മുന്നണിയെ ചതിക്കില്ല...മാര്‍ക്‌സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗുകാരന്റെ ബാപ്പയെന്ന് മുനീര്‍

കോഴിക്കോട്- മുന്നണിയില്‍ നിന്നുകൊണ്ട് യു.ഡി.എഫിനെ ചതിക്കില്ലെന്ന് മുസ് ലിം ലീഗ് നേതാവ് എം.കെ മുനീര്‍. അങ്ങനെ ചതിക്കാന്‍ മാര്‍ക്‌സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗുകാരന്റെ ബാപ്പയെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയുടെ പിതാമഹര്‍ എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് അവരുടെ കുട്ടികളും പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ബൂത്ത് സമിതികളുടെ ജില്ലാ തല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഐക്യ ജനാധിപത്യ മുന്നണി ഇവിടെ നില്‍ക്കുന്നു എന്നതിന്റെ പേരില്‍ ചെറിയ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിന് വേണ്ടി ഇറക്കിയ രണ്ട് ചരക്കുകളാണ് ഇ.പി. ജയരാജനും കെ.ടി. ജലീലും. കെ.ടി. ജലീല്‍ പറഞ്ഞത് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചതിക്കണം എന്നാണ്. മുന്നണിയില്‍ നിന്നുകൊണ്ട് ആരെയെങ്കിലും ചതിക്കാന്‍ മാര്‍ക്‌സിസ്റ്റുകാരന്റെ ബാപ്പയല്ല ലീഗിന്റെ ബാപ്പ. ചതി ലീഗിന്റെ നിഘണ്ടുവില്‍ ഇല്ല. ഇനിയും ഇവര്‍ പറഞ്ഞതിനെ എടുത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന പരിപാടി ലീഗിന് പറ്റിയതല്ല. അങ്ങനെ ഫോര്‍വേഡഡ് മെസേജുകള്‍ പോകുന്നുണ്ട് എങ്കില്‍ അവരെ നിലയ്ക്ക് നിര്‍ത്തേണ്ട ചുമതല ബൂത്ത്, വാര്‍ഡ് കമ്മിറ്റികള്‍ക്കാണ്. ഇനിയങ്ങോട്ട് ഐക്യ ജനാധിപത്യ മുന്നണിയായി, ഒറ്റക്കെട്ടായി എല്ലാ സ്ഥാനാര്‍ത്ഥികളേയും ജയിപ്പിക്കണം.' മുനീര്‍ പറഞ്ഞു.

എസ്.എഫ്.ഐ എത്രമാത്രം കാട്ടാളന്മാരായി മാറിയെന്നതിന്റെ ഉദാഹരണമാണ് സിദ്ധാര്‍ത്ഥന്റെ മരണം. അവരുടെ പിതാമഹര്‍ എങ്ങനെ പെരുമാറുന്നുവോ അതുപോലെയാണ് അവരുടെ കുട്ടികളും പെരുമാറുന്നത്. ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ മുന്നോട്ട് വന്ന നേതൃത്വമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News