100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി 'അലിഫ് ന്യൂസ്'

റിയാദ്- മികച്ച മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്താവതാരകരെയും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ചുവരുന്ന വാരാന്ത വാര്‍ത്താവതരണമായ  'അലിഫ് ന്യൂസ്' നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2021 ല്‍ ആരംഭിച്ച അലിഫ് ന്യൂസ്  100 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടി 'അലിഫ് ന്യൂസ് @ 100' പ്രിന്‍സിപ്പല്‍ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. സ്ഥിരോത്സാഹവും കഠിനാധ്വാനവുമാണ് ഈ അസുലഭ നിമിഷത്തിലേക്ക് എത്താന്‍ സഹായകമായതെന്ന്  അദ്ദേഹം പ്രസ്താവിച്ചു. ആനുകാലികവിവരങ്ങള്‍ , ലോക വിശേഷങ്ങള്‍, സൗദി വാര്‍ത്തകള്‍ എന്നിവയോടൊപ്പം ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ നൂതന അറിവുകള്‍  വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വാരാന്ത്യം മുടങ്ങാതെ എത്തിക്കുന്നതില്‍ അലിഫ് ന്യൂസ് ടീമിന്റെ മികവ് ഏറെ ശ്ലാഘനീയമാണെന്ന് അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ഡയറക്ടര്‍ ലുഖ്മാന്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
മികച്ച ന്യൂസ് അവതരണത്തിനുള്ള അവാര്‍ഡുകള്‍ തൗഫീഖ് റയ്യാന്‍, നിവേദിത എസ് നായര്‍, ഫാദി പി, മുഹമ്മദ് ഉമൈര്‍ ജാവേദ്, നൗഫിയ ഫെബിന്‍ എന്നിവര്‍ കരസ്ഥമാക്കി. അവാര്‍ഡ് ദാനത്തിന് ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഹമീദാ ബാനു, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കി. അലിഫ് ന്യൂസ് കോഡിനേറ്റര്‍ സുമയ്യ ഷമീറിനുള്ള സ്‌നേഹോപഹാരം പ്രിന്‍സിപ്പല്‍ സമ്മാനിച്ചു.

Tags

Latest News