ജിദ്ദ- ഡോ. എ.പി.ജെ അബ്ദുല്‍കലാം സ്റ്റഡി സെന്റര്‍ തിരുവനന്തപുരത്തിന്റെ നാരീ പുരസ്‌ക്കാരം ഷറഫിയ അല്‍റയാന്‍ പോളിക്ലിനികിലെ ഡോ. വിനീതാ പിള്ളയ്ക്ക്. മുന്‍ രാഷ്ട്രപതിയും, ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ പി ജെ അബ്ദുല്‍കലാമിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം പ്രധാന കേന്ദ്രമായി രാജ്യത്താകമാനം കലാ-സാംസ്‌കാരിക, വിദ്യാഭ്യാസ, ശാസ്ത്ര- സാങ്കേതിക, ജീവകാരുണ്യ മേഖലയില്‍ ആറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയായാണ് ഡോ.എ പി ജെ അബ്ദുല്‍കലാം സ്റ്റഡിസെന്റര്‍.
സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് 8ന് കലാ-സാംസ്‌കാരിക, മാധ്യമ, വജീവകാരുണ്യ, വിദ്യാഭ്യാസ, ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തങ്ങള്‍ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച വനിതാ പ്രതിഭകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് നാരീ പുരസ്‌ക്കാരം. മാര്‍ച്ച് 8 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം നന്ദാവനത്തുള്ള പ്രൊഫ.എന്‍.കൃഷ്ണപിള്ള സ്മാരകഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ജിദ്ദയിലെ ജീവകാരുണ്യ, കലാ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് ഡോ. വിനീതാ പിള്ള.