ജിസാൻ- തുറമുഖ നഗരമായ ജിസാൻ പ്രവിശ്യയുടെ സാംസ്‌കാരിക തനിമയും പൈതൃകവും വിളിച്ചോതുന്ന ചരിത്രത്തിന്‍റെ അവശേഷിപ്പുകളും പരമ്പരാഗത ജനജീവിതത്തി നേർക്കാഴ്ച്ചകളുമൊരുക്കി ജിസാൻ. പൈതൃകഗ്രാമം ഇത്തവണയും ജിസാൻ വിന്റർ ഫെസ്റ്റിവൽ സന്ദർശകരുടെ ശ്രദ്ധയാകര്‍ഷിച്ചു, കഴിഞ്ഞ ദിവസം സമാപിച്ച ജിസാൻ വിന്റർ ഫെസ്റ്റിവൽ -2024 ന്‍റെ പ്രധാന വേദിയായ പൈതൃകഗ്രാമത്തിൽ ഇത്തവണയും ദിനംപ്രതി നാലായിരത്തിലധികം പേര്‍ സന്ദർശനം നടത്തിയതായി ഡയറക്ടർ ഹമദ് അലി മൊഹ്‌സൻ ദഖ് ദഖി പറഞ്ഞു.
പ്രവിശ്യയുടെ സാംസ്‌കാരിക വൈവിധ്യവും കലാപാരമ്പര്യവും ആവിഷ്കരിക്കുന്ന നൂറോളം പരമ്പരാഗത കലാപരിപാടികളും സാംസ്‌കാരിക പരിപാടികളും വിന്റർ ഫെസ്റ്റിവലിനോടനുബന്ധിച്ച് അരങ്ങേറി. ജിസാൻ പൈതൃകഗ്രാമം വർഷം മുഴുവൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാരാന്ത്യങ്ങളിലും ഫെസ്റ്റിവൽ കാലത്തുമാണ് സന്ദർശകർ കൂടുതലായി എത്തുന്നത്.
ജിസാൻ സൗത്ത് കോർണിഷിൽ അൽമർജാൻ ബീച്ചിനു സമീപം പരമ്പരാഗത സൗദി വാസ്‌തുവിദ്യയിൽ പണികഴിപ്പിച്ച കെട്ടിടസമുച്ചയങ്ങൾ ഉൾപ്പെടുന്ന പൈതൃകഗ്രാമം 4,84,670 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ജിസാൻ പ്രവിശ്യയുടെ തനത് സംസ്‌കാരവും പൈതൃകവും സംരക്ഷിക്കുകയും പാരമ്പര്യ കലകൾ, വാസ്തു വൈവിധ്യങ്ങൾ, കരകൗശലവിദ്യകൾ, പൈതൃകങ്ങൾ, പാരമ്പര്യ വിജ്ഞാനീയം എന്നിവയെ പരിപോഷിപ്പിച്ചുകൊണ്ട് വിനോദസഞ്ചാര വികസന സാധ്യതകൾ ലക്ഷ്യമാക്കി ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആവിഷ്‌ക്കരിച്ച വേറിട്ടതും വരുമാനദായകവുമായ നിക്ഷേപക സംരംഭമാണ് ജിസാൻ പൈതൃകഗ്രാമം. ആദ്യ ജിസാൻ വിന്റർ ഫെസ്റ്റിവലിലൊടനുബന്ധിച്ച് 2009 ലാണ് ഫെസ്റ്റിവലിന്‍റെ സ്ഥിരം വേദിയായി ജിസാൻ പൈതൃകഗ്രാമം നിർമ്മിച്ചത്.
ജിസാനിലെ പഴയകാല ജനജീവിതവും പ്രൗഢമായ ഗതകാലവും മനോഹരമായി പുനരാവിഷ്‌കരിച്ചിരിക്കുന്ന പൈതൃകഗ്രാമം ചരിത്രത്തിന്‍റെ നേർക്കാച്ചയായി സന്ദർശകർക്ക് അനുഭവപ്പെടുന്നു. കരിങ്കല്ലും കളിമണ്ണും ഈന്തപ്പനയുടെ തടിയും മറ്റു പ്രകൃതിവിഭവങ്ങളും ഉപയോഗിച്ച് പരമ്പരാഗത വാസ്തുവിദ്യയിൽ മൂന്നു നിലകളിലായി നിർമ്മിച്ചിട്ടുള്ള പ്രധാന കെട്ടിടമായ അൽബൈത്തുൽ ജബലി സന്ദർശകരെ
വിസ്‌മയിപ്പിക്കുന്ന വാസ്‌തു നിർമ്മിതിയാണ്. പുരാതനകാലത്തെ വീട്ടുപകരണങ്ങൾ, പത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ, തടികൊണ്ടുള്ള ഇരിപ്പിടങ്ങൾ, റാന്തൽ വിളക്കുകൾ, നിത്യോപയോഗ വസ്തുക്കൾ, പുരാവസ്‌തു ശേഖരങ്ങൾ, കാർഷികോപകരണങ്ങൾ, ആയുധങ്ങൾ, നാണയങ്ങൾ, ആഭരണങ്ങൾ തുടങ്ങി ചരിത്രത്തിന്‍റെ അമൂല്യമായ ശേഷിപ്പുകളുടെ പ്രദർശനം അൽബൈത്തുൽ ജബലിയിൽ ചിട്ടയോടെ ഒരുക്കിയിരിക്കുന്നു. അൽബൈത്തുൽ ജബലിയുടെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന അൽഖദ അൽഹിജാസിയ എന്ന പഴയകാലത്തെ തടികൊണ്ടുള്ള വലിയ ഇരിപ്പിടം പഴയകാല അറബ് ആതിഥ്യമര്യാദകളെ ഓർമ്മിപ്പിക്കുന്നു.
