റിയാദ്- വാഹന എഞ്ചിനുകളിൽ ഒളിപ്പിച്ചു സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 63,000ലധികം മയക്കു മരുന്നു ഗുളികകൾ അൽ ഹദീസ അതിർത്തി ചെക്ക് പോയിന്റ് അധികൃതർ പിടികൂടിയതായി സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ആദ്യ ഉദ്ധ്യമത്തിൽ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 41,279 ഗുളികകളും രണ്ടാം ഉദ്യമത്തിൽ സമാന രീതിയിൽ വാഹനത്തിന്റെ എഞ്ചിനിൽ ഒളിപ്പിച്ച നിലയിൽ 22000 മയക്കു മരുന്നു ഗുളികകളുമായിരുന്നു കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് വാഹനത്തിലുണ്ടായിരുന്നവരെയും സൗദിയിൽ മയക്കു മരുന്നു സ്വീകരിക്കാൻ കാത്തുനിന്ന 5 പേരെയും ആന്റി നോർക്കോട്ടിക് വിഭാഗവുമായി സഹകരിച്ച് അറസ്റ്റു ചെയ്തിട്ടുണ്ട്.