തിരുവനന്തപുരം- പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറില്‍നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്. അനധികൃത കുടിയേറ്റക്കാര്‍ എന്ന പ്രയോഗം ആദ്യമായി പൗരത്വ നിയമത്തില്‍ വന്നത് 2003ല്‍ വാജ്പേയ് സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍ ആരാണ് അനധികൃത കുടിയേറ്റക്കാര്‍ എന്നത് നിര്‍വചിക്കപ്പെട്ടത് മതാടിസ്ഥാനത്തിലായിരുന്നില്ല. 2019ലെ ഭേദഗതിയാണ് പൗരത്വത്തെ നിര്‍ണയിക്കാനുള്ളതിന് അടിസ്ഥാനമാക്കി മതത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മതത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വ സങ്കല്‍പ്പം ഭരണഘടനയുടെ പരിഗണനയിലുള്ളതല്ല. ഭരണഘടനയുടെ 14, 21, 25 ഈ വകുപ്പുകളുടെയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വമായ മതേതരത്വത്തിന്റെയും ലംഘനമാണ് ഈ നിയമം. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ ഒരു നിയമം സര്‍ക്കാരുകള്‍ക്ക് കൊണ്ടുവരാനാകില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ഇന്ത്യന്‍ ഭൂപ്രദേശത്ത് എല്ലാവര്ക്കും നിയമത്തിനു മുന്നില്‍ സമത്വം, തുല്യമായി നിയമസംരക്ഷണം എന്നിവ ഉറപ്പ് നല്‍കുന്നുണ്ട്. കുടിയേറ്റക്കാരെ മുസ്ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതിലൂടെ ഇന്ത്യ എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനാ ധാര്‍മികതയ്ക്ക് വിഭിന്നമായി മതപരമായ വിഭജനത്തെ നിയമപരമാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെങ്കിലും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.