ഖത്തറില്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 16 പേരില്‍ ഏഴ് ഇന്ത്യക്കാര്‍ 

ദോഹ- ഖത്തറില്‍ കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 16 പേരില്‍ ഏഴ് ഇന്ത്യക്കാര്‍. ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ  നാലു ജീവനക്കാര്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്ന 16 പ്രതികള്‍ക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് 2023 മെയില്‍ അറസ്റ്റിലായ പ്രതികള്‍ക്കാണ് ക്രിമിനല്‍ കോടതി തടവ് ശിക്ഷയും വന്‍ പിഴയും  വിധിച്ചത്.

2023 മെയ് 7 നാണ് വന്‍ അഴിമതിയുടേയും കൈകൂലിയുടേയും ചുരുളഴിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ 4 ജീവനക്കാര്‍ ഉള്‍പ്പെടെ 16 പ്രതികളെ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തത്. ഈ കുറ്റകൃത്യങ്ങളില്‍ കൈക്കൂലി, ചൂഷണം, പൊതു ഫണ്ടുകള്‍ നശിപ്പിക്കല്‍, രാജ്യവുമായി ബന്ധപ്പെട്ട ടെന്‍ഡറുകളുടെ സ്വാതന്ത്ര്യവും സമഗ്രതയും ലംഘിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

എച്ച്എംസി ജീവനക്കാരായ നാല് പ്രതികള്‍ക്കും ഒന്നാം പ്രതിയായ ഖത്തര്‍ ഉദ്യോഗസ്ഥനും 15 വര്‍ഷം തടവും 729 ദശലക്ഷം റിയാല്‍ പിഴയുമാണ്  ശിക്ഷ വിധിച്ചത്. ജോര്‍ദാന്‍ സ്വദേശിയായ രണ്ടാം പ്രതിക്ക് 11 വര്‍ഷം തടവും 171 ദശലക്ഷം റിയാല്‍ പിഴയും ലഭിക്കും.

മൂന്നാം പ്രതി ഫലസ്തീന്‍ പൗരന് 10 വര്‍ഷം തടവും 144 ദശലക്ഷം റിയാല്‍ പിഴയും വിധിച്ചു.

എച്ച്എംസിയിലെ നാലാമത്തെയും അവസാനത്തെയും ജീവനക്കാരനായ ഒരു ഇന്ത്യന്‍ പൗരന് 14 വര്‍ഷം തടവും 313 ദശലക്ഷം റിയാല്‍ പിഴയും വിധിച്ചു.

 ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി കരാറുള്ള കമ്പനികളുടെ ഉടമകളായ രണ്ട് ഖത്തര്‍ പൗരന്മാരില്‍ ഒരാള്‍ക്ക്  5 വര്‍ഷത്തെ തടവും  228 ദശലക്ഷം റിയാല്‍ പിഴയും മറ്റയാള്‍ക്ക് 8 വര്‍ഷം തടവും  25 മില്യണ്‍ റിയാല്‍ പിഴയുമാണ് 
 ശിക്ഷ വിധിച്ചത്. 

ആ കമ്പനികളില്‍ ജോലി ചെയ്തിരുന്ന 8 പ്രതികള്‍, അവരില്‍ ആറ് ഇന്ത്യന്‍ പൗരന്മാര്‍ക്കും ജോര്‍ദാന്‍ പൗരന്മാര്‍ക്കും രണ്ട് പ്രതികള്‍ക്ക് 14 വര്‍ഷം, മറ്റ് രണ്ട് പ്രതികള്‍ക്ക് 8 വര്‍ഷം, ഒരു പ്രതിക്ക് 10 വര്‍ഷം, മറ്റ്  പ്രതികള്‍ക്ക് 6 വര്‍ഷം , 5 വര്‍ഷം,4 വര്‍ഷം എന്നിങ്ങനെയാണ് തടവ് വിധിച്ചത്. എട്ട് പ്രതികള്‍ക്കായി ചുമത്തിയ പിഴ തുകയില്‍ വ്യത്യാസമുണ്ട്, പരമാവധി തുക 195 ദശലക്ഷം റിയാലും ഏറ്റവും കുറഞ്ഞ തുക 5 ദശലക്ഷം റിയാലുമാണ്.

ശിക്ഷ പൂര്‍ത്തിയാക്കിയ ഖത്തറികളല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളില്‍ ഒരു ഖത്തര്‍ പൗരനും ഒരു  ജോര്‍ദാന്‍ പൗരനുമടക്കം രണ്ടു പ്രതികളെ   കോടതി വെറുതെവിട്ടു.

Latest News