Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന്‍ ഫോര്‍മുലാ വണ്‍ ഗ്രാന്റ്പ്രീയില്‍ മാക്‌സ് വെര്‍സ്റ്റപ്പന് കിരീടം

ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഫോര്‍മുലാ വണ്‍ വിജയി മാക്‌സ് വെര്‍സ്റ്റപ്പന് ട്രോഫി നല്‍കുന്നു

മനാമ- ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ നടന്ന ആവേശം അലതല്ലിയ ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ 2024 ല്‍ റെഡ്ബുളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം ചൂടി. ടീമിലെ സഹതാരമായ സെര്‍ജിയോ പെരെസ് രണ്ടാമതും ഫെരാരിയുടെ കാര്‍ലോസ് സൈന്‍സ് മൂന്നാമതുമെത്തി. ഹമദ് രാജാവിന്റെ പ്രത്യേക പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്‌പോര്‍ട്‌സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ട്രോഫികള്‍ വിതരണം ചെയ്തു. ചാള്‍സ് ലെക്ലെര്‍ക് (ഫെരാരി), ജോര്‍ജ് റസല്‍ (മെഴ്‌സിഡസ്), ലാന്‍ഡോ നോറിസ് (മക്ലാറെന്‍), ലൂയിസ് ഹാമില്‍ട്ടന്‍ (മെഴ്‌സിഡസ്), ഓസ്‌കര്‍ പിയാസ്ട്രി (മക്ലാറന്‍), ഫെര്‍ണാണ്ടോ അലോണ്‍സോ (ആസ്റ്റണ്‍ മാര്‍ട്ടിന്‍), ലാന്‍സ് സ്‌ട്രോള്‍ (ആസ്റ്റണ്‍ മാര്‍ട്ടിന്‍) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഇരുപതാമത് ബഹ്‌റൈന്‍ ഗ്രാന്റ്പ്രീ വീക്ഷിക്കാന്‍ ഇത്തവണ മൂന്നു ദിവസങ്ങളിലായി സര്‍ക്യൂട്ടിലെത്തിയത് ഒരു ലക്ഷത്തോളം കായികപ്രേമികളാണ്. ബഹ്‌റൈന്റെ ചരിത്രത്തില്‍ത്തന്നെ ഇത്രയും ജനക്കൂട്ടമെത്തുന്നത് ഇതാദ്യമാണ്.  ബഹ്‌റൈനില്‍ ഫോര്‍മുലാ വണ്‍ ഗ്രാന്റ് പ്രീ വിജയകരമാക്കാന്‍ പങ്കു വഹിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായി ബഹ്‌റൈന്‍ ഭരണകര്‍ത്താക്കള്‍ അറിയിച്ചു. ലോക ഭൂപടത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തുന്നതില്‍ ഫോര്‍മുലാ വണ്‍ ഗ്രാന്റ് പ്രീ പ്രധാന പങ്കു വഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ ടൂറിസം മേഖലക്ക്  ഉണര്‍വ്വു വന്നത് ഗ്രാന്റ് പ്രീ അരങ്ങേറിയപ്പോഴാണെന്നും ഹോട്ടല്‍ മുറികളില്‍ ഓരോ വര്‍ഷവും ബുക്കിംഗ് വര്‍ധിച്ചുവരികയാണെന്നും ബഹ്‌റൈനിലെ വ്യവസായ സമൂഹം സാക്ഷ്യപ്പെടുത്തുന്നു. ഫോര്‍മുലാ വണ്‍ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്ത് ടൂറിസം, വാണിജ്യം, വ്യവസായം തുടങ്ങി നിരവധി മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉയര്‍ച്ചയുണ്ടായതായി ഇവര്‍ വിലയിരുത്തി. കുറ്റമറ്റ രീതിയില്‍ ഫോര്‍മുലാ വണ്‍ സംഘടിപ്പിക്കാനായതിലും ജനസഹസ്രങ്ങളുടെ വന്‍ പിന്തുണ ലഭിച്ചതിലും സംഘാടകരും സംതൃപ്തരാണ്. ഗ്രാന്റ് പ്രീയുടെ ഫൈനല്‍ മല്‍സരങ്ങള്‍ വീക്ഷിക്കാന്‍ ഫൈനല്‍ ദിവസമായ ശനിയാഴ്ച ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലേക്ക് 37,000 പേരാണ് എത്തിയത്.  കനത്ത സുരക്ഷയാണ് സര്‍ക്യൂട്ടിലും രാജ്യത്താകമാനവും ഏര്‍പ്പെടുത്തിയിരുന്നത്.  
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ മൂന്നു ദിവസങ്ങളിലും സര്‍ക്യൂട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടക്കം വിവിധ രാജ്യങ്ങളില്‍നിന്നുള്ള മന്ത്രിമാരും വിശിഷ്ടനേതാക്കളും ഫൈനല്‍ ദിവസം റാലി വീക്ഷിക്കാനെത്തിയിരുന്നു. ഫോര്‍മുലാ വണ്‍ വീക്ഷിക്കാനെത്തിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭരണകര്‍ത്താക്കളെ ഹമദ് രാജാവ് സ്വാഗതം ചെയ്തു. നൂറുകണക്കിനു വിദേശ മാധ്യമപ്രവര്‍ത്തകരാണ് ഗ്രാന്റ് പ്രീ റിപ്പോര്‍ട്ടു ചെയ്യാനായി രാജ്യത്തെത്തിയത്.
ഫോര്‍മുല വണ്‍ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ ഗ്രാന്‍ഡ് പ്രീ 2024 വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികളോടെയാണ് ഇത്തവണ സംഘടിപ്പിച്ചത്. '20 ഇയേഴ്സ് ഓഫ് എ മോഡേണ്‍ ക്ലാസിക്' എന്ന തലക്കെട്ടില്‍ ചരിത്രസ്മരണകള്‍ നിലനിര്‍ത്തി വിനോദവും സാഹസികതയും ഉള്‍പ്പെടുത്തി കായികവിനോദത്തെ അടയാളപ്പെടുത്താനുള്ള സംഘാടകരുടെ ശ്രമം വിജയിച്ചു. ഗ്രാന്‍ഡ് പ്രിയോടനുബന്ധിച്ച് സ്റ്റേജ് ഷോകള്‍, കാര്‍ണിവല്‍ റൈഡുകള്‍ തുടങ്ങി നിിരവധി വിനോദ പരിപാടികളും ഒരുക്കിയിരുന്നു. നിക്കലോഡിയന്‍ റോക്ക്‌സ് എന്ന തലക്കെട്ടില്‍ നടന്ന സ്റ്റേജ് ഷോയും ശ്രദ്ധേയമായി. 

Tags

Latest News