ഹോട്ടല്‍ വ്യാപാരി കോഴിവ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; തടയാന്‍ ചെന്നയാള്‍ക്കും വെട്ടേറ്റു

കാസര്‍കോട്- ഹോട്ടല്‍ വ്യാപാരി കോഴി വ്യാപാരിയെ കടയില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്നയാള്‍ക്കും വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള- ബദിയടുക്ക റോഡിനടുത്ത് പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടല്‍ വ്യാപാരിയും ശാന്തിപ്പള്ളത്ത് താമസക്കാരനുമായ  ആരിഫിനെതിരെ കുമ്പള പോലീസ് വധശ്രമത്തിന് കേസെടുത്തു.

കുമ്പള സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം മാട്ടക്കുഴി റോഡിലെ കോഴി വ്യാപാരി അന്‍വറി(39)നാണ് തലക്കും കാലിനും വെട്ടേറ്റത്. അക്രമം തടയാന്‍ ശ്രമിച്ച കഞ്ചിക്കട്ടയിലെ ഇബ്രാഹിമി(45)ന്റെ  കാലിനാണ് വെട്ടേറ്റത്. കുമ്പള മാര്‍ക്കറ്റ് റോഡിലാണ് സംഭവം. 

കോഴിക്കടയിലെത്തിയ ആരിഫിനോട് അന്‍വര്‍ തര്‍ക്കിച്ച് സംസാരിക്കുകയും വാക്കുതര്‍ക്കത്തിനിടെ ഇരുവരും സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ മേശപ്പുറത്തുണ്ടായിരുന്ന കോഴി മുറിക്കുന്ന കത്തി കൊണ്ട് ആരിഫ് അന്‍വിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.   അന്‍വാറിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വന്നു. തലക്ക് 18 തുന്നലിട്ടിട്ടുണ്ട്. ആരിഫ് ഒളിവിലാണ്. പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Latest News