വയനാട് മൈലമ്പാടിയില്‍ കൂട്ടിലായത് ഏഴു വയസുള്ള പെണ്‍ കടുവ

കല്‍പറ്റ- വയനാട് മൈലമ്പാടിയില്‍ ചൊവ്വാഴ്ച രാത്രി കൂട്ടിലായത് ഏഴ് വയസ് മതിക്കുന്ന പെണ്‍ കടുവ. ഡബ്ല്യു. വൈ. എസ് 07 ആണ് ഐ. ഡി നമ്പര്‍. രാത്രിതന്നെ ബത്തേരി കുപ്പാടി പച്ചാടിയിലെ വന്യമൃഗ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയെ വനസേന നിരീക്ഷിച്ചുവരികയാണ്. 

വിശദമായ പരിശോധന നടത്തി ഫോറസ്റ്റ് അസിസ്റ്റന്റ് സര്‍ജന്‍ മേലധികാരിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതേത്തുടര്‍ന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിര്‍ദേശിക്കുന്നതനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും. കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള
മൈലമ്പാടിയില്‍ പാമ്പുംകൊല്ലി കാവുങ്ങല്‍ കുര്യന്റെ കൃഷിയിടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. മൈലമ്പാടിയിലും സമീപപ്രദേശങ്ങളായ പുല്ലുമല, അപ്പാട് എന്നിവിടങ്ങളിലും 10 ദിവസമായി കടുവ സാന്നിധ്യമുണ്ടായിരുന്നു. 

ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങിയ കടുവ നാല് ആടിനെ കൊന്നു. ഈ സാഹചര്യത്തിലാണ് കൂട് വെച്ചത്. 2023 ഏപ്രിലിനു ശേഷം വയനാട് ലാന്‍ഡ് സ്‌കേപ്പില്‍നിന്നു പിടികൂടുയ ഏഴാമത്തെ കടുവയാണ് ഡബ്ല്യു. വൈ. എസ് 07.

Latest News