ഈ സെല്‍ഫിയിടാന്‍ സഞ്ജു കാത്തിരുന്നത് അഞ്ചു വര്‍ഷം; പുതിയ ഇന്നിങ്‌സ് ചാരുവിനൊപ്പം

കൊച്ചി- അഞ്ചു വര്‍ഷം സൂക്ഷിച്ചുവച്ച പ്രണയ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗമായ മലയാളി യുവതാരം സഞ്ജു സാംസണ്‍. ഞാന്‍ പ്രണയത്തിലാണ്, അഞ്ചു വര്‍ഷമായി എന്റെ പ്രണയിനിയുടെ കൂടെയുള്ള ഫോട്ടോ പുറത്തുവിടാനും പ്രണയം ലോകത്തോട് വിളിച്ചുപറയാനുമായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഞങ്ങളൊരുമിച്ച് സമയം ചെലവിട്ടിട്ടുണ്ട്. പക്ഷെ അത് പരസ്യമാക്കാന്‍ ഇതുവരെ സമയമായിരുന്നില്ല. എന്നാല്‍ ഇന്നത് വെളിപ്പെടുത്താം. രക്ഷിതാക്കളുടെ ആശീര്‍വാദത്തോടെ ഞങ്ങള്‍ ഔദ്യോഗികമായി ഒന്നിക്കാന്‍ തീരുമാനിച്ചു- സഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു. ചാരുവാണ് സഞ്ജുവിന്റെ പുതുജീവിത ഇന്നിങ്‌സില്‍ പങ്കാളി. തനിക്കും ചാരുവിനും എല്ലാവരുടേയും അനുഗ്രഹവും സഞ്ജു തേടിയിട്ടുണ്ട്.

2013 ഓഗസ്റ്റ് 22ന് രാത്രി 11.11ന് 'ഹായ്' എന്ന ഒരു ചാറ്റിലൂടെയാണ് ചാരുവുമായുള്ള പ്രണയത്തിന്റെ തുടക്കമെന്നും സഞ്ജു പറയുന്നു. ഇരുവരുടേയും വിവാഹം വൈകാതെ നടക്കും. സഞ്ജുവിന്റെ കളിത്തിരക്കുകള്‍ കണക്കിലെടുത്ത് സൗകര്യപ്രദമായ ഒരു ദിവസം കണ്ടെത്താനുള്ള ശ്രമത്തിലാണ് കുടുംബം.
 

Latest News