ദോഹ - ഖത്തറിലെ ഇന്ത്യൻ എംബസി ഇന്ത്യൻ കൾച്ചറൽ സെന്ററുമായി സഹകരിച്ചു നടത്തുന്ന ഇന്ത്യൻ സാംസ്‌കാരികോത്സവം'പാസേജ് ടു ഇന്ത്യ' മാർച്ച് ഏഴു മുതൽ ഒൻപത് വരെ നടക്കുമെന്ന് അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യ ഖത്തർ നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികം കൂടി ആഘോഷിക്കുന്ന ഘട്ടത്തിൽ നടക്കുന്ന സാംസ്‌കാരികോത്സവം വേറിട്ടതാവുമെന്നും സംഘടകർ പറഞ്ഞു.
ഖത്തർ മ്യുസിയത്തിന്റെ പിന്തുണയോടെ മാർച്ച് മിയപാർക്കിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെനടക്കുന്ന പാസേജ് ടു ഇന്ത്യ സംസ്‌ക്കാരികോത്സവത്തിൽ ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തവും സ്വദേശികൾ ഉൾപ്പെടെ മറ്റ് വിവിധ രാജ്യക്കാരുടേ പങ്കാളിത്വം ഉറപ്പുവരുത്താൻ പരമാവധി ശ്രമിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ അംബാസിഡർ വിപുൽ പറഞ്ഞു.
സൗജന്യ ഗതാഗത സംവിധാനമുൾപ്പെടെ വിപുലമായ സംവിധാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. എട്ടു ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹം ഇന്ത്യൻ സംസ്‌കാരത്തെ ആഘോഷിക്കുന്ന ഉത്സവമാകും പാസേജ് ടു ഇന്ത്യയെന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു. ഖത്തറിൽ നിന്നുള്ള 100 ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന 'ഫോട്ടോഗ്രാഫി എക്‌സിബിഷനുൾ പ്പെടെ നിരവധി സവിശേഷതകളോടെയാണ് ഇത്തവണ പാസേജ് ടു ഇന്ത്യയുടെ സംഘാടനം. ഇന്ത്യയിൽ നിന്നെത്തുന്ന സംഗീത പ്രതിഭകളുടെ ഖവ്വാലി, കേരളത്തിന്റ പരമ്പരാഗത സംഘനൃത്തമായ മെഗാ തിരുവാതിര, ഉത്തരേന്ത്യയുടെ നൃത്തവിസ്മയമായ ഗർബയുടെ ഗർബമെഗാ 'റാസ് ദണ്ഡിയ' ഖത്തർ ആഭ്യന്തര മന്ത്രാലയം ഡോഗ് സ്‌ക്വാഡിന്റെ ഡോഗ് ഷോ, ലൈവ് മ്യൂസിക്കൽ ഷോ, വാദ്യ അകമ്പടിയായി ചെണ്ടമേളവും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാംസ്‌ക്കാരികോത്സവത്തെ അസ്വാദ്യകരമാക്കും.
ഇന്ത്യയുടെ ഗോട്ട് ടാലന്റ് സീസൺ 3 ഫൈനലിസ്റ്റ്, സ്പീഡ് പെയിന്റർ വിലാസ് നായക് ലൈവ് സ്പീഡ് പെയിന്റിംഗാകും സന്ദർശകരുടെ കൗതുകം.
ആഘോഷത്തിന്റെ ഭാഗമായി ഖത്തറിൽ ദീർഘകാലമായുള്ള വിവിധ മേഖലകളിക്കുള്ള 40 ഇന്ത്യക്കാരെ ആദരിക്കും. 1983 ന് മുമ്പ് ഖത്തറിൽ താമസിച്ചിരുന്നവർ, 1998 ന് മുമ്പ് ഖത്തറിൽ താമസിച്ചിരുന്ന വീട്ടുജോലിക്കാർ, 1993 ന് മുമ്പ് ഖത്തറിൽ താമസിച്ചിരുന്ന ഗാർഹിക തൊഴിലാളികൾ എന്നിവരെയാണ് ആദരിക്കുന്നത്. ഇന്ത്യൻ സംസ്‌കാരവും കലാരൂപങ്ങളും സാംസ്‌കാരിക മാമാങ്കത്തിൽ പ്രദർശിപ്പിക്കും. കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ, ജ്വല്ലറികൾ തുടങ്ങി ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യം പ്രതിപാദിക്കുന്ന വിവിധ പവലിയനുകളും ഇന്ത്യൻ രുചിവൈവിധ്യ പെരുമയുടെ ഭക്ഷണ സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
ഐ.സി.സി അശോക ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകർ ശങ്ക്പാൽ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ നായർ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, മുൻ ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജൻ എന്നിവരും പങ്കെടുത്തു.