു.
ദീര്‍ഘകാലം മുമ്പ് തന്നെ പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോത് 1500 കോടി റിയാല്‍ എത്തിയപ്പോള്‍ ഉയര്‍ന്നുവന്നതാണ് ഈ നിര്‍ദേശം. ഇത്തരം റെമിറ്റന്‍സിന് ഫീ ഏര്‍പ്പെടുത്തണമെന്ന ആവശ്യം മാധ്യമങ്ങളിലൂടെ ഉയര്‍ന്നവന്ന അക്കാലത്ത് പ്രവാസികളുടെ ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിരുന്നില്ല. പ്രവാസി റെമിറ്റന്‍സ് തുക ഉയര്‍ന്ന ്‌വേളയില്‍ അതിനു ഫീസ് ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നു മാത്രമായിരുന്നു ചര്‍ച്ച.

രാജ്യത്തിന്റെ ധനശേഖരം സംരക്ഷിക്കപ്പെടേണ്ട ആവശ്യകത മാത്രമാണ് അപ്പോഴും ഉയര്‍ത്തിക്കാണിച്ചിരുന്നത്. ഒരു വിദേശ തൊഴിലാളി നാട്ടിലേക്ക് പണമയക്കുമുമ്പോള്‍ അതു പ്രധാന കറന്‍സികളിലൂടെ, പ്രത്യേകിച്ച് യു.എസ് ഡോളറിലൂടെയാണ് കടന്നു പോകുന്നത്. ബാങ്കുകള്‍ റിയാല്‍ ഡോളറിലേക്ക് മാറ്റുമ്പോള്‍ ഡോളറാണ് രാജ്യത്തിനു പുറത്തേക്ക് ഒഴുകുന്നത്.
ഇതാണ് രാജ്യത്തിന്റെ നാണയശേഖരത്തെ അതു ബാധിക്കുമെന്ന് പറയാന്‍ കാരണമെന്ന് അല്‍ അബ്ബാസ് വിശദീകരിച്ചു.
വിദേശ തൊഴിലാളികളുടെ റെമിറ്റന്‍സിന് ഫീ ഏര്‍പ്പെടുത്തകയെന്നത് നേരത്തെ പ്രായോഗികമായിരുന്നില്ല, ഇപ്പോഴും അത് അങ്ങനെ തന്നയാണെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. പണം പുറത്തേക്ക് അയക്കാന്‍ മറ്റു നിരവധി ചാനലുകള്‍ ഉണ്ടായിരിക്കെ, നികുതി ഏര്‍പ്പെടുത്തുകയെന്നത് ഒരു പ്രധാന പരിഹാരമേയല്ല.
രാജ്യത്ത് ജോലി ചെയ്യുന്ന ഒരു വിദേശി സ്ഥിരമായി എല്ലാ നികുതികളും സര്‍ക്കാരിനു നല്‍കിക്കൊണ്ടിരിക്കെ, നിയമവിധേയമായ നടപടികളില്‍ ഏര്‍പ്പെടുന്നത് തടയാനാവില്ല. ഇത് രാജ്യം വിദേശതൊഴിലാളികള്‍ക്ക് വകവെച്ചു നല്‍കിയ അവകാശങ്ങളിലൊന്നാണ്. രാജ്യത്തിന്റെ നിയമങ്ങള്‍ നീതിയുടെ അടിസ്ഥാനത്തിലായതിനാല്‍ തന്നെ മറ്റു നികുതികള്‍ നല്‍കുന്ന വിദേശിയോട് റെമിറ്റന്‍സിന് നികുതി നല്‍കാന്‍ ആവശ്യപ്പെടാനാവില്ല.
തൊഴിലില്ലായ്മയടക്കം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് റെമിറ്റന്‍സ് ടാക്‌സ് പരിഹാരമല്ലെന്ന് അല്‍അബ്ബാസ് പറഞ്ഞു. ദേശീയ സമ്പദ്ഘടനക്ക് യാതൊരു മെച്ചവും നല്‍കാനിടയില്ലാത്ത ഈ നിര്‍ദേശം വഴി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയില്ല. വിദേശ തൊഴിലാളികള്‍ക്ക് ആഘാതമേല്‍പിക്കാന്‍ മാത്രമേ ഇത്തരമൊരു നിര്‍ദേശത്തിനു സാധിക്കൂയെന്നാണ് പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരിക്കുന്നത്. നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തെ വിദേശ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുമെന്നും അല്‍ അബ്ബാസ് പറഞ്ഞു. മറ്റു രാജ്യങ്ങള്‍ ഇതേ ആശയം നടപ്പിലാക്കി അവിടങ്ങളില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ആഗോള സാമ്പത്തിക നയത്തില്‍ ഇത് സ്വാഭാവികമാണ്. റെമിറ്റന്‍സ് നികുതി പോലുള്ളത് അടിച്ചേല്‍പിക്കുമ്പോള്‍ മൂലധന നീക്കത്തിനു തടസ്സമാകാനും സാധ്യതയുണ്ട്. സ്വതന്ത്രവും സുഗമവുമായ മൂലധന നീക്കമുണ്ടാകില്ല.
സൗദി ബാങ്കിംഗ് സംവിധാനം ശക്തമാണെന്നും നികുതി വെട്ടിച്ചും മറ്റും രാജ്യത്തുനിന്ന് കടത്തുന്ന പണം തടയാന്‍ ബാങ്കുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിനാമി ബിസിനസ് തടയുന്നതിന് മന്ത്രാലയം ശക്തമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ രണ്ടു മാര്‍ഗങ്ങള്‍ തന്നെ ധാരാളമാണെന്നും വിദേശികളുടെ റെമിറ്റന്‍സിന് നികുതി ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും അല്‍ അബ്ബാസ് പറഞ്ഞു.
വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ അങ്ങനെയൊരു നീക്കമില്ലെന്നും സ്വതന്ത്രമായ പണവിനിമയത്തെ പിന്തുണക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരം നിര്‍ദേശം രാജ്യത്തെ വിദേശ നിക്ഷേപത്തെ ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സൗദിയില്‍ ഒരു കോടിയോളം വിദേശികളാണുള്ളത്. ഇവര്‍ 2017 ല്‍ 3800 കോടി ഡോളര്‍ സ്വദേശങ്ങളിലേക്ക് അയച്ചുവെന്നായിരുന്നു കണക്ക്.
 

Latest News