രാജ്യസഭ എംപിമാരില്‍ 33 ശതമാനം പേരും ക്രിമിനല്‍  കേസ് പ്രതികള്‍, എംപിമാരുടെ ആസ്തി 19,602 കോടി 

ന്യൂദല്‍ഹി-225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളില്‍ 33 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 31 പേര്‍ കോടീശ്വരന്മാരുമാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്‍ഡ് നാഷണല്‍ ഇലക്ഷന്‍ വാച്ച് (ന്യൂ) നടത്തിയ വിശകലനത്തില്‍, രണ്ട് രാജ്യസഭാ സിറ്റിംഗ് അംഗങ്ങള്‍ ഐപിസി സെക്ഷന്‍ 302 പ്രകാരം കൊലപാതകവുമായി ബന്ധപ്പെട്ട കേസുകള്‍ നേരിടുന്നവരാണ്.
അതേസമയം നാല് എംപിമാര്‍ ഐപിസി സെക്ഷന്‍ 307 പ്രകാരം കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയാണ്. 225 രാജ്യസഭാ സിറ്റിംഗ് എംപിമാരില്‍ 75 (33 ശതമാനം) രാജ്യസഭാ സിറ്റിംഗ് എംപിമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 40 (18 ശതമാനം) രാജ്യസഭാ സിറ്റിംഗ് എംപിമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ബിജെപിയുടെ 90 രാജ്യസഭാംഗങ്ങളില്‍ 23 ശതമാനം പേരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കോണ്‍ഗ്രസിലെ 28 എംപിമാരില്‍ 50 ശതമാനവും സമാനമായ ആരോപണങ്ങള്‍ നേരിടുന്നു. ടിഎംസിയില്‍ നിന്നുള്ള 13, ആര്‍ജെഡി- ആറ്, സിപിഎം-നാല് എഎപി-3 എന്നിങ്ങനെയാണ് കണക്കുകള്‍. ഒരു എംപിയുടെ ശരാശരി ആസ്തി 87.12 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയില്‍ നിന്ന് 9 പേരും കോണ്‍ഗ്രസില്‍ നിന്ന് നാല് പേരും വൈഎസ്ആര്‍പിയില്‍ നിന്ന് രണ്ടുപേരും എഎപിയിലെ മൂന്ന് പേരും ടിആര്‍എസിലെ മൂന്ന് പേരും ആര്‍ജെഡിയിലെ രണ്ടുപേരും 100 കോടിയിലേറെ ആസ്തിയുള്ളവരാണ്.
ബിജെപിയുടെ എംപിമാരുടെ ശരാശരി ആസ്തി 37.34 കോടി രൂപയാണ്. കോണ്‍ഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 40.70 കോടി, ടിഎംസി എംപിമാര്‍ക്ക് ശരാശരി ആസ്തി 10.25 കോടി, വൈഎസ്ആര്‍സിപി. എംപിമാരുടെ ശരാശരി ആസ്തി 357.68 കോടിയും ടിആര്‍എസ് രാജ്യസഭാംഗങ്ങള്‍ക്ക് 1,383.74 കോടി രൂപയും ഡിഎംകെ രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 6.37 കോടിയും എഎപി രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 114.81 കോടി രൂപയുമാണ്.
 

Latest News