തമിഴ് ചലച്ചിത്രനിര്‍മാതാവ് 2,000  കോടിയുടെ മയക്കുമരുന്ന് കടത്തി

ന്യൂദല്‍ഹി-രാജ്യതലസ്ഥാനത്ത് മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ മൂന്നുപേര്‍ പിടിയിലായ സംഭവത്തില്‍ വഴിത്തിരിവ്. മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ജാഫര്‍ സാദിക്കിനെ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
മുഖ്യസൂത്രധാരനായ തമിഴ് സിനിമാ നിര്‍മാതാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞെങ്കിലും ഇയാളുടെ പേരോ മറ്റുവിവരങ്ങളോ നേരത്തെ പുറത്തുവിട്ടിരുന്നില്ല. രണ്ടാഴ്ചയിലേറെയായി നടത്തിയ തിരച്ചിലിനൊടുവിലാണ് ജാഫര്‍ സാദിക്ക് ശനിയാഴ്ച പിടിയിലായത്.
ഫെബ്രുവരി 15-ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റമിന്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്യൂഡോഎഫഡ്രിനുമായിട്ടാണ് തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) പശ്ചിമ ഡല്‍ഹിയിലെ ഗോഡൗണില്‍നിന്ന് പിടികൂടിയത്. കോക്കനട്ട് പൗഡര്‍, ഹെല്‍ത്ത് മിക്‌സ് പൗഡര്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ അയയ്ക്കുന്നതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുവും വിദേശത്തേക്ക് കടത്തിയത്. ഭക്ഷ്യവസ്തുക്കള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇത്തരത്തില്‍ കടത്ത് നടന്നിരുന്നതെന്നും എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുകള്‍ വന്‍തോതില്‍ തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നതായി ന്യൂസിലാന്‍ഡ് കസ്റ്റംസും ഓസ്‌ട്രേലിയന്‍ പോലീസും നേരത്തെ എന്‍.സി.ബി.യെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയന്‍ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് എന്‍.സി.ബി. സംഘം അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് യു.എസ്. ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ ഇതുസംബന്ധിച്ച ചില സൂചനകള്‍ എന്‍.സി.ബി.ക്ക് കൈമാറി.
മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ വരുന്നത് ഡല്‍ഹിയില്‍നിന്നുള്ള ചരക്കുകളിലാണെന്നാണ് അമേരിക്കന്‍ ഏജന്‍സി വിവരം നല്‍കിയത്. ഇതോടെ എന്‍.സി.ബി.യും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലും സംയുക്തമായി അന്വേഷണം ആരംഭിച്ചു. നാലുമാസത്തെ അന്വേഷണത്തിനൊടുവിലാണ് മയക്കുമരുന്ന് സംഘത്തെ അധികൃതര്‍ കണ്ടെത്തിയത്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ഉടന്‍തന്നെ ഓസ്‌ട്രേലിയയിലേക്ക് ഇവര്‍ രാസവസ്തുക്കള്‍ കടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും അന്വേഷണസംഘത്തിന് വ്യക്തമായി. ഇതിനുപിന്നാലെയാണ് പശ്ചിമ ഡല്‍ഹിയിലെ ഗോഡൗണില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ 50 കിലോഗ്രാം സ്യൂഡോഎഫെഡ്രിനാണ് എന്‍.സി.ബി. സംഘം പിടിച്ചെടുത്തത്. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം സ്യൂഡോഎഫെഡ്രിനും പാക്ക് ചെയ്യുന്നതിനിടെയായിരുന്നു സംഘത്തിന് പിടിവീണത്. പിന്നാലെ ഗോഡൗണിലുണ്ടായിരുന്ന മൂന്ന് തമിഴ്‌നാട് സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മൂന്നുവര്‍ഷത്തിനിടെ ഏകദേശം 45 തവണ മയക്കുമരുന്ന് നിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ വിദേശത്തേക്ക് കടത്തിയതായി ചോദ്യംചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി. അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപ വിലവരുന്ന 3500 കിലോ സ്യൂഡോഎഫെഡ്രിനാണ് ഇത്തരത്തില്‍ പലതവണകളായി വിദേശരാജ്യങ്ങളിലേക്ക് കടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

Latest News