തലശ്ശേരി- കണ്ണൂർ സെൻട്രൽ ജയിലിൽ സി.പി.എം പ്രവർത്തകനായ തടവുകാരനെ കൊലപ്പെടുത്തിയ കേസിന്റെ സാക്ഷി മൊഴി കോടതിയിൽ നിന്ന് കാണാതായി. വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജ് പി.എൻ വിനോദ് മുമ്പാകെ തുടരുന്നതിനിടയിലാണ് സാക്ഷി മൊഴി കാണാതായ കാര്യം പ്രൊസിക്യൂഷന്റെ ശ്രദ്ധയിൽപ്പെട്ടത്. നാദാപുരം കക്കട്ട് അമ്പലക്കുളങ്ങരയിലെ കെ.പി രവീന്ദ്രൻ(47) കൊല്ലപ്പെട്ട കേസിലെ സാക്ഷി മൊഴിയാണ് കാണാതായിരുന്നത.് സംഭവം നടന്ന് പതിനാല് വർഷത്തിന് ശേഷമാണ് കേസിന്റെ വിചാരണ നടപടി ആരംഭിച്ചിരുന്നത്.
കേസ് ഈ മാസം 10ന് വീണ്ടും കോടതി പരിഗണിക്കാൻ വെച്ചതിനെ സാക്ഷി മൊഴി കോടതിയിൽ നിന്ന് തന്നെ കണ്ടെത്തി. തുടർന്ന് കേസിന്റെ വിചാരണ സെപ്തംബർ 11 മുതൽ പുനരാരംഭിക്കും. ഇതേ തുടർന്ന് പ്രൊസിക്യൂഷൻ ഒന്നാം സാക്ഷിയായി വി്സ്തരിച്ച ജയിൽ ഹെഡ് വാർഡൻ പ്രവീൺബാബു, രണ്ടാം സാക്ഷിയായി വിസ്തരിച്ച സംഭവത്തിനിടെ പരിക്കേറ്റ തടവുകാരൻ വളയം സ്വദേശി രാജു എന്നിവരെ വീണ്ടും വിസ്തരിക്കാൻ കോടതി അനുവാദം നൽകി.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും റിമാൻഡ് തടവുകരുമായ 31 പേരാണ് കേസിലെ പ്രതികൾ. സഹ തടവുകരുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രവീന്ദ്രൻ പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണപ്പെട്ടത്. അക്രമത്തിനിടെ സി.പി.എം പ്രവർത്തകരായ വളയം സ്വദേശി രാജു, പാലക്കാട് സ്വദേശി രാഗേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. ജയിൽ വളപ്പിലെ വിറക് കൊള്ളിയും മറ്റുമുപയോഗിച്ചാണ് പ്രതികൾ അക്രമം നടത്തിയിരുന്നത.് വിറക് കൊള്ളി കൊണ്ടുള്ള അടിയേറ്റ് രവീന്ദ്രന്റെ തല പിളർന്നിരുന്നു. കേസിലെ ഒന്നാം സാക്ഷിയായ ജയിൽ ഹെഡ് വാർഡൻ പ്രവീൺ ബാബു നാല് പ്രതികളെയും ആയുധങ്ങളും വിചാരണ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ജയിൽ ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 71 സാക്ഷികളാണ് പ്രൊസിക്യൂഷൻ ഭാഗത്തുള്ളത.് പ്രൊസിക്യൂഷന് വേണ്ടി സ്പെഷൻ പ്രൊസിക്യൂട്ടർ അഡ്വ. എം.കെ ദിനേശൻ, അഡ്വ. എൻ.ഷംസുദ്ദീൻ എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി.എസ് ശ്രീധരൻപിള്ള, അഡ്വ.ഭാസ്ക്കരൻ നായർ, അഡ്വ. ടി.സുനിൽകുമാർ അഡ്വ. പി.പ്രേമരാജൻ എന്നിവരാണ് ഹാജരാവുന്നത.്
---






