ചെരുപ്പുകട ജോലിക്കാരനില്‍നിന്നു കോടീശ്വരനായ സന്ന്യാസി... സന്തോഷ് മാധവന്റെ കഥ ഇങ്ങനെ

ഇടുക്കി- കട്ടപ്പനയിലെ ചെരുപ്പുകട ജോലിക്കാരനില്‍ നിന്നും കോടീശ്വരനായ സന്ന്യാസി വേഷധാരി സ്വാമി അമൃതചൈതന്യയായി മാറി പിന്നീട് അഴിക്കുളളിലായ കഥയാണ് ഇന്ന്  50ാം വയസില്‍  മരിച്ച സന്തോഷ് മാധവന്റേത്. കട്ടപ്പന ഗ്രാമപഞ്ചായത്ത് ആയിരിക്കെ 2000ത്തിലെ വോട്ടര്‍ പട്ടികയില്‍ വളളക്കടവ് വാര്‍ഡിലെ 435 ാം നമ്പര്‍ പാറായിച്ചിറയില്‍ വീട്ടിലെ ക്രമനമ്പര്‍ 271ാം നമ്പര്‍ വോട്ടര്‍ ആയിരുന്നു സന്തോഷ്. വോട്ടര്‍ പട്ടികയില്‍ പ്രായം 24 ആയിരുന്നു.
കട്ടപ്പന ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നിന്നും പത്താം ക്ലാസ് വിജയിച്ച ശേഷമാണ് സന്തോഷ് ചെരുപ്പുകടയില്‍ ജോലിക്കാരനായത്. ഇതിനിടെ വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ ശിവഗിരി മഠത്തില്‍ കുറച്ചു നാള്‍ പഠിച്ചു.  സന്തോഷിനെ കുറിച്ച് നിറം പിടിപ്പിച്ച ഒത്തിരി കഥകളുണ്ട് ഇന്നും കട്ടപ്പനയില്‍. ആരെയും വശീകരിക്കുന്ന വാക്ചാതുരിയും തരികിടശൈലിയും കൊണ്ട് ഇയാള്‍ ചെറുപ്പം മുതല്‍ പലരെയും വലയിലാക്കിയിരുന്നതായി പരിചയക്കാര്‍ ഓര്‍ക്കുന്നു. ചെരുപ്പുകട ജീവനക്കാരനായിരിക്കെ തന്നെ ഹസ്തരേഖയുടെ പേരില്‍ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കാന്‍ വിരുതനായിരുന്നു. സുഹൃത്തിന്റെ സഹോദരിയെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും നാലു ദിവസം മാത്രമേ ബന്ധം നീണ്ടുളളൂ.
ചെരുപ്പുകട ജോലിക്ക് ശേഷം ഒരു സുഹൃത്തുമായി ചേര്‍ന്ന് പെട്ടിക്കട തുടങ്ങി. ഇത് പൊളിഞ്ഞപ്പോള്‍ എറണാകുളത്തേക്ക വണ്ടി കയറി. മരട് തുരുത്തി ക്ഷേത്രത്തില്‍ ശാന്തിക്കാരനായി. ഇതോടെ ജീവിതം മാറി മറിഞ്ഞു.
സന്തോഷ് എങ്ങനെയോ കോടീശ്വരനായെങ്കിലും പഴയ പെട്ടിക്കടക്കാരന്‍ സുഹൃത്ത് കട്ടപ്പന ടൗണിലെ ഓട്ടോ െ്രെഡവറായി. ഒരിക്കല്‍ കട്ടപ്പനക്കടുത്ത് ഒരു സ്ഥലം വാങ്ങാന്‍ ആഡംബര കാറിലെത്തിയ സന്തോഷ് യാദൃശ്ചികമായി പഴയ സുഹൃത്തിനെ കണ്ടുമുട്ടി. എറണാകുളത്ത് വന്ന് തന്റെ കൂടെ കൂടിയാല്‍ നല്ല നിലയിലാക്കാം എന്ന് വാഗ്ദാനം ചെയ്താണ് സന്തോഷ് മടങ്ങിയത്. പക്ഷെ സന്തോഷിന്റെ സ്വഭാവം അറിയാവുന്ന സുഹൃത്ത് ഏതായാലും അതിന് തുനിഞ്ഞില്ല.
2007ലെ ഓണക്കാലത്ത് കട്ടപ്പനക്കടുത്ത് ഒരു ഗ്രാമത്തിലെ ചെറുപ്പക്കാര്‍ ഓണാഘോഷം സംഘടിപ്പിക്കുന്നതിനായി വാഹനങ്ങളില്‍ നിന്നും പണം പിരിക്കുകയായിരുന്നു. അപ്പോഴാണ് ഒഴുകും കൊട്ടാരം പോലുളള കാറില്‍ സന്തോഷ് അതുവഴി വന്നത്. കൈ നീട്ടിയ കുട്ടികള്‍ക്ക് ശുഭ്രവേഷധാരിയായ സന്തോഷ് നല്‍കിയത് ഒരു കെട്ട് നോട്ട്.