ജിസാൻ മേഖലയിലെ ഫൈഫ മലനിരകളിലും കുന്നുംപ്രദേശങ്ങളിലും മണ്ണൊലിപ്പിനെയും പ്രകൃതിക്ഷോഭങ്ങളെയും ചെറുക്കുന്ന രീതിയിലുള്ള വീടുകളാണ് അൽബൈത്തുൽ ജബലി. മുത്തുകളുടെയും പഴിഴങ്ങളുടെയും ദ്വീപായ ഫറസാൻ ദ്വീപിലും ചെങ്കടൽ തീരപ്രദേശങ്ങളിലും നിർമിക്കുന്ന പരമ്പരാഗത വീടുകളാണ് അൽബൈത്തുൽ ഫറസാനി എന്നറിയപ്പെടുന്നത്.
ഈന്തപ്പനയോലയും പുല്ലും മേഞ്ഞ മേൽക്കൂരയും മൺകട്ടകളും തടികളും കളിമണ്ണും ഉപയോഗിച്ച് നിർമിക്കുന്ന മൺകുടിലുകളായ (അൽഉശാ അത്തിനിയ) അൽബൈത്തുൽ തിഹാമി പൗരാണിക ഗ്രാമീണ ജീവിതത്തിന്‍റെ ലാളിത്യവും വിശുദ്ധിയും വിളിച്ചോതുന്നു. വിശാലമായ തീരപ്രദേശവും മലകളും സമതലപ്രദേശങ്ങളും ഉൾപ്പെടുന്ന ജിസാനിലെ വൈവിധ്യമാർന്ന ഭൂപ്രകൃതിയ്ക്ക് അനുയോജ്യമായ രീതിയിൽ പുരാതനകാലത്ത് ഉണ്ടായിരുന്ന മൂന്നുതരം വീടുകളും തനിമ നഷ്ടപ്പെടാതെ പൈതൃകഗ്രാമത്തിൽ പുനസൃഷ്‌ടിച്ചിരിക്കുന്നു. മനോഹരമായ കടൽപ്പാലം നിർമിച്ച് കടലിനു നടുവിലായി ഒരുക്കിയിരിക്കുന്ന ഫറസാൻ ദ്വീപിന്‍റെ ചെറുമാതൃക സന്ദർശകരുടെ പ്രധാന ആകർഷണമാണ്. ഫറസാൻ ദ്വീപ് നിവാസികളുടെ പഴയകാല ജീവിതവും പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങളും പുരാതന സാധനസാമഗ്രികളും അൽബൈത്തുൽ ഫറസാനിയിൽ കാണാം. കൂടാതെ വലിയ കടൽ ജീവികളുടെയും മത്സ്യങ്ങളുടെയും ഫോസിലുകളും മാതൃകകളും അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
പൈതൃകഗ്രാമത്തിന്‍റെ നടുവിലായി തദ്ദേശീയ കരകൗശല വസ്‌തുക്കളും കാർഷിക വിഭവങ്ങളും സൗന്ദര്യവർദ്ധകവസ്‌തുക്കളും നിത്യോപയോഗ വസ്‌തുക്കളുമെല്ലാം വിൽക്കുന്നത്തിനായി ഒരുക്കിയിരിക്കുന്ന പരമ്പരാഗത സൂഖ് പഴയകാല സൗദിയിലെ ഗ്രാമച്ചന്തകളെ ഓർമ്മിപ്പിക്കുന്നു.
