ബലാത്സംഗത്തിനിരയായ രണ്ടു പെൺകുട്ടികൾ തൂങ്ങിമരിച്ച നിലയിൽ

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പതിനാറും പതിനാലും വയസ്സായ പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാണ്‍പൂര്‍ ജില്ലയില്‍ കോട വാലിയിലാണ് സംഭവം. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളാണ് ജീവനൊടുക്കിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  പ്രദേശത്തെ ഒരു കരാറുകാരന്റെ മകനും അനന്തിരവനും ചേര്‍ന്ന് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് ആരോപണം.
ആരോപണവിധേയരായ രണ്ട് പേരെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ പെണ്‍കുട്ടികളുടെ അകന്ന ബന്ധുക്കളാണ്. കൂട്ടബലാത്സംഗം, ആത്മഹത്യാപ്രേരണ കുറ്റം, പോക്‌സോ  എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം  രാത്രിയാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന് ഇരകളായതിന്റെ വീഡിയോ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
വൈകിട്ട് പാടത്തേക്ക് പോയ പെണ്‍കുട്ടികള്‍ ഏറെ വൈകിയിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി പീഡിപ്പിച്ച പ്രതികള്‍ ശേഷം വീഡിയോ പകര്‍ത്തിയതായി പോലീസ് പറഞ്ഞു. ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കിയതെന്ന് വീട്ടുകാര്‍ ആരോപിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് കണ്ടെടുത്ത വീഡിയോകള്‍ പോലീസ് പരിശോധനക്ക് അയച്ചിരിക്കയാണ്.

അറസ്റ്റിലായ കരാറുകാരന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടികകളത്തിലാണ് പെണ്‍കുട്ടികള്‍ ജോലി ചെയ്തിരുന്നത്. ഇഷ്ടികകളത്തിന് 400 മീറ്റര്‍ അകലെയുള്ള മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  

 

 

Latest News