റെഡിമെയ്ഡ് ഷോറൂമുകളിലെ സൗദിവൽക്കരണം മുൻ തീരുമാനത്തിന് വിരുദ്ധമല്ലെന്ന് മന്ത്രാലയം

റിയാദ്- റെഡിമെയ്ഡ് വസ്ത്രങ്ങളും ജെന്റ്‌സ് ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ട തീരുമാനത്തിന് വിരുദ്ധമല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ലേഡീസ് വസ്ത്രങ്ങളും ലേഡീസ് ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിൽ വനിതാവൽക്കരണം നേരത്തെ നിർബന്ധമാക്കിയിരുന്നു. ഓരോ പ്രവിശ്യയിലും അനുയോജ്യമായ പ്രത്യേക മേഖലകൾ കണ്ടെത്തി സൗദിവൽക്കരണം നടപ്പാക്കുന്നതിന് പ്രവിശ്യാ ഗവർണറേറ്റുകളുമായി കരാറുകൾ ഒപ്പുവെച്ച പദ്ധതികൾക്കും പുതിയ തീരുമാനം വിരുദ്ധമല്ലെന്ന് മന്ത്രാലയം പറഞ്ഞു. 
അടുത്ത ചൊവ്വാഴ്ച മുതൽ മൂന്നു ഘട്ടങ്ങളിലായി 12 മേഖലകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പുതുതായി 12 മേഖലകളിൽ കൂടി സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം ജനുവരി അവസാനത്തിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി ഇത് നടപ്പാക്കും.
 കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ-കുട്ടികൾക്കുള്ള വസ്ത്രങ്ങൾ-പുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവൽക്കരണം നടപ്പാക്കും. 
ഈ മേഖലകളിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾക്കെല്ലാം പുതിയ തീരുമാനം ഒരുപോലെ ബാധകമായിരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. 
 

Latest News