ന്യൂഡൽഹി - ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ ഹർജിയിൽ സുപ്രീം കോടതി രാത്രിതന്നെ അടിയന്തര വാദം കേൾക്കില്ല.
അറസ്റ്റിൽ അടിയന്തര ഹരജിയുമായി എ.എ.പിയുടെ ലീഗൽ ടീം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും രജിസ്ട്രാർ പരിഗണിച്ചില്ല. വെള്ളിയാഴ്ച ഹരജി കേൾക്കുന്നതിലും ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല. ഹോളി അവധിയിലേക്ക് പ്രവേശിക്കുന്ന സുപ്രീം കോടതി ഇനി എപ്രിൽ ഒന്നിനാണ് തുറക്കുക. കേസ് നാളെ (വെള്ളി) ലിസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസ് പ്രത്യേക ബെഞ്ച് പരിഗണിക്കാനുള്ള സാധ്യതയില്ലെന്നാണ് വിവരം.
അതിനിടെ, അറസ്റ്റ് ചെയ്ത കെജ്രിവാളിനെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം റോസ് അവന്യു കോടതിയിൽ നേരിട്ട് ഹാജറാക്കാതെ, വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കുമെന്നാണ് റിപോർട്ടുകൾ.






