ജിദ്ദ- മനുഷ്യൻ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരം നൽകാൻ പര്യാപ്തമായ മതമാണ് ഇസ്‌ലാം. ജീവിതവിജയം നേടുവാൻ എല്ലാ മാർഗ നിർദ്ദേശങ്ങളും ഇസ്‌ലാം നൽകുന്നു. അതിന്റെ ആദ്യപടി മനുഷ്യൻ തന്റെ ജീവിത ലക്ഷ്യം തീരുമാനിക്കലാണ്. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം പരലോക മോക്ഷമായിരിക്കണമെന്നും അതിലൂടെ മാത്രമേ ജീവിത വിജയം കൈവരിക്കാൻ അവന് സാധിക്കുകയുള്ളൂ എന്നും ബഷീർ സ്വലാഹി കൂരാട് ഉത്‌ബോധിപ്പിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ജീവിത പ്രതിസന്ധികൾക്ക് പരിഹാരം എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ ചെയ്യുന്ന തെറ്റുകുറ്റങ്ങളിൽ ഏറ്റവും വലിയ പാപം ശിർക്ക് അഥവാ തന്റെ സ്രഷ്ടാവിൽ പങ്കു ചേർക്കുക എന്നതാണ്. സ്രഷ്ടാവിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സൃഷ്ടികൾക്കും ചെയ്യാൻ കഴിയും എന്ന വിശ്വാസത്തെ ഇസ്‌ലാം ചോദ്യം ചെയ്യുന്നു. അത് കൊണ്ട് തന്നെ സ്രഷ്ടാവ് പൊറുക്കാത്ത പാപമായി ഇസ്‌ലാം ഇതിനെ കാണുന്നു.
ജീവിതത്തിൽ മനുഷ്യൻ അറിവ് നേടൽ അനിവാര്യമാണ്. എന്നാൽ മനുഷ്യൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് അറിവിനെക്കാൾ സമ്പത്തിനെയാണ്. സമ്പത്ത് അവനിൽ നിന്നും നഷ്ടപ്പെട്ടേക്കാം എന്നാൽ അറിവ് അവനിൽ എന്നെന്നും നില നിൽക്കുന്ന ഒന്നാണ്.
മനുഷ്യന്റെ സംതൃപ്ത ജീവിതത്തിന് നാലു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടവായാണ്. ഒന്നാമത്തെത് പ്രാർത്ഥനയാണ് ആരാധനാകർമങ്ങൾ നിർവഹിക്കുന്നതിനോടൊപ്പം തന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്രഷ്ടാവിലേക്ക് സമർപ്പിക്കുന്നതാണ് പ്രാർത്ഥന. രണ്ടാമത്തെ കാര്യം സംതൃപ്തിയാണ്. തനിക്ക് ലഭിച്ച കാര്യങ്ങളിൽ ഭക്ഷണം, പാർപ്പിടം, സ്വന്തം സഹധർമിണി എന്നിവയിലുള്ള സംതൃപ്തി. മൂന്നാമത്തെത് ഉപാധികൾ ഇല്ലാത്ത സ്‌നേഹമാണ്. ഈ സ്‌നേഹം ആദ്യം കാണിക്കേണ്ടത് തന്നെ സൃഷ്ടിച്ചു പരിപാലിച്ച സ്രഷ്ടാവിനോടാണ്. അതോടൊപ്പം തങ്ങളുടെ മാതാപിതാക്കളോടും, ഭാര്യമാരോടും കൂടെ ജോലി ചെയ്യുന്നവരോടും കൂടെ ഒന്നിച്ച് താമസിക്കുന്നവരോടുമാണ്. മറ്റൊന്ന് ക്ഷമയാണ്. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും കോപത്തെ അടക്കി നിർത്തുക യും ക്ഷമ പാലിക്കുകയും ചെയ്യുക. ഒരു മനുഷ്യന്റെ ജീവിതത്തിന് ഇസ്‌ലാം നൽകുന്ന ഈ മാർഗ്ഗനിർദ്ദേശങ്ങളെല്ലാം പാലിക്കുന്നവർ ജീവിതവിജയം നേടുന്നവരായിരിക്കും. ബഷീർ സ്വലാഹി കൂരാട് സദസ്യരെ ഉത്‌ബോധിപ്പിച്ചു. അബ്ബാസ് ചെമ്പൻ സ്വാഗതമാശംസിച്ച പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് നന്ദി പറഞ്ഞു.