തലശേരി-മാഹി ബൈപ്പാസ് ഇന്ന്  പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍-തലശേരി മുതല്‍ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍വഹിക്കും. രാവിലെ 11 മണിയോടെ ഓണ്‍ലൈനായി ആകും ഉദ്ഘാടനം. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ എട്ട് മണിമുതല്‍ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പിരിച്ചുതുടങ്ങി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും.
തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്. 45 മീറ്റര്‍ വീതിയും 18.6 കിലോമീറ്റര്‍ നീളവുമുള്ള ബൈപ്പാസ് നീണ്ട 47 വര്‍ഷത്തെ പ്രദേശവാസികളുടെ കാത്തിരിപ്പിന്റെ ഫലമാണ്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. എന്നാല്‍ ആദ്യ മോഡി സര്‍ക്കാരിന്റെ കാലത്ത് 2018ല്‍ മാത്രമാണ് നിര്‍മ്മാണം ആരംഭിക്കാനായത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.രഘുനാഥും ഇന്ന് ബൈപ്പാസില്‍ റോഡ്‌ഷോ നടത്തും. കാര്‍, ജീപ്പടക്കം വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 65 രൂപയും ബസിന് 225 രൂപയുമാണ് ടോള്‍ നിരക്ക്.
 

Latest News