2005ല്‍ കട്ടപ്പന എസ്.ഐ വാഹനപരിശോധനക്കിടെ സന്തോഷിന്റെ കാര്‍ കൈ കാണിച്ചു. നിര്‍ത്താതെ പാഞ്ഞ കാര്‍ എസ്.ഐ ജീപ്പില്‍ പിന്തുടര്‍ന്ന് പിടിച്ചു. സന്തോഷിനിട്ട് ഒന്നു പൊട്ടിക്കുകയും ചെയ്തു. പക മൂത്ത സന്തോഷ് എസ്.ഐയോട് വിരോധമുണ്ടായിരുന്ന കട്ടപ്പനയിലെ ഒരു പൊതുപ്രവര്‍ത്തകനോട് അയാളെ വകവരുത്താന്‍ എന്തും ചെയ്യാമെന്നറിയിച്ചു. ഇതനുസരിച്ച് പൊതുപ്രവര്‍ത്തകന്‍ എറണാകുളത്തെ സന്തോഷിന്റെ കേന്ദ്രത്തിലെത്തി. പക്ഷെ കാര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട് ഇയാള്‍ സ്ഥലം വിട്ടു.
കുടം തുറന്നു വിട്ട ഭൂതം പോലെയുളള സന്തോഷിന്റെ വളര്‍ച്ചയില്‍ പന്തികേട് തോന്നിയ വീട്ടുകാര്‍ക്ക് ആദ്യം ഇയാളോട് അകല്‍ച്ചയായിരുന്നു. പക്ഷെ ഇവരെ കൈയയച്ച് സഹായിച്ച് സന്തോഷ് പ്രീതി നേടി. മാതൃസഹോദരിക്ക് കൂട്ടാറില്‍ വീടും സ്ഥലവും വാങ്ങിക്കൊടുത്തതും സന്തോഷാണ്. കട്ടപ്പനയിലെ ടൂറിസ്റ്റ് ഹോം സന്തോഷ് വിലക്ക് വാങ്ങിയിരുന്നു.
സന്തോഷ് മാധവന്‍ നടത്തിയിരുന്ന എറണാകുളം പോണക്കരയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ സ്‌കൂള്‍ സമയത്തിന് ശേഷം ആശ്രമത്തിലേക്ക് കൊണ്ടുപോകുമായിരുന്നുവെന്ന് ജീവനക്കാരി വെളിപ്പെടുത്തിയിരുന്നു. സന്തോഷ് മാധവന്റെ െ്രെഡവറാണ് അനാഥാലയത്തില്‍നിന്ന് രാവിലെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നതും തിരികെ എത്തിച്ചിരുന്നതും. കുട്ടികള്‍ തിരികെ എത്തുമ്പോള്‍ ഒരു വിവരവും പറയുകയില്ലായിരുന്നു. അനാഥാലയത്തില്‍ എത്തുന്നവരുമായോ അയല്‍വാസികളുമായോ കുട്ടികള്‍ക്കു സംസാരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. തൃശൂര്‍ സ്വദേശിനിയായിരുന്നു അനാഥാലയത്തിന്റെ മുഖ്യ നടത്തിപ്പുകാരി.
എട്ടു കുട്ടികളായിരുന്നു അന്ന് അനാഥാലയത്തിലുണ്ടായിരുന്നത്. മൂന്നാര്‍  മറയൂരില്‍നിന്നുള്ള രണ്ടു കുട്ടികളും എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലുള്ള ആറു കുട്ടികളും.
ഗള്‍ഫില്‍ നിന്നുള്ള ചിലര്‍ പതിവായി ആശ്രമത്തില്‍ എത്തിയിരുന്നതായും ജീവനക്കാരി പോലീസിനോട് പറഞ്ഞിരുന്നു. ഒരു പ്രശസ്ത ചലച്ചിത്ര നടിയെയും അവരുടെ ബന്ധുവായ മറ്റൊരു നടിയെയും സന്തോഷ് മാധവന്‍ പൂജയുടെ പേരില്‍ വലയിലാക്കിയിരുന്നു.
40 ലക്ഷം രൂപ തട്ടിയെന്ന ദുബായ് ബിസിനസുകാരി  2008 ല്‍ നല്‍കിയ പരാതിയിലൂടെയാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകള്‍ പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി 2008 മെയ് 18 ന് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. ഇയാളുടെ ഫഌറ്റ് പരിശോധിച്ചപ്പോള്‍ കടുവത്തോല്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ജയില്‍ വാസത്തിന് ശേഷം പുറം ലോകവുമായി ബന്ധമില്ലാതെയായിരുന്നു ജീവിതം.
ചിത്രംസന്തോഷ് മാധവന്റെ കട്ടപ്പനയിലെ വീട്ടില്‍ 2008 മെയ് 11ന് പോലീസ് പരിശോധന നടത്തുന്നു (മലയാളം ന്യൂസ് ഫയല്‍)

 

Latest News