ഉര്‍വശി നായികയാകുന്ന കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം 'ജെ ബേബി' മാര്‍ച്ച് 8ന് തിയേറ്ററുകളിലേക്ക് 

കൊച്ചി- പാ. രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ നടി ഉര്‍വശി, ദിനേശ്, മാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജെ ബേബി' മാര്‍ച്ച് 8ന് വനിതാ ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തും. ഉര്‍വശിയുടെ ഗംഭീര അഭിനയ പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ടീസറും ഗാനങ്ങളും. 

പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ഇതുവരെ നിര്‍മിച്ച സിനിമകള്‍ ഒക്കെയും സാമൂഹിക സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളായാണ് പുറത്തു വന്നിരിക്കുന്നത്. കുടുംബ ബന്ധങ്ങള്‍ക്കും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമാണ് 'ജെ ബേബി'.

ജെ ബേബി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ചെന്നൈയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കായി നടത്തിയിരുന്നു. സിനിമ കണ്ടവരെല്ലാം അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരേയും നിര്‍മ്മാതാക്കളെയും അഭിനന്ദിച്ചിരുന്നു. 

പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് 'ജെ ബേബി'. സിനിമ കാണാന്‍ തിയേറ്ററില്‍ വരുന്നവര്‍ നിര്‍ബന്ധമായും അമ്മമാരെയും കൂടെ കൂട്ടണം. അതുപോലെ എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടി ഞങ്ങള്‍ ഒരുക്കിയ  സിനിമയാണിതെന്ന് സംവിധായകന്‍ സുരേഷ് മാരി പറയുന്നു. ശക്തി ഫിലിം ഫാക്ടറിയാണ് 'ജെ ബേബി' റിലീസ് ചെയ്യുന്നത്. പി. ആര്‍. ഓ: പ്രതീഷ് ശേഖര്‍.

Latest News