സ്വയം തൊഴിൽ സംരംഭകരായ ജിസാനിലെ വനിതകൾ നിർമ്മിച്ച കരകൗശലവസ്തുക്കൾ, പ്രകൃതിവിഭവങ്ങൾ, പച്ചമരുന്നുകൾ, പാരമ്പര്യ ഔഷധച്ചെടികൾ, നാടൻ സുഗന്ധദ്രവ്യങ്ങൾ, സുഗന്ധ സസ്യങ്ങൾ, പൂച്ചെടികൾ, തലയിൽ ചൂടുന്ന ഇലയും പൂവും ചേർന്ന പുഷ്പചക്രങ്ങൾ, പനയോലനാരു കൊണ്ടുള്ള ഉൽപന്നങ്ങൾ, കളിമൺ നിർമ്മിത ഗൃഹാലങ്കാര വസ്‌തുക്കൾ തുടങ്ങി ജിസാൻ പ്രവിശ്യയിലെ തനത് ഉൽപ്പന്നങ്ങളെല്ലാം സൂഖിൽ ലഭ്യമാണ്. ജിസാനിൽ പരമ്പരാഗതമായി നിർമ്മിക്കുന്ന ഘമരി വാളുകളും കഠാരകളും വിവിധ തുകൽ ഉൽപന്നങ്ങളും വരെ ഈ പരമ്പരാഗത ചന്തയിൽ കിട്ടും. സ്‌ത്രീകൾ നടത്തുന്ന നാടൻ ഭക്ഷണശാലയിൽ നിന്ന് ജിസാനിലെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ രുചിവൈവിധ്യം അനുഭവിച്ചറിയാൻ സന്ദർശകർക്ക് കഴിയും. പൂർണ്ണമായും ജിസാലെ പരമ്പരാഗത ഭക്ഷണ വിഭവങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന നാടൻ വിഭവങ്ങളാണ് അവിടെ കിട്ടുന്നത്.
ജിസാനിലെ നാടൻപാട്ടുകളുടെയും നാടോടി നൃത്തങ്ങളുടെയും പരമ്പരാഗത കലാരൂപങ്ങളുടെയും മുഖ്യമായ അവതരണവേദികൂടിയാണ് ജിസാൻ പൈതൃകഗ്രമം. വർഷം മുഴുവൻ വാരാന്ത്യങ്ങളിൽ നടക്കുന്ന കലാപരിപാടികളിൽ നിരവധി നാടൻ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. സൗദിയിലെ നാടോടി നൃത്തങ്ങളായ അസ്സൈഫ്, ആർദ, ആൽമഷ അസാവി, ഡെല എന്നിവ വേറിട്ട രൂപഭേദങ്ങളുമായി പ്രാദേശിക തനിമയോടെയാണ് ഇവിടത്തെ പാരമ്പര്യ കലാകാരന്മാർ അവതരിപ്പിക്കുന്നത്. ജിസാനിലെ പരമ്പരാഗത നാടോടി നൃത്തങ്ങളായ ജിസാനി നൃത്തവും അരീഷി നൃത്തവും പ്രശസ്‌തമാണ്. ചെണ്ടമേളത്തിനും നാടൻപാട്ടിനുമൊപ്പം ചടുലമായ നൃത്തച്ചുവടുകളോടെ വാളും കഠാരയുമേന്തി പരമ്പരാഗത വേഷവിധാനങ്ങളോടെയുള്ള സ്വാഗത നൃത്തങ്ങളും യുദ്ധ നൃത്തങ്ങളും ഏറെ ആകർഷകമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജിസാനിലെ ഗ്രാമീണ അറബ് ജീവിതത്തിന്‍റെ സമഗ്രമായ നേർചിത്രമാണ് പൈതൃകഗ്രാമം സന്ദർശകർക്ക് നൽകുന്നത്.
വിദ്യാഭ്യാസ സാംസ്‌കാരിക പരിപാടികൾ, കുടുംബമേളകൾ, പുഷ്പഫലപ്രദർശനം, ചിത്രകലാപ്രദർശനം, ഫോട്ടോ പ്രദർശനം, കുട്ടികളുടെയും യുവാക്കളുടെയും വിനോദ വിജ്ഞാന പരിപാടികൾ, കവിയരങ്ങ്,
മാധ്യമ പ്രദർശനം, ലൈറ്റ് ആൻറ് സൗണ്ട് ഷോ തുടങ്ങി വൈവിധ്യമാർന്ന നിരവധി പരിപാടികളും ഇവിടെ നടത്താറുണ്ട്. സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻറ് ഹെറിറ്റേജ് അതോറിറ്റിയും ജിസാൻ വിനോദ സഞ്ചാര വികസന കൗൺസിലുമാണ് ജിസാൻ പൈതൃകഗ്രാമത്തിൻറെ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത്. സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പുറത്ത് നിന്നുമായി സ്വദേശികളും വിദേശികളുമായ നിരവധി സന്ദർശകരും വിനോദസഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. ജിസാൻ പൈതൃകഗ്രാമത്തിലെ സന്ദർശന സമയം എല്ലാ ദിവസവും വൈകുന്നേരം നാലു മുതൽ രാത്രി 2 മണിവരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി മൂന്നു മണിവരെയുമാണ്. സന്ദർശകർക്ക് പ്രവേശനം തികച്ചും സൗജന്യവുമാണ